
കാന്‍സറിനെതിരെ വേദികളില്‍ മിന്നിയ മജീഷ്യന്‍ നാഥിനെ കുരുക്കി കാന്‍സര്‍; പോരാട്ടത്തിന് സമൂഹം കനിയണം
തിരുവനന്തപുരം: ജനങ്ങളെ വിസ്മയ മുനയില്‍ നിര്‍ത്തിയ ചടുല സുന്ദര മായാജാലത്തിലൂടെ ജീവിതശൈലീരോഗങ്ങളെയും കാന്‍സറിനെയും കുറിച്ചു ബോധവല്‍ക്കരണം നടത്തി ആയിരക്കണക്കിനു വേദികളില്‍ മാന്‍ഡ്രേക്ക് ആയി മിന്നിയ മജീഷ്യന്‍ നാഥിന്റെ ജീവിതത്തെ പ്രതികാരബുദ്ധിയോടെ കാന്‍സര്‍ വരിഞ്ഞുമുറുക്കുന്നു. നാട്ടിലും മറുനാട്ടിലുമായി 40 വര്‍ഷം കൊണ്ട് കാല്‍ ലക്ഷം സ്‌റ്റേജുകളിലൂടെ സോദ്ദേശ്യ സന്ദേശങ്ങള്‍ വിതറിയ ഇന്ദ്രജാലക്കാരനാണിപ്പോള്‍ രോഗ പീഡയുടെയും കനത്ത സാമ്പത്തിക ബാധ്യതയുടെയും തടവറയില്‍ നിസ്സഹായാവസ്ഥയിലായിരിക്കുന്നത്.

അത്ഭുത കലയ്‌ക്കൊപ്പം സാമൂഹിക നന്മയ്ക്ക് കൂടി മാറ്റിവെച്ച ജീവിതത്തിലേക്ക് വന്‍ കുടലിനെ ബാധിച്ച കാന്‍സര്‍ വില്ലനായെത്തിയത് കൊറോണക്കാലത്ത് വേദികള്‍ ഇല്ലാതായതിനൊപ്പമായിരുന്നു. പഴയത് പോലെ നിറഞ്ഞ സദസിന് മുന്നില്‍ മാജിക് അവതരിപ്പിക്കാമെന്ന മോഹവുമായി കാന്‍സറിനെതിരെ പോരാടുന്ന നാഥിന്റെ ആത്മവിശ്വാസവും വീര്യവും ചോര്‍ത്തുന്നു ശൂന്യമായ ബാങ്ക് അക്കൗണ്ട്. ഏതാനും മനുഷ്യ സ്‌നേഹികളുടെ സഹായത്തോടെ ശസ്ത്രക്രിയ നടന്നശേഷം, അനുബന്ധ ചികില്‍സയ്ക്കു വേണ്ട വന്‍ തുക കണ്ടെത്താനാകാതെ ഉഴലുകയാണ് നാഥും കുടുംബവും.
മൂത്തമകന്‍ ഭാഗ്യനാഥും ഇളയമകന്‍ ജീവനാഥും പാരമ്പര്യം നിലനിര്‍ത്താന്‍ താല്‍പ്പര്യമുള്ളവര്‍ തന്നെയെങ്കിലും അച്ഛന്‍ രോഗഗ്രസ്ഥനായതോടെ കാര്യങ്ങളാകെ പ്രതിസന്ധിയിലായി. ഭാഗ്യനാഥ് മൂന്നര വയസ്സില്‍ ഈ മേഖലയിലേക്ക് വന്ന് അഞ്ച് വയസ്സിനിടെ ആയിരത്തിനുമേല്‍ ഷോകള്‍ നടത്തി, ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ മാജിക് സ്റ്റേജ് ഷോകള്‍ ചെയ്ത വ്യക്തി എന്ന നിലയില്‍ ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചയാളാണ്.ഭാര്യ രജനിയാണ് നാഥിന്റെ പ്രധാന സഹായി. ട്രൂപ്പിന്റെ ഡ്രൈവറുടെ ജോലിയും നാഥ് ചെയ്തുപോന്നു.
വയസ് ഇരുപതാകും മുമ്പേ മാന്ത്രികക്കുപ്പായം അണിഞ്ഞു തുടങ്ങിയ ആളാണ് കോട്ടയം സ്വദേശിയായ നാഥ്. ഓടി നടന്ന് വേദികളെ വിസ്മയത്തിലാഴ്ത്തിയ മജീഷ്യന് ഈ ജനകീയ കലാരൂപത്തെ ധന സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി കാണാന്‍ കഴിഞ്ഞില്ല ഒരിക്കലും. മാജിക്ക് എന്ന കലാരൂപത്തിനു പിന്നില്‍ സാമൂഹ്യനന്മയ്ക്കുള്ള വലിയ സാധ്യത ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തിയ അദ്ദേഹം ഊന്നല്‍ നല്‍കിയതും അതിനു തന്നെ. വളരുന്ന തലമുറയുടെ നന്മയിലൂന്നിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായിരുന്നു തുടര്‍ന്നങ്ങോട്ട് നാഥിനെ മുന്നോട്ടുനയിച്ചത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ ബോധവല്‍ക്കരണം എന്ന നിലയിലാണ് നാഥ് ആദ്യമാദ്യം മാന്ത്രിക വടി ചുഴറ്റിയതെങ്കിലും പിന്നീട് സാമൂഹ്യതിന്മകള്‍ക്കെതിരെ ചടുലമായി പോരാടാനും, ഫലപ്രദമായി ബോധവല്‍ക്കരണം നടത്താനുമുതകുന്ന ഒട്ടേറെ നമ്പറുകള്‍ സ്വന്തമായുണ്ടാക്കി അവതരിപ്പിച്ചുതുടങ്ങി. മദ്യം, മയക്കുമരുന്ന്, ജങ്ക് ഫുഡ്ഡ് തുടങ്ങിയവയ്‌ക്കെല്ലാമെതിരായ നാഥിന്റെ ബോധവല്‍ക്കരണ മാജിക്ക് സംസ്ഥാനത്തുടനീളം ശ്രദ്ധ പിടിച്ചുപറ്റി.
രംഗത്തവതരിപ്പിക്കുന്ന വിഷയങ്ങളെപ്പറ്റി വിശദമായി പഠിക്കുന്ന ശീലമാണ് മജീഷ്യന്‍ നാഥിന്റെ അസാധാരണ പ്‌ളസ് പോയിന്റ്. മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണമാണ് പരിപാടിയുടെ ലക്ഷ്യമെങ്കില്‍, ആദ്യം മദ്യം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പഠിക്കും. അത് ശരീരഭാഗങ്ങളെ എങ്ങനെ ദോഷകരമായി ബാധിക്കും, മദ്യപാനിയുടെ കുടുംബം എങ്ങനെ നാശത്തിന്റെ വഴിയിലേക്കു പ്രവേശിക്കും എന്നെല്ലാം ആധികാരികമായി മനസിലാക്കും.അതൊക്കെ കോര്‍ത്തിണക്കിയായിരിക്കും മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണ മാജിക് രൂപപ്പെടുത്തുന്നത്.
‘നമുക്ക് മദ്യം വേണ്ട’ എന്ന സന്ദേശത്തിനു പിന്നാലെ, മദ്യക്കുപ്പിയെടുത്ത് ചെവിയില്‍ അടിച്ചുകയറ്റി അപ്രത്യക്ഷമാക്കുന്ന വിദ്യ എവിടെയും കയ്യടി നേടിപ്പോന്നു.
മാലിന്യപ്രശ്‌നം, പുകവലി എന്നീ വിപത്തുകള്‍ക്കെതിരെയും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാജിക്ക് വഴി പ്രതികരിച്ചു നാഥ്. വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നും ആഹാരം എങ്ങനെ കഴിക്കണമെന്നും രോഗപ്രതിരോധശേഷി കൂട്ടാന്‍ എന്തെല്ലാം ചെയ്യണമെന്നുമെല്ലാം മാജിക്കിലൂടെ സരസമായി പഠിപ്പിച്ചുപോന്നു നാഥ്. ഏതു വിഷയത്തിലും മാജിക്ക് കലര്‍ത്തുന്ന വിസ്മയത്തികവ്.
മദ്യം കഴിച്ചാലുണ്ടാകുന്ന ലഹരിയെപ്പോലെ തന്നെയാണ് ആഹാരം കഴിച്ചാലുണ്ടാകുന്ന ലഹരിയുമെന്ന് ആരോഗ്യ ശാസ്ത്രജ്ഞരേക്കാള്‍ കാര്യക്ഷമമായാണ് നാഥ് പഠിപ്പിച്ചുപോന്നത്, പ്രത്യേകിച്ചും ജങ്ക് ഫുഡ്.പിസ, ബര്‍ഗര്‍, ബണ്‍, ബട്ടര്‍ തുടങ്ങിയ ജങ്ക് ഫുഡ്ഡ് ഇനങ്ങള്‍ക്ക് ദഹിക്കാന്‍ 8 മുതല്‍ 10 മണിക്കൂര്‍ വരെ വേണം.അത് ശരീരത്തിന് ഹാനികരം തന്നെ. ഇവ ആന്തരികാവയവങ്ങളെ ദോഷകരമായി ബാധിക്കും.’ഇവിടെയാണ് ആഹാരവും അന്നവും തമ്മിലുള്ള വ്യത്യാസം. ആ വ്യത്യാസം ഞാന്‍ മാജിക്കിലൂടെ ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു.’
ആര്‍.സി.സിക്കുവേണ്ടി വയനാട്, പാലക്കാട് എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിലും, സ്‌കൂളുകള്‍, കോളേജുകള്‍, ജയിലുകള്‍, മത്സ്യത്തൊഴിലാളി കോളനികള്‍, ഓട്ടോറിക്ഷാ സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലുമൊക്കെ മാജിക് അവതരിപ്പിച്ചുപോന്നു നാഥ്.
എയിഡ്‌സിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടി ആയിരത്തി അഞ്ഞൂറോളം വേദികളിലാണ് അവതരിപ്പിച്ചത്.പ്ലാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ബോധവല്‍ക്കരണമാണ് ഏറ്റവും കൂടുതല്‍ അരങ്ങേറിയത്. അത് അവതരിപ്പിക്കാനാണ് അടുത്ത കാലത്ത് കൂടുതല്‍ ശ്രദ്ധിച്ചുപോന്നത്.
മനുഷ്യര്‍ നേരിടുന്ന എല്ലാ വിപത്തുകളും മാജിക്കിലൂടെ തുറന്നുകാട്ടുകയും അതിനുള്ള പരിഹാരം ചൂണ്ടിക്കാട്ടുകയുമാണ്, മാജിക് എന്ന മഹത്തായ കലയിലൂടെ നാഥ് ചെയ്തുപോന്നത്. പെണ്‍കുട്ടികളുടെ ലെഗ്ഗിന്‍സിന്റെയും ജീന്‍സിന്റെയുമൊക്കെ ഉപയോഗം വരുത്തുന്ന ദോഷവും, കോളകളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നവുമൊക്കെ കാലാകാലങ്ങളില്‍ മാജിക്കിന് വിഷയമാക്കി.ഓരോ സ്ഥലത്തു ചെല്ലുമ്പോഴും സംഘാടകരോ, പ്രദേശത്തെ സാമൂഹ്യപ്രവര്‍ത്തകരോ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അതും മാജിക്കിന് കാരണമാക്കിപ്പോന്നു.
നല്ലൊരു വായനക്കാരനും എഴുത്തുകാരനും കൂടിയാണ് നാഥ്. അവതരിപ്പിക്കുന്ന വിഷയങ്ങളെക്കുറിച്ച് പരമാവധി അറിവ് സമ്പാദിക്കുവാനുള്ള ത്വരയാണിതിനു വഴികാട്ടിയായത്. അമേരിക്കന്‍ മെഡിക്കല്‍ ജേര്‍ണല്‍ വരെ വായിക്കും.വളരുന്ന തലമുറയ്ക്ക് ഏറെ പ്രയോജനകരമായ അര ഡസന്‍ പുസ്തകങ്ങള്‍ കൊറോണക്കാലത്ത് സ്വയം രചിച്ച് പ്രസിദ്ധീകരിച്ചെങ്കിലും രോഗം പ്രതിബന്ധമായതോടെ വിപണനം മുടങ്ങിയതും വിനയായി.
ഒരോ ദിവസവും ആയിരക്കണക്കിനു രൂപയാണ് ചികില്‍സയ്ക്കു വേണ്ടിവരുന്നത്.ഡോക്ടര്‍മാരുടെ വൈദഗ്ധ്യവും തന്റെ ആത്മവിശ്വാസവും സമൂഹത്തിന്റെ കാരുണ്യവും ഒത്തുചേര്‍ന്ന് ഈ വിഷമഘട്ടം മറികടക്കാനാവുമെന്നും വീണ്ടും ഇന്ദ്രജാല വേദികളെ സജീവമാക്കാനാകുമെന്നുമുള്ള ഉറച്ച പ്രതീക്ഷയുണ്ട് നാഥിന്.
പഞ്ചാബ് നാഷണല്‍ ബാങ്ക് വര്‍ക്കല ശാഖയിലെ എസ് ബി അക്കൗണ്ട് വിവരങ്ങള്‍: 7500000100019199 ifsc PUNB0750000 Viswanath T N GooglePay : 9847400080