കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.

Share News

കാലം 2001. അതായത് 20 വർഷം മുൻപ്.

മലയാള മനോരമയിലെ ട്രെയിനി ഫൊട്ടോഗ്രഫറായ ഞാൻ കോട്ടയം അതിരമ്പുഴ പള്ളി പെരുന്നാളിന്റെ പ്രദക്ഷിണ ചിത്രം എടുക്കാൻ കമ്പനി വക പേരെഴുതി നെറ്റിയിൽ ചാർത്തിയിട്ടുള്ള ജീപ്പിൽ എത്തുന്നു.

പള്ളിയുടെ മുന്നിൽ കുറച്ച് ദൂരത്തായി അത്യാവശ്യം വലിയൊരു മതിലുണ്ട്. ഇതിൽ കയറിയാൽ പശ്ചാത്തലത്തിൽ പള്ളിയും മുന്നിൽ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരെയും കാണാം.

മതിലിനു മുകളിൽ നിന്ന് കുറച്ച് ചിത്രമെടുത്തശേഷം താഴേക്കിറങ്ങാം എന്ന് കരുതി നിൽക്കുമ്പോഴതാ ജനക്കൂട്ടത്തിനിടയിൽ ഉയർത്തിപ്പിടിച്ച ഒരു കയ്യും ക്യാമറ എന്റെ നേർക്ക് വരുന്നു.

വലിയ തിരക്കും സായാഹ്നത്തിലെ വെളിച്ചക്കുറവും മൂലം അടിയിലെ ആളെ വ്യക്തമാകുന്നില്ല, എങ്കിലും പത്രക്കാർ ആരെങ്കിലുമാകും മതിലിൽ കയറാൻ ആളെ സഹായിക്കാം എന്നുകരുതി അവിടെത്തന്നെ നിന്നു. പ്രതീക്ഷിച്ചപോലെ തന്നെ ആൾ അടുത്തെത്തി; ദീപികയിലെ ജോസേട്ടൻ.

തൊടുപുഴയിൽ മാതൃഭൂമിക്കാരനായി ഞാൻ നിറഞ്ഞാടുന്ന കാലത്ത് ചില അവസരങ്ങളിൽ ജോസേട്ടനും കോട്ടയത്തുനിന്നും അവിടെ ചിത്രമെടുക്കാനെത്തുമ്പോഴുള്ള പരിചയം ചിരിയിലൂടെ പുതുക്കി.

ടൈറ്റ് പാന്റ്സ് ധരിച്ചു ടക് ഇൻ ചെയ്ത പുള്ളിക്കാരനെ എങ്ങനെ മതിലിൽ കയറ്റും എന്ന ചിന്തയിൽ നിൽക്കുമ്പോൾ ‘മാനേ ഇതിലൂടെ ഒന്ന് ഞെക്കിയേരെ’ എന്നു പറഞ്ഞ് ക്യാമറ എന്റെ നേർക്ക് നീട്ടി.

ഫിലിം കാലഘട്ടമാണ്, എന്റെ ക്യാമറയിലെ ഫിലിം 400 ഐഎസ്ഒ ഉള്ളതാണ് ജോസേട്ടന്റെ ക്യാമറയിൽ ഏതാണ് ഇട്ടിരിക്കുന്നതെന്ന് ചോദിച്ചു. അതിനനുസരിച്ചു അപ്പർച്ചർ ക്രമീകരിച്ചില്ലെങ്കിൽ ചിലപ്പോൾ പണി പാളിയേക്കാം. പുള്ളി മതിലിനുതാഴെ നിന്ന് എന്തോ പറഞ്ഞു.

ചെണ്ടമേളത്തിനും ബാൻഡുമേളത്തിനും പള്ളിയിലെ കൂട്ട മണിയടിക്കും ജനങ്ങളുടെ ആരവത്തിനുമിടയിൽ അദ്ദേഹത്തിന്റെ പ്രത്യേക ശബ്ദത്തിൽ കോണിക്കയെന്നോ മറ്റോ മാത്രമേ എനിക്ക് കേൾക്കാൻ കഴിഞ്ഞുള്ളു. ഏകദേശം 200 ഐഎസ്ഒ ഫിലിമെന്ന ധാരണയിൽ ചിത്രം എടുത്തു മതിലിനു താഴേക്ക് ചാടി.

അതിനിടെ കേരള കൗമുദിയിലെ ഫൊട്ടോഗ്രഫറും എത്തി, അദ്ദേഹം എന്നെ ജോർജുകുട്ടി എന്ന് അഭിസംബോധന ചെയ്തത് ജോസേട്ടന് അത്ര പിടിച്ചില്ല. ‘എടാ ജോർജു കുട്ടിയല്ല… ജോസ്‌കുട്ടി, എന്റെ അതേ പേര് തന്നെ’ പുള്ളി തിരുത്തി.

തിരികെ പോരുമ്പോൾ എന്റെ ഒപ്പം കോട്ടയത്തേക്ക് വരുന്നെന്ന് പിന്നാലെ കൂട്ടിച്ചേർത്തു. മറ്റു പത്രക്കാരെ കമ്പനി വാഹനത്തിൽ കയറ്റിയാൽ ഡ്രൈവർ ഇത് പ്രശ്നമാക്കി ഓഫിസിൽ അവതരിപ്പിക്കുമോയെന്നുള്ള പേടി ഒരു ട്രെയിനിയെന്നുള്ള നിലയിൽ പെട്ടെന്ന് മനസിലൂടെ കടന്നുപോയി.

ഇതു മനസിലാക്കിയിട്ടെന്നോണം ജോസേട്ടൻ പറഞ്ഞു ഞങ്ങൾ വിക്ടറിന്റെ കൂടെ എത്രയോ സ്ഥലത്തുനിന്നും മടങ്ങിയിരിക്കുന്നു ഇനി നമുക്ക് ഒന്നിച്ച് എത്രത്തോളം സ്ഥലങ്ങളിൽ നിന്നും മടങ്ങാനുള്ളതാണെന്ന്..

. അതിൽ വിക്ടർ അതേവർഷം ജൂലൈ മാസം നിത്യതയിലേക്ക് മടങ്ങി. ഇപ്പോൾ ഇതാ ജോസേട്ടനും. കുറച്ചു കാലയളവിലേ കോട്ടയത്ത് ജോലി ചെയ്യാൻ കഴിഞ്ഞുള്ളുവെങ്കിലും ജോസേട്ടന്റെ തമാശകൾ പത്ര ഫൊട്ടോഗ്രഫർമാർക്കിടയിൽ വളരെ പരിചിതമായിരുന്നു.

കാലത്തെ നിശ്ചലമാക്കി തന്റെ ക്യാമറയിൽ പതിപ്പിച്ച ഓരോ ജോസേട്ടൻ ദൃശ്യങ്ങളും ഇനി സംസാരിക്കട്ടെ.

പ്രണാമം.

Josekutty Panackal

(PhotoJournalist)

Share News