
ഫ്രാൻസിലെ ഐഫിൽ ടവർ പോലെ പ്രത്യേക ബഡ്ജറ്റ് സപ്പോർട്ടോടു കൂടി കൊച്ചി ഹാർബർ പാലവും സംരക്ഷിക്കപ്പെടണം
കൊച്ചിയുടെ പൈതൃക സ്മാരകമായ പുരാതന ഹാർബർ പാലം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഫ്രാൻസിലെ ഐഫിൽ ടവർ പോലെ പ്രത്യേക ബഡ്ജറ്റ് സപ്പോർട്ടോടു കൂടി കൊച്ചി ഹാർബർ പാലവും സംരക്ഷിക്കപ്പെടണം.
ഞങ്ങളുടെ ഇടവകപ്പള്ളി – കൊച്ചി -തോപ്പുംപടി സെയിന്റ് സെബാസ്റ്റിൻസ് ദൈവാലയവും ഹൈസ്ക്കൂളും ഈ പാലത്തിനടുത്തു തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഞങ്ങളുടെ സ്ക്കൂൾ ദിനങ്ങളിൽ 1950- 60 കാലഘട്ടത്തിൽ സ്ക്കൂൾ പരിസരത്തു നിന്നു ഞങ്ങൾ പാലം പൊക്കുന്ന ഈ ദൃശ്യത്തിന് സാക്ഷികളായിട്ടുണ്ട്. കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണുമാന്തി കപ്പലുകളായിരുന്നു അക്കാലത്ത് (ഈ പാലം പൊക്കി ) – അതിനടിയിൽക്കൂടി തെക്കുഭാഗത്തേക്ക് വേമ്പനാട്ടുകായലിലൂടെ കടന്നുപോയിരുന്നത്.
ഈ മണ്ണുമാന്തിക്കപ്പലുകൾ (ഡ്രെഡ്ജറുകൾ) ഉപയോഗിച്ചാണ് ഇപ്പോഴുള്ള നേവൽ ബേസിന്റെ തെക്കുഭാഗം ഡ്രഡ്ജ് ചെയ്ത് നികർത്തിയെടുത്ത് സതേൺ നേവൽ കമാന്റിന്റെ ഭാഗമാക്കിയത്.
ചരിത്ര പ്രസിദ്ധമായ വെണ്ടുരുത്തി ഇടവക ദേവാലയവും ( വരാപ്പുഴ അതിരൂപത ) ഇടവകക്കാർ താമസിക്കുന്ന വാത്തുരുത്തി പ്രദേശവും ഇതിനു മുമ്പേ തന്നെ ഉണ്ടായിരുന്നു.
കൊച്ചിയുടെ ചരിത്രത്തിലെ നാഴികക്കലുകളായി ഈ പ്രദേശം നിലകൊള്ളുന്നു.
ഫ്രാൻസിലെ ഐഫൽ ടവർ കാത്തുസൂക്ഷിക്കുന്നതു പോലെ ഈ പാലവും ഒരു അപൂർവ്വ സമ്പത്തായി കാത്തുസൂക്ഷിക്കേണ്ടതാണ്. ഇപ്പോൾ അധികാരികൾ ആരും ഈ അപൂർവ്വ നിധി ശ്രദ്ധിക്കുന്നില്ല എന്നത് ദുഃഖകരമാണ്.
കൊച്ചിയുടെ പുരാതന ടൂറിസ്റ്റ് attraction ആയ ഈ ഹാർബർ പാലം പൊളിഞ്ഞു വീഴുമ്പോൾ ഞെട്ടുവാ നും അനുശോചനം രേഖപ്പെടുത്തുവാൻ വേണ്ടി മാത്രം അധികാരത്തിലുള്ളവർ കടന്നു വന്നാൽ പോരാ!
കഷ്ടമെന്നു പറയട്ടെ ഈ ചരിത്രസ്മാരകം പരിപാലിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആണോ , സംസ്ഥാന സർക്കാരാണോ എന്ന തർക്കത്തിനിടയിൽ ഈ പാലം പൊളിഞ്ഞ് കായലിൽ വീണാലും അത്‌ഭുതപ്പെടാനില്ല.
ചരിത്ര-സാമ്പത്തിക പ്രാധാന്യമുള്ള ഒരു സർക്കാർ അഥോറിറ്റിയുടെ കീഴിൽ ഈ സ്മാരകം പരിപാലിച്ച് സൂക്ഷിക്കേണ്ടതാണ്. അതിനായി കൊച്ചി ബിനാലെ മോഡൽ സ്വീകരിക്കുന്നതും ചരിത്രത്തോടു ചെയ്യുന്ന നീതി മാത്രമായിരിക്കും.

അഡ്വ ജോസി സേവ്യർ ,
തോപ്പുംപടി, കൊച്ചി