
ഡൽഹി ആരോഗ്യമന്ത്രി അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ൻ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) സത്യേന്ദർ ജെയ്നിനെ അറസ്റ്റു ചെയ്തത്. ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സത്യേന്ദർ ജെയ്നിനെതിരെ മൊഴിയുണ്ടെന്ന് ഇഡി വ്യക്തമാക്കി. അരവിന്ദ് കേജരിവാൾ സർക്കാരിലെ മന്ത്രിയായ സത്യേന്ദർ ജെയ്നിന് 2015-16 കാലയളവിൽ കോൽക്കത്ത ആസ്ഥാനമായുള്ള ഒരു സ്ഥാപനവുമായി ഹവാല ഇടപാടിൽ പങ്കെടുത്തതായും ഇഡി ആരോപിച്ചു.
ആം ആദ്മി പാർട്ടി നേതാവിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 4.81 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി രണ്ട് മാസത്തിനുശേഷമാണ് അറസ്റ്റ്.
അതേസമയം സത്യേന്ദർ ജെയ്നിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് ആംആദ്മി പാർട്ടി അറിയിച്ചു. നേരത്തെ സിബിഐയും ജെയ്നിനെ കുടുക്കാൻ നോക്കിയതാണെന്നും ആംആദ്മി കൂട്ടിച്ചേർത്തു.