
ലൈഫ് മിഷന്‍ വിവാദം: ഫയലുകള്‍ വിളിപ്പിച്ച് മുഖ്യമന്ത്രി, യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈഫ് മിഷന്‍ വിവാദത്തിൽ റെഡ് ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി തിരികെ വിളിപ്പിച്ചു. അതേ സമയം,ലൈഫ് മിഷൻ പദ്ധതി സിഇഒ യു വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ലൈഫ് മിഷന്‍ ധാരണാപത്രത്തില്‍ സര്‍ക്കാരിനുവേണ്ടി ഒപ്പുവച്ചത് യു വി ജോസാണ്. ബന്ധപ്പെട്ട രേഖകളും ഇഡിക്കു മുന്നില്‍ ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.
ലൈഫ് മിഷന്‍ വിവാദം ശക്തമായതോടെയാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ നടപടി.
നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദ്ദേശഭരണ വകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു വകുപ്പുകളില്‍ നിന്നും മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്.
കൂടാതെ ഇതുമായി ബന്ധപ്പെട്ട്, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്നാണ് സൂചന. ലൈഫ് മിഷന്‍ പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വപ്നക്ക് കമ്മീഷന്‍ നല്‍കിയതായി യുണിടെക് നിര്‍മ്മാണക്കമ്ബനിയുടമ സന്തോഷ് ഈപ്പന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.