മെട്രോ നഗരമായ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവ് വോക്ക്-വേ രാത്രികാലങ്ങളിൽ അടച്ചിടേണ്ടി വരുന്നത് പോലീസിന്റെ വീഴ്ച : ടി.ജെ വിനോദ് എം.എൽ.എ

Share News

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പ് വരുത്തേണ്ടത്. രാത്രി കാലങ്ങളിൽ മറൈൻ ഡ്രൈവ് വോക്ക് വേ ലഹരി -കൊട്ടേഷൻ സംഘങ്ങളുടെ പിടിയിലാവാൻ കാരണം പോലീസും എക്സൈസ് വകുപ്പും കാണിക്കുന്ന അലംഭാവം മാത്രമാണ്. ലഹരി സംഘങ്ങളെ തടയാൻ കഴിയാത്ത പോലീസ് തങ്ങളുടെ ദൗർബല്യം മറച്ചു വയ്ക്കാൻ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോൾ ചെയുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിനു നൈറ്റ് ലൈഫ് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് എന്നത് തിരിച്ചറിയണം. ഒരു ഭാഗത്ത് മെട്രോ സിറ്റി എന്ന നിലനിലയിൽ നൈറ്റ് ലൈഫ് ഉൾപ്പടെയുള്ള ജീവിത സൗകര്യങ്ങൾക്കായി ശ്രമങ്ങൾ തുടരുമ്പോഴാണ് ഇത്തരത്തിൽ പിന്നോട്ടടിക്കുന്ന നടപടികൾ ഉണ്ടാവുന്നത്. സുരക്ഷിതമായ രീതിയിൽ രാത്രി ജീവിതം ആസ്വദിക്കാൻ പൊതു ജനങ്ങൾക്ക് അവസരം ഒരുക്കേണ്ട പോലീസും നഗരസഭ അധികൃതരും തന്നെ അത് തടയുന്നത് തങ്ങളുടെ വീഴ്ചകൾ മറച്ചു വയ്ക്കാൻ തന്നെയാണ് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങളുടെ തത്സമയ പരിശോധന, കൃത്യമായ പോലീസ് – എക്സൈസ് പട്രോളിംഗ്, ഡ്രോൺ നിരീക്ഷണം ഉൾപ്പടെയുള്ള ഒട്ടേറെ പരിഹാര മാർഗങ്ങൾ നിലവിൽ ഉള്ളപ്പോഴാണ് ഈ അപരിഷ്കൃതമായ നടപടി. പൊലീസിനും എക്സൈസിനും രാത്രികാല പട്രോളിംഗിന് സ്റ്റേഷനുകളിൽ ആവശ്യത്തിന് സേന ബലമില്ല എങ്കിൽ റിസർവ് പോലീസ് ക്യാമ്പുകളിലെ പൊലീസുകാരെ ഉപയുക്തമാകാനുള്ള നടപടി സിറ്റി പോലീസ് കമ്മിഷണർ സ്വീകരിക്കണം.

എന്ത് തന്നെയായാലും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള ഈ അടച്ചിടൽ നടപടി ഉടൻ പിൻവലിക്കേണ്ടതാണ്. കൂടാതെ ഇത്തരത്തിൽ പൊതുജങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമായി അധികാരികൾ തീരുമാനിക്കുന്നത് എന്ത് അധികാരത്തിലാണ് എന്നും, ജനപ്രതിനിധിയായ തന്നോട് പോലും ആലോചിക്കാതെയാണ് ഈ തീരുമാനം കൈകൊണ്ടത് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

Share News