
കൊച്ചി മെട്രോയുടെ പുതിയ യാത്ര ആരംഭിക്കുന്നു – ഇൻഫോപാർക്കിലേക്ക് ഓടിയെത്തുന്നു!
ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഒന്നാംഘട്ടം പൂർത്തിയായതോടെ, രണ്ടാംഘട്ടമായ പിങ്ക് ലൈൻ (കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെ) അതിവേഗം യാഥാർഥ്യമാകാൻ ഒരുങ്ങുകയാണ്.
കേരളം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ 11.2 കിലോമീറ്റർ പാത, 2026 ജൂണിൽ ആദ്യ അഞ്ച് സ്റ്റേഷനുകൾ (ജെ.എൽ.എൻ സ്റ്റേഡിയം, പാലാരിവട്ടം ജംഗ്ഷൻ, ആലിന്ചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ) പ്രവർത്തനക്ഷമമാക്കാനാണ് കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. 2026 ഡിസംബറോടെ ഇൻഫോപാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളും (സിവിൽ സ്റ്റേഡിയം ജംഗ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, സ്മാർട്ട് സിറ്റി) പൂർത്തിയാക്കി സർവീസ് ആരംഭിക്കും. പ്രതിമാസം 15 മുതൽ 20 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഈ പാത, പതിനായിരക്കണക്കിന് ഐ.ടി ജീവനക്കാരുടെ യാത്ര എളുപ്പമാക്കും.
ജെ.എൽ.എൻ സ്റ്റേഡിയത്തിൽ നിന്ന് തൃപ്പൂണിത്തുറയിൽ നിന്ന് എത്തുന്നവർക്ക് നേരിട്ട് ഇൻഫോപാർക്കിലേക്കുള്ള ട്രെയിൻ ലഭ്യമാകും, മാത്രമല്ല ആലുവ റൂട്ടിൽ നിന്ന് എത്തുന്നവർക്ക് സ്റ്റേഡിയത്തിൽ ഇറങ്ങി പിങ്ക് ലൈനിൽ മാറി യാത്ര തുടരാം. നിർമാണം അതിവേഗത്തിലാണ് – 2018 പൈലുകളിൽ 1004 സ്ഥാപിച്ചു, 469 പൈൽ ക്യാപ്പുകളിൽ 110 പൂർത്തിയായി, 38 പിയറുകളും ആറ് പിയർ ക്യാപ്പുകളും തയ്യാറ്. 10 ദിവസത്തിനകം ഗർഡറുകൾ ബന്ധിപ്പിക്കുന്ന പണിയും ആരംഭിക്കും. കലമശ്ശേരിയിൽ പ്രീഫാബ് രീതിയിൽ 490 യുണിറ്റ് ഗർഡറുകളിൽ 78എണ്ണം 543 ഐ ഗർഡറുകളിൽ 59എണ്ണവും പൂർത്തിയായി.
മൂന്നാംഘട്ടമായ ആലുവ-നെടുമ്പാശ്ശേരി വിമാനത്താവള പാതയുടെ പഠന റിപ്പോർട്ട് തയ്യാറാക്കാൻ കമ്പനി നിയോഗിച്ചിട്ടുണ്ട്, ആറ് മാസത്തിനകം റിപ്പോർട്ട് ലഭിക്കും. ഇത് യാഥാർഥ്യമായാൽ വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാകും, വിദേശത്ത് നിന്നെത്തുന്നവർക്ക് മെട്രോയിൽ കയറി നഗരത്തിലെത്താം. എന്നാൽ, നിർമാണ മേഖലകളിൽ ഗതാഗത കുരുക്ക് രൂക്ഷമാണ് – റോഡിന്റെ വീതി കുറഞ്ഞതോടെ വലിയ വാഹനങ്ങൾ വരുമ്പോൾ ചെറു വാഹനങ്ങൾക്ക് പ്രയാസവും, ബൈക്കുകൾ ഫുട്പാത്തിലൂടെ ഓടുന്നതും പതിവ്. വൈകീട്ടും രാവിലെയും തിരക്കേറിയ സമയങ്ങളിൽ നീണ്ട വാഹനനിരകൾ കാണാം, കാൽനട യാത്രക്കാർക്ക് ഇരട്ടി ദുരിതം.