
കാണാതായ യുവതിയെ 10 വര്‍ഷത്തിന് ശേഷം കണ്ടെത്തി, യുവാവിനൊപ്പം ഒളിച്ചിരുന്നത് വീട്ടില്‍; പാലക്കാടിനെ ഞെട്ടിച്ച സംഭവം
പാലക്കാട്: കാണാതായ യുവതിയെ പത്തുവര്‍ഷത്തിന് ശേഷം കണ്ടെത്തിയത്തിന്റെ ഞെട്ടൽ മാറാതെ പാലക്കാട്ടെ നാട്ടുകാര്‍. പാലക്കാട് അയിലൂര്‍ കാരക്കാട്ട്പറമ്പിലാണു സംഭവം. ആരോരുമറിയാതെ യുവതിയെ 10 വര്‍ഷം റഹ്മാൻ എന്ന യുവാവ് സ്വന്തംവീട്ടിൽ ഒളിവില്‍ പാര്‍പ്പിക്കുകയായിരുന്നു. യുവതി അയല്‍വീട്ടിലുണ്ടെന്ന് ഈ പത്തുവര്‍ഷവും ആരും കണ്ടെത്തിയില്ല.
2010 ഫെബ്രവരി രണ്ടിനാണ് സജിത എന്ന യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നത്. സംശയമുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തെങ്കിലും കണ്ടെത്താനായില്ല. ചോദ്യം ചെയ്തവരുടെ കൂട്ടത്തിൽ ഒളിവിൽ താമസിപ്പിച്ച യുവാവും ഉണ്ടായിരുന്നു. മൂന്നുമാസം മുൻപ് വരെ യുവതി ഇയാളുടെ മുറിയിൽ ഒളിവിൽ കഴിയുകയായിരുന്നു. ചെറിയ വീട്ടിലെ ഒറ്റമുറിയിൽ ശുചിമുറി പോലുമില്ല. വീട്ടിലുള്ള അച്ഛൻ, അമ്മ, സഹോദരി എന്നിവരുടെ കണ്ണിൽ പെടാതിരിക്കാൻ ജാഗ്രതയോടെയായിരുന്നു പെരുമാറ്റം.
റഹ്മാന്റെ വീട്ടില്‍ നിന്ന് പത്ത് വീട് അകലെയാണ് സജിതയുടെ വീട്. അയല്‍വാസികളായ യുവതിക്കും യുവാവിനും പരസ്പരം തോന്നിയ ഇഷ്ടത്തിന് രണ്ടുസമുദായക്കാരായ വീട്ടുകാരുടെ പച്ചക്കൊടി ലഭിക്കില്ലെന്ന് വ്യക്തമായതോടെ നെന്മാറ അയിലൂര്‍ കാരക്കാട്ടുപറമ്ബിലെ റഹ്മാനും സജിതയും പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി തുടങ്ങിയത്.
റഹ്മാന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായിരുന്ന സജിത. അതുവഴി വല്ലപ്പോഴും റഹ്മാന്റെ വീട്ടിലേക്ക് സജിത വരുമായിരുന്നു. ഇതാണ് പ്രണയത്തിന് വഴിമരുന്നായത്. 18-ാം വയസ്സില്‍ സജിത വീടുവിട്ടിറങ്ങി. സൗകര്യങ്ങളൊന്നുമില്ലാത്ത, തന്റെ ഓടിട്ട ചെറിയവീട്ടില്‍ റഹ്മാന്‍ താത്കാലികമായി സജിതയെ താമസിപ്പിച്ചു. റഹ്മാന്റെ വീട്ടുകാര്‍പോലും ഇക്കാര്യം അറിഞ്ഞില്ലെന്നാണ് പോലീസിനോട് പറഞ്ഞത്. സജിതയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതിനല്‍കി. റഹ്മാനുള്‍പ്പെടെ സ്ഥലത്തെ പലരെയും പോലീസ് ചോദ്യംചെയ്തെങ്കിലും തുമ്ബൊന്നും കിട്ടിയില്ല. റഹ്മാന്‍ നാട്ടില്‍ത്തന്നെയുണ്ടായിരുന്നതിനാല്‍ സംശയവും തോന്നിയില്ല.
വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന ഭൂകമ്ബം തിരിച്ചറിഞ്ഞ് റഹ്മാന്‍ സജിതയെ പുറത്തുകാണിക്കാതിരിക്കാന്‍ പല ഉപായങ്ങളും തേടി. ഇലക്‌ട്രീഷ്യനായ റഹ്മാന്‍ ഇലക്‌ട്രിക് സംവിധാനങ്ങള്‍ ഇതിനായി കണ്ടെത്തി. സജിതയെ പുറത്തുനിന്ന് പൂട്ടുമ്ബോള്‍ വാതിലിന്റെ അകത്തുള്ള ഓടാമ്ബലും താനേ അടയുന്ന ലോക്കിങ് സിസ്റ്റമായിരുന്നു ആദ്യത്തേത്.
പൂട്ടിക്കിടക്കുന്ന ഓടാമ്ബലില്‍ ആരെങ്കിലും തൊട്ടാല്‍ ചെറിയ ഷോക്കടിക്കും. അതിനാല്‍ റഹ്മാന്‍ ജോലിക്കുപോകുമ്ബോഴും വീട്ടിലുള്ളവര്‍ വാതിലില്‍ തൊടില്ല. പ്രാഥമിക കൃത്യനിര്‍വഹണങ്ങള്‍ക്ക് രാത്രിമാത്രമാണ് സജിത പുറത്തേക്കിറങ്ങുക. ഇതിനായി മുറിയിലുള്ള ചെറിയ ജനലിലെ അഴികള്‍ എടുത്തുമാറ്റിയിരുന്നു.
ജോലികഴിഞ്ഞ് റഹ്മാന്‍ വരുമ്ബോള്‍ മാത്രമാണ് സജിതയ്ക്ക് സംസാരിക്കാനാവുക. അപ്പോഴെല്ലാം മുറിയിലെ ചെറിയ ടിവി ശബ്ദം കൂട്ടിവെക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. മൂന്നുമാസംമുമ്ബ് വീട്ടില്‍നിന്ന് റഹ്മാനെ കാണാതായി. പോലീസ് അന്വേഷണത്തിനിടെ, റഹ്മാനെ നെന്മാറയില്‍വെച്ച് സഹോദരന്‍ കാണുകയും പോലീസില്‍ അറിയിക്കുകയുംചെയ്തു. താന്‍ ഇപ്പോള്‍ വാടകവീട്ടിലാണെന്നും ഒപ്പം സജിതയും ഉണ്ടെന്നും ചോദ്യംചെയ്യലില്‍ പറഞ്ഞതോടെയാണ് ഒരുപതിറ്റാണ്ടുനീണ്ട പ്രണയജീവിതത്തിന്റെ ചുരുളഴിഞ്ഞത്.
ഇരുവരുടേയും മൊഴികള്‍ കേട്ട് അവിശ്വസനീയത തോന്നിയ പോലീസ് സജിത ഒളിച്ചിരുന്ന വീട്ടിലെത്തി പരിശോധന നടത്തി. പ്രണയകഥയും ഒളിജീവിതവും കേട്ടറിഞ്ഞതിന്റെ ഞെട്ടലിലാണ് പോലീസും നാട്ടുകാരും. വര്‍ഷങ്ങള്‍ക്കിപ്പുറം യുവതിയെ കണ്ടതിന്റെ ഞെട്ടല്‍ വീട്ടുകാര്‍ക്കുമുണ്ട്. കോടതി ഇടപെട്ട് പ്രായപൂര്‍ത്തിയായ ഇരുവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം താമസിക്കാന്‍ അനുമതിനല്‍കി.