മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം.

Share News

മാതാവോ, പിതാവോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്‌നേഹപൂര്‍വം. ഇത്തരം കുട്ടികള്‍ അനാഥാലയങ്ങളില്‍ എത്തപ്പെടാതെ അവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണത്തില്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടിക്കൊടുക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശം.

സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷണല്‍ ക്ലാസുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ ധനസഹായമായാണ് തുക അനുവദിക്കുന്നത്. 5 വയസിനു താഴെയുള്ള കുട്ടികള്‍ക്കും, 1 മുതല്‍ 5 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കും പ്രതിമാസം 300 രൂപ, 6 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ, 11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 750 രൂപ,ഡിഗ്രി,പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് പ്രതിമാസം 1000രൂപ എന്നിങ്ങനേയാണ് പ്രതിമാസ ധനസഹായം അനുവദിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ മേഖലയിലെ ഐ.ടി.ഐ, പോളിടെക്‌നിക്കുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി നിലവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സ്‌നേഹപൂര്‍വം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് പ്രതിമാസം 750 രൂപ വീതമാണ് ധനസഹായം അനുവദിക്കുന്നത്.

സ്‌നേഹപൂര്‍വം പദ്ധതിയ്ക്ക് 12.20 കോടിയുടെ ഭരണാനുമതി നല്‍കി. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുളള എച്ച്.ഐ.വി, എയ്ഡ്‌സ് ബാധിതരായ കുട്ടികളെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 70,000 ത്തോളം കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഈ പദ്ധതിയ്ക്കായി 90.83 കോടി രൂപയാണ് ചെലവഴിച്ചത്.

കെ കെ ഷൈലജ ടീച്ചർ

Share News