വിവാദ ക്യാമറ കരാറുമായി ബന്ധപ്പെട്ട് എന്താണ് നമുക്ക് ഇത് വരെ അറിയാവുന്നത് എന്ന് നോക്കാം.

Share News

സ്വർണ്ണക്കടത്ത് സംഭവത്തിൽ സംഭവിച്ചത് പോലെ തന്നെ, മുഖ്യമന്ത്രിയുമായി ബന്ധമുള്ള ചിലർ അഴിമതി കാണിച്ചു എന്നതിന്റെ പേരിൽ, ആ അഴിമതി നടത്തിയെന്ന് തെളിവ് ഉള്ളവരെ അവഗണിച്ച്, മുഖ്യമന്ത്രിയുടെ നേരെ ആരോപണം ഉന്നയിക്കുകയാണ് പ്രതിപക്ഷം. പക്ഷെ അന്നും, ഇന്നും കേരളത്തിലെ ഏറ്റവും ജനസമ്മതനായ രാഷ്ട്രീയ നേതാവ് മുഖ്യമന്ത്രി തന്നെയാണ്, അതുകൊണ്ട് കൃത്യമായ തെളിവുകൾ ഇല്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആ ആരോപണങ്ങൾ ഏശുകയില്ല എന്ന് മാത്രമല്ല, യഥാർത്ഥ പ്രതികൾ ആ പുകമറയുടെ പിന്നിൽ ഒളിക്കും. കുറച്ചു ദിവസം കഴിയുമ്പോൾ ഈ ആരോപണങ്ങൾ മാധ്യമങ്ങളും, ജനങ്ങളും മറക്കും. യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും ചെയ്യും.

വിവാദ ക്യാമറ കരാറുമായി ബന്ധപ്പെട്ട് എന്താണ് നമുക്ക് ഇത് വരെ അറിയാവുന്നത് എന്ന് നോക്കാം. ധനകാര്യ വകുപ്പ് എതിർത്ത ഒരു കരാർ, മന്ത്രിസഭയുടെ അംഗീകാരത്തോടെ ട്രാൻസ്‌പോർട് വകുപ്പ് കെൽട്രോണിന് നൽകുന്നു. ഈ ഓർഡർ ട്രാസ്പോർട്ട് കമ്മീഷണർ ആണ് ഒപ്പു വച്ചത്. യാതൊരു ഡ്യൂ ഡിലിജന്സും ചെയ്യാതെ ആ ഓർഡറിൽ അന്നത്തെ ട്രാൻസ്‌പോർട് കമ്മീഷണർ വെറുതെ ആണ് ഒപ്പിട്ടത് എന്ന് അവർ തന്നെ സമ്മതിച്ചതാണ്. ഇത് പൊതുമണ്ഡലത്തിലുള്ള രേഖകൾ കൊണ്ട് തെളിയിക്കാം എന്നാണ് എനിക്ക് മനസ്സിലാവുന്നത്.

കെൽട്രോൺ ധാരാളം തിരിമറികൾ നടത്തി, തുക കൂട്ടി കാണിച്ച് ഈ കരാർ കൈവശപ്പെടുത്തുന്നു. ആദ്യം മുതൽ കെൽട്രോൺ ഈ വിഷയത്തിൽ പരസപര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.

ഈ കരാറിന്റെ യഥാർത്ഥ സത്യങ്ങൾ ഇനിയും അന്വേഷണത്തിലൂടെ പുറത്തു വരേണ്ടിയിരിക്കുന്നു. എന്നാലും ഇതെല്ലാം രേഖകൾ കൊണ്ട് തെളിയിക്കാം എന്നാണ് എനിക്ക് മനസ്സിലാവുന്നത്. കെൽട്രോൺ ഈ കരാർ മാനദണ്ഡങ്ങൾ ലംഘിച്ച് ഉപകരാർ ആയി ശോഭ ബിൽഡേഴ്സിന്റെ ബന്ധപ്പെട്ട ശോഭ റെനൈസ്സൻസ് എന്ന SRIT എന്ന കമ്പനിയെ ഏല്പിക്കുന്നു.

ഈ കമ്പനിക്ക് പ്രസ്തുത കരാർ നടത്താൻ ടെക്‌നിക്കലോ, ഫിനാൻഷ്യലോ ആയ കഴിവില്ല എന്ന് മാത്രമല്ല, ഇത് കെൽട്രോണിന് അറിയുകയും ചെയ്യാമായിരുന്നു. SRIT ട്രോയ്‌സ് ഇൻഫോടെക്കിനെയും, മീഡിയട്രോണിക്സിനെയും കാണിച്ചു ഉപകരാർ നേടി. SRIT ഈ ഉപകരാർ പിന്നീട് പ്രസാഡിയോയെ ഏൽപ്പിച്ചു. അവർക്കും ഈ മേഖലയിൽ കഴിവ് ഇല്ലാത്തവർ തന്നെ. ഇതും പൊതുമണ്ഡലത്തിലുള്ള രേഖകൾ കൊണ്ട് തെളിയിക്കാം എന്നാണ് എനിക്ക് മനസ്സിലാവുന്നത്.

SRIT പിന്നീട് അൽഹിന്ദ് ഗ്രൂപ്പ്, ലൈറ്റ് മാസ്റ്റർ എന്നീ കമ്പനികളെയും, പിന്നീട് ഇസെന്ററിക് സോലുടനെയും കൂട്ട് പിടിച്ചു. ടെക്‌നിക്കലും, അല്ലാത്തതും ആയ എല്ലാ ഗൂഡ്‌സും സർവീസസും, നൽകാൻ കൂടാതെ എല്ലാ വെണ്ടർ മാനേജ്മെന്റും നടത്താൻ ഇസെന്ററികുമായി കരാറിൽ ഏർപ്പെട്ടു. ഇവർ കേരളത്തിലെ പൊതുനിരത്തുകളിൽ ക്യാമറ സ്ഥാപിച്ചു.

ഇതിന് പൊതുമരാമത്തു വകുപ്പ് അനുവാദം കൊടുത്തിരുന്നോ? ഇവർക്ക് കിട്ടിയ കരാർ മൊത്തം കരാർ തുകയുടെ ഒരു ചെറിയ ശതമാനം കൊണ്ട് തീർക്കും എന്നാണ് അവകാശപ്പെടുന്നത്. ഇതും പൊതുമണ്ഡലത്തിലുള്ള രേഖകൾ കൊണ്ട് തെളിയിക്കാം എന്നാണ് എനിക്ക് മനസ്സിലാവുന്നത്.

അതിനു ശേഷമാണ് കൃത്യതയില്ലാത്ത വിവരങ്ങൾ. ഒമാനിൽ ബിസ്സിനസ്സ് ചെയ്യുന്ന ഒരു പ്രകാശ് ബാബുവിന്റെ ബിനാമിയാണ് പ്രസാഡിയോ ഉടമ രാംജിത്, പ്രസാഡിയോയുടെ ലാഭം ഇദ്ദേഹത്തിന് പോവുന്നു എന്നതുമാണ് ഒരു ആരോപണം. ഇന്നത്തെ സ്ഥിതിക്ക് ഇത് വെറും ആരോപണം മാത്രമാണ്.

ആരും ആധികാരികമായി ഇത് തെളിയിച്ചിട്ടില്ല. പ്രകാശ് ബാബു മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛനാണ് എന്നാണ് അടുത്തത്. അത് സത്യമാവാം, പക്ഷെ പ്രകാശ് ബാബു തെറ്റ് ചെയ്തു എന്ന് ആർക്കും തെളിവില്ല. അഥവാ തെറ്റ് ചെയ്തെന്നു തെളിയിച്ചാൽ കൂടി, അതെങ്ങിനെയാണ് മുഖ്യമന്ത്രിയുടെ പ്രശ്നം ആവുന്നത്?

അത് ആവണമെങ്കിൽ മുഖ്യമന്ത്രി ഈ കരാറുകൾ നടത്താൻ കൈവിട്ട് എന്തെങ്കിലും ചെയ്തു എന്ന് തെളിയിക്കണം. അല്ലെങ്കിൽ അഴിമതിയുടെ പങ്കു പറ്റണം. അതിന്റെ ഒരു സൂചന പോലുമില്ല.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ, മുഖ്യമന്ത്രിക്ക് ഈ കരാറിൽ എങ്ങിനെയാണ് ബന്ധം? ആ ആരോപണ ചങ്ങല നമുക്ക് നോക്കാം.

1. കരാർ കൊടുത്തത് ട്രാൻസ്‌പോർട് വകുപ്പ്.

2. കരാർ നേടിയത് കെൽട്രോൺ,

3. ഉപകരാർ നേടിയത് SRIT മുൻനിന്ന്.

4. SRITയുമായി പ്രസാഡിയോ കരാറിൽ ഏർപ്പെട്ടു.

5. പ്രസാഡിയോയുടെ ഉടമ റാംജിത് ആണ്.

6. ഒമാനിലുള്ള ബിസിനസ്സ് കാരനായ പ്രകാശ് ബാബു മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛനാണ്.

7. പ്രകാശ് ബാബുവിന്റെ ബെനാമിയാണ് റാംജിത്

8. പ്രകാശ് ബാബുവിന് പ്രസാഡിയോയുടെ അഴിമതി ലാഭം കിട്ടി.

9. മുഖ്യമന്ത്രി പ്രകാശ്ബാബുവിന് അറിഞ്ഞു കൊണ്ട് വഴിവിട്ട സഹായം ചെയ്തു കൊടുത്തു. ഇവിടെ 1, 2, 3, 4, 5, കൂടി വന്നാൽ 6, പ്രകാശ് ബാബുവും മുഖ്യമന്ത്രിയുമായുള്ള സ്വകാര്യ ബന്ധവും തെളിയിക്കാം. പക്ഷെ അതെങ്ങിനെ മുഖ്യമന്ത്രിയെ തെറ്റുകാരനാക്കും? അത് വേണമെങ്കിൽ ഏറ്റവും കുറഞ്ഞ പക്ഷം 7, 8, 9 തെളിയിക്കണം. വെറും ആരോപണമല്ലാതെ മറ്റൊന്നും ഇതിന് പുറകിൽ ഇത് വരെ ഇല്ല.

ഇതാണ് പ്രശ്നം. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഉദ്ദേശം എന്ന് തോന്നുന്ന വിധത്തിൽ ആരോപണ ചങ്ങലയുടെ തീവ്രമായ ആദ്യത്തെ കണ്ണികൾ അവഗണിച്ച്, ചങ്ങലയുടെ ഏറ്റവും ദുര്‍ബ്ബലമായ അവസാനത്തെ കണ്ണിയിൽ തൂങ്ങി കിടക്കുകയാണ് പ്രതിപക്ഷം.

അഴിമതി തടയുക എന്ന ഉദ്ദ്വേശമാണെങ്കിൽ, ഇവർ എന്താണ് ചങ്ങലയുടെ ആദ്യ കാണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തത്? അഴിമതി പുറത്തു കൊണ്ടുവരാൻ Follow the money എന്ന അടിസ്ഥാന തത്വം എന്തിനാണ് അവഗണിക്കുന്നത്?

നിഷ്പക്ഷമായി ചിന്തിച്ചാൽ, ഇതിൽ യഥാർത്ഥ ഒന്നാം പ്രതി കെൽട്രോൺ ആണ് എന്നത് പകൽ പോലെ വ്യക്തം. ഈ കരാറിൽ മാത്രമല്ല, ഇവർ ഇടപെട്ട മിക്കവാറും എല്ലാ കരാറുകളും ഇങ്ങനെയാവാനാണ് വഴി.

അടിയന്തിരമായി കെൽട്രോണിനെ എല്ലാ സർക്കാർ കാരാറുകളിൽ നിന്നും ബ്ലാക്ക് ലിസ്റ്റ് ചെയ്യുക. കൂടാതെ കഴിഞ്ഞ 15 വർഷമെങ്കിലും ഇവർ സർക്കാരിന് വേണ്ടി ചെയ്ത കരാറുകൾ അന്വേഷണ വിധേയമാക്കുക.

കെൽട്രോണിന്റെ തലപ്പത്തിരിക്കുന്ന എല്ലാവരെയും അടപടലം അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യുക. ഇതെന്താണ് പ്രതിപക്ഷം ആവശ്യപ്പെടാത്തത്?

പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയുടെ പുറകെ തെളിവില്ലാത്ത ആരോപണവുമായി നടക്കുന്ന സമയം കെൽട്രോൺ എന്തൊക്കെ തെളിവുകൾ നശിപ്പിക്കുകയും, ഉണ്ടാക്കുകയും ചെയുന്നു?

മാത്രമല്ല SRIT, പ്രസാഡിയോ, ട്രോയ്‌സ് എന്നീ കമ്പനികളെയും അന്വേഷണവിധേയമായി ബ്ലാക്ക് ലിസ്റ്റ് ചെയ്യുക. ഇവരെ പൂർണ്ണമായ അന്വേഷണത്തിന് വിധേയമാക്കുക. ഈ കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികൾ ഇടപാട് നിന്നിട്ടുള്ള എല്ലാ കരാറുകളും ഓഡിറ്റ് ചെയ്യുക. ഇതും എന്താണ് പ്രതിപക്ഷം ആവശ്യപ്പെടാത്തത്?

പ്രതിപക്ഷത്തിനെ സംബന്ധിച്ചിടത്തോളം കേരളാ സർക്കാർ വകുപ്പുകളും, പൊലീസിലെ ഉന്നതരും ഇടപെട്ട ആരോപണം ആയതുകൊണ്ട് കേരളത്തിലെ ഏജൻസികൾ അന്വേഷിക്കുന്നതിൽ വിശ്വാസ്യത പോരാ എങ്കിൽ എന്ത്കൊണ്ട് സിബിഐ പോലെ ഒരു കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നില്ല?

മുഖ്യമന്ത്രിയോ, അദ്ദേഹത്തിന്റെ അടുപ്പത്തിലുള്ളവരോ ഉൾപ്പെടെ ആരൊക്കെ കക്ഷികളാണെങ്കിലും ശരിയായ അന്വേഷണം അതു പുറത്തു കൊണ്ടുവരുമല്ലോ. ജുഡീഷ്യറി സർക്കാരിന്റെ കുറ്റാന്വേഷണ വകുപ്പല്ല, ഇനിയും തെളിഞ്ഞിട്ടില്ലാത്ത, ഇനിയും വിവരങ്ങൾ പുറത്തുവന്നിട്ടില്ലാത്ത ഒരു കേസിൽ ജുഡീഷ്യൽ അന്വേഷണത്തിന്റെ പ്രസക്തി ഇവിടെ എനിക്ക് മനസിലാകുന്നില്ല.

അതുകൊണ്ട് കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ കാര്യം വീണ്ടും പറയുന്നു. എല്ലാ കാര്യത്തിലും ലക്ഷ്യവും, മാർഗ്ഗവും പോലെ ഉദ്ദേശവും പ്രധാനമാണ്.

പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണോ, ജനനന്മക്ക് വേണ്ടിയാണോ എന്നത് പ്രധാനമാണ്. അതനുസരിച്ച് അവർ പിന്തുണ കൊടുക്കുകയോ, കൊടുക്കാതിരിക്കുകയോ ചെയ്യും.

Tony Thomas

Share News