ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും, സുരക്ഷയുടെ പരമാധികാരം കേരളത്തിനും- മുല്ലപെരിയാർ പരിഹാരങ്ങളും സാധ്യതകളും

Share News

ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം  കേരളത്തിനും- മുല്ലപെരിയാർ  പരിഹാരങ്ങളും സാധ്യതകളും

14 വർഷം മുമ്പ് മുല്ലപ്പെരിയാറിനു താഴെയുള്ള ഉപ്പുതറ ഇടവകയിൽ കൊച്ചച്ചനായി ചെന്നപ്പോളാണ് പ്രേശ്നത്തിന്റെ ഗൗരവം ഇത്രമാത്രം രൂക്ഷമാണെന്നു മനസ്സിലായത്. അവിടുത്തെ കുട്ടികളുടെ നിഷ്കളങ്കമായ മനസ്സിലെ ഭയമാണ് എന്നെ ഏറെ വേദനിപ്പിച്ചത്.

2008 ജൂലൈ മാസത്തിൽ നല്ല മഴ പെയ്യുന്നു. കൊച്ചുപറമ്പിൽ ചാക്കൊച്ചാട്ടന്റെ വീട്ടിൽ ഒരു സായാഹ്നത്തിൽ പ്രാർത്ഥന കൂട്ടായ്മയ്ക്ക് ഇരിക്കുമ്പോൾ ആളുകളുടെ മുഖത്തെ മ്ലാനത കണ്ട് കാര്യം ചോദിച്ചു. ഒരാൾ പറഞ്ഞു “ഞാൻ രാത്രിയിൽ കിടന്ന് ഉറങ്ങുന്നതിനു മുമ്പ് സ്വർണ്ണം തോർത്തിൽ കെട്ടി കട്ടിലിനു അടുത്ത് വയ്ക്കും. അഭിമാനം കളയാതെ കുറേക്കാലമെങ്കിലും തെണ്ടാതെ ജീവിക്കാമല്ലോ. ഡാം പൊട്ടിയാൽ ഓടികയറാനുള്ള പൊരികണ്ണി മല മക്കളെ കാണിച്ചിട്ടുണ്ട്” എന്ന്.

ഒരു കുടുംബനാഥൻറെ മനസ്സിലെ ആധി അന്നാണ് എനിക്ക് മനസ്സിലായത്. ഇവർക്ക് വേണ്ടി ഒന്നും ചെയ്യാതെ, ഇവരുടെ വേദനയുടെ കുരിശ് എടുക്കാതെ ഞാൻ ചെയ്യുന്നതെല്ലാം വെറും അനുഷ്ടാനങ്ങൾ മാത്രമാണോ എന്ന് സംശയിച്ചു. “ഇത് എൻറെ ശരീരം, എന്റെ രക്തം” എന്ന് പറഞ്ഞു ക്രിസ്തു പോയത് കുരിശിലേയ്ക്. ഞാൻ പോയത് സുരക്ഷിതമായ പള്ളിമേടയിലേയ്ക്. അന്ന് രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസത്തെ കുർബാന പെരിയാർ തീരത്തുള്ള താന്നിമൂട് കപ്പേളയിലാണ്. അനുഷ്‌ണം ചെയ്യുന്ന ആളാകണോ, ക്രിസ്തുവിനെപ്പോലെ കുർബാന ആകുന്ന വൈദീകൻ ആകണോ എന്നതായിരുന്നു എൻറെ മുന്നിലെ വെല്ലുവിളി. രാവിലെ അഭിവദ്‌ന്യ പിതാവിനെ വിളിച്ചു മുല്ലപെരിയാർ സമരത്തിൽ ഇടപെടാൻ അനുവാദം ചോദിച്ചു. ആരോടും ചോദിക്കാതെ, മറ്റൊന്നും ആലോചിക്കാതെ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ആ വലിയ മനസ്സ് അനുവാദം നൽകി.

ഒരു ദിവസമെങ്കിലും മുല്ലപ്പെരിയാറിന്റെ താഴെ ജീവിക്കുന്നവർ സമാധനത്തോടെ ഉറങ്ങുന്ന രാത്രി ഞാൻ സ്വപ്നം കണ്ടു. സമരസമിതിയോടു ചേർന്ന് യാത്ര ആരംഭിച്ചു. അന്ന് ഈ പ്രശ്നം ഒരു പഞ്ചായത്തിൽ പോലും ശ്രദ്ധിക്കപ്പെടാത്ത വിഷയമായിരുന്നു. ഇന്ന് ലോകം മുഴുവൻ ഏറ്റെടുത്തു എന്ന് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.ഇതിനിടയിൽ കൂടെയുണ്ടായിരുന്ന പലരും പ്രായാധിക്യത്താൽ മരിച്ചു. സ്ഥാനങ്ങൾക്കു വേണ്ടിയും പണത്തിനുവേണ്ടിയും പലരും സമരത്തെ ഒറ്റിക്കൊടുത്തു. ശ്രീ മോഹൻദാസ്, ഷാജി പി ജോസഫ് തുടങ്ങിയ ആൽമാർത്ഥരായ സമരപോരാളികൾ ഇന്നും അവിടെ ഉണ്ട്.

ആളുകളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള ആശയത്തോടായിരുന്നു ആദ്യമുതലേ ഞാൻ പ്രവർത്തിച്ചത്. പക്ഷേ സമരസമിതിയിലെ ആളുകളുടെ ഇടതു- വലത് പക്ഷ രാഷ്രീയത്തോടുള്ള അമിതമായ വിധേയത്വം ക്രിയാത്മകമായി ഒന്നും ചെയ്യാൻ എന്നെ അനുവദിച്ചില്ല.

രാഷ്രീയവും മതവും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ ആയതിനാൽ അതിനെ വെല്ലുവിളിച്ചുകൊണ്ട് സമരം നയിക്കാനുള്ള ശേഷിയും കരുത്തും എൻ്റെ കഴിവിൻറെയും മുകളിൽ ആയിരുന്നു. അതിനാൽ വ്യത്യസ്തമായ ആശയങ്ങൾ ഉള്ളപ്പോലും വ്യക്തമായ നിലപാടുകൾ ചൂണ്ടികാണിച്ചു സമരത്തിൻറെ ഭാഗമായി നില്ക്കാൻ ഞാൻ തീരുമാനിച്ചു. ” പുതിയ ഡാം പുതിയ കരാർ” എന്ന പൊട്ടയായ മുദ്രവാക്യം ഉപേഷിച്ചു “സംരക്ഷ” എന്ന ആശയത്തെ ഉയർത്തിപ്പിടിച്ചിരുന്നെങ്കിൽ സുപ്രീം കോടതിയും തമിഴ് ജനതയും നമുക്ക് ഒപ്പം നിന്നേനെ എന്ന് തോന്നുന്നു. അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുവാൻ ജനത്തിൻറെ സുരക്ഷ എന്ന മുദ്രവാക്യത്തിന് കഴിയുമായിരുന്നു. അഡ്വ. റസ്സൽ ജോയിയുടെ നേതൃത്വത്തിൽ കേരള ജനത ഏറ്റെടുത്തിരിക്കുന്ന മുല്ലപെരിയാർ സമരം അത്തരത്തിൽ ശരിയായ ദിശയിൽ പോകുന്നു എന്ന് കാണുമ്പോൾ പരിഹാരം വളരെ വിദൂരത്തിൽ അല്ല എന്ന് മനസിലാക്കാം.

Mullaperiyar Dam

വിഷയത്തിൻറെ പ്രാധാന്യം പരിഗണിച്ചു് വിഷയത്തിലേയ്ക് നേരിട്ട് കടക്കാം. കാലഹരണപ്പെട്ട ഒരു ഡാം പുതുക്കി പണിയാൻ എന്താണ് ഇത്ര അമാന്തം എന്ന് എല്ലാവരും ചിന്തിക്കും. ഈ വിഷയം രാഷ്രീയ പ്രാധാന്യം ഉള്ളതുകൊണ്ട് മാത്രം ആണോ തമിഴ്‌നാട് സമ്മതിക്കാത്തത്. 999 വർഷത്തെ കരാർ നിലനിൽക്കുന്നത് കൊണ്ടും, സുപ്രീ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാലും പരിഹരിക്കാൻ കഴിയാത്തത്‌ ആണോ ഇതിലെ നിയമക്കുരുക്കുകളും സാങ്കേതികത്വവും.

 എന്തുകൊണ്ട് തമിഴ്‌നാട് പുതിയ ഡാമിന് സമ്മതിക്കുന്നില്ല?


കേരളം പറയുന്നത് ഞങ്ങൾ 1200 അടി താഴെ പുതിയ ഡാം പണിയാം എന്നാണ്. ഇപ്പോഴത്തെ ഡാമിൻറെ അനുവദിക്കപ്പെട്ടിരിക്കുന്ന ഉയരം 142 അടിയാണ്. അവർ ധരിച്ചു വച്ചിരിക്കുന്നത് ഇപ്പോളുള്ള ഡാമിനെക്കാൾ 9 മടങ്ങു വലുപ്പമുള്ള നിർമ്മാണം നടത്തിയാലേ നിലവിലുള്ള അളവിൽ ജലം ലഭിക്കുകയുള്ളു. നാം ഇനിയും പറയേണ്ടത് ” 1200 അടി മുന്നിലായി നിലവിലുള്ള ഡാമിൽനിന്നും നിശ്‌ചിത അടി താഴെ പുതിയ ഡാം പണിയാം “ എന്നാവണം. കേരളത്തിൻറെയും തമിഴ്‌നാടിന്റെയും എൻജിനീയർമാർ ഇരുന്നു സംസാരിച്ചാൽ തീരുന്ന തർക്കതിനപ്പുറം നീളുന്ന പ്രേശ്നമല്ല ഇത്‌.

രണ്ടാമത്തെ കാരണം നമ്മുടെ “പുതിയ ഡാം പുതിയ കരാർ ” എന്ന മുദ്രവാക്യം ആണ് . പുതിയ കരാർ വരുമ്പോൾ നിലവിലെ പല അവകാശങ്ങളും നഷ്ടപ്പെടും. തമിഴ്‌നാട് കൂടുത്ൽ വില ജലത്തിന് നൽകേണ്ടതായി വരും. ഈ മുദ്രവാക്യത്തിലെ അപാകത മനസ്സിലാക്കി കേരള സർക്കാരും സമരസമിതിയും ജനത്തിൻറെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയിരുന്നെങ്കിൽ കുറേയെങ്കിലുമൊക്കെ തമിഴ്‌നാടിനെ അനുനയിപ്പിക്കാൻ കഴിയുമായിരുന്നു. പുതിയ കരാർ സർക്കാർ ഉണ്ടാക്കുമ്പോൾ ആർക്കൊക്കെ ലാഭം കിട്ടുമെന്ന് അറിയാൻ ആളിയാർ- പറമ്പിക്കുളം, നെയ്യാർ പദ്ധതികൾ വഴി നാമുണ്ടാക്കിയ കരാറുകളിൽ ആരൊക്കെയാണ് ലാഭം ഉണ്ടാക്കിയത് എന്ന് പരിശോധിച്ചാൽ മതിയാകും.

മൂന്നാമത്തെ കാരണം നാം പറയുന്നത് ” പുതിയ ഡാം നിർമ്മിച്ച് ഞങ്ങൾ വെള്ളം തരാം” എന്നാണ് . തമിഴ്‌നാട് ഇഷ്ടാനുസരണം വെള്ളം എടുത്തു കൊണ്ടിരിക്കുന്നിടത്തു ഞങ്ങൾ വെള്ളം തരാം എന്ന് പറയുന്നത് അവരെ ഭയപ്പെടുത്തുന്നു. കേരളം പുതിയ ഡാം പണിതു കഴിഞ്ഞാൽ തങ്ങൾക്ക് വെള്ളം തരില്ല എന്നാണ് തമിഴ് ജനത ധരിച്ചിരിക്കുന്നത്. കേരളത്തിന് മുല്ലപെരിയാറ്റിലെ വെള്ളം ആവശ്യമില്ല എന്ന് അടിക്കടി ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവർക്കു മനസ്സിലായിട്ടുണ്ട്. ഇതു മാറ്റിയെടുക്കാൻ നല്ല രീതിയിലുള്ള സംവാദം തന്നെ ആവശ്യമാണ്.

നാലാമത്തെ കാരണം കേരളം നാളിതുവരെ മുല്ലപെരിയാർ വിഷയത്തിൽ കാണിച്ച അലംഭാവമാണ്. ഡാം സ്ഥിതിചെയ്യുന്ന സ്ഥലം ധാരാളം വന്യ ജീവികൾ ഉള്ള വനമാണ്. പലപ്പോഴും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ കരടിയും ആനയും അക്രമിക്കാറുണ്ട്. ഇത്രയും അപകടാവസ്ഥയിൽ ഉള്ള ഡാമിൽ വൈദുതി ഇല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. അതിനുള്ളിലെ ജീവനക്കാരുടെ താമസ്സ സ്ഥലത്തു വൈദുതി എത്തിക്കാൻ പോലും കഴിയാത്ത കേരളം എങ്ങനെയാണു ഡാം പണി പൂർത്തീകരിക്കുന്നതെന്നതാണ് അവരുടെ ആശങ്ക.

അഞ്ചാമത്തെ കാരണം വളരെ പ്രധാനപ്പെട്ടതാണ്. ഓരോ വർഷവും കേരളത്തിലെ ഉദ്യോഗസ്ഥർക്കും, രാഷ്രീയക്കാർക്കും, പോലിസിനും കൈക്കൂലി കൊടുക്കുന്നതിനായി തമിഴ്‌നാട്ടിൽ പിരിവ് നടത്തുന്ന ഒരു മധ്യവർത്തി വിഭാഗവും, അവ കൈപ്പറ്റുന്നവരുമായ ഒരു വിഭാഗം.ഉണ്ട് അവർക്ക് മല്ലപെരിയാർ വിഷയം പൊന്മുട്ട ഇടുന്ന താറാവ് ആണ്. പ്രശ്ന പരിഹാരം അവർ ഒരിക്കലും ആഗ്രഹിക്കുകയില്ല. പ്രത്യക്ഷമായും പരോക്ഷമായും ഇവരുടെ പക്ഷം ചേരുന്ന മത- സാമുദായിക സംഘടനകളും, വ്യവസായ- ഉദോഗസ്ഥ സംവിധാനങ്ങളും താൽക്കാലിക ലാഭം ലക്‌ഷ്യം വച്ചുകൊണ്ട് പ്രവർത്ഥിക്കുന്നതിനാൽ മുല്ലപെരിയാർ പ്രശ്നത്തിനു അവസാന ലക്ഷ്യത്തിലേക്കു എത്താൻ കഴിയുന്നില്ല.

തമിഴ് ജനതയുടെ കണ്ണിലൂടെ

സാധാരണക്കാരായ തമിഴ് മക്കൾ കേരളത്തിലെ ജനങ്ങൾ സുരക്ഷിതരായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്. കമ്പം, തേനി ഭാഗങ്ങളിൽ ഉള്ള ആളുകളുടെ പല ബന്ധുക്കളും മുല്ലപ്പെരിയാറിന്റെ താഴെ ജീവിക്കുന്നവരാണ്. അതിനാൽ തന്നെ ഈ ഡാം സുരക്ഷിതമായിരിക്കുക എന്നത് തമിഴ് ജനത്തിൻറെ കൂടെ ആവശ്യം ആണ്. രഷ്ട്രീയ ലാഭത്തിനു വേണ്ടിയാണു മാറിമാറി വന്നിരുന്ന ഗവണ്മെന്റ് കേരള ജനതയെ മുൾമുനയിൽ നിർത്തിയിരുന്നതെന്നു പൊതുജനത്തിനറിയാം.

മുല്ലപെരിയാർ എന്ന് കേൾക്കുമ്പോൾ തന്നെ ഒരു വൈകാരിക വികാരമാണ് തമിഴ് മനസ്സിൽ. ഭൂപ്രകൃതികൊണ്ടു വെള്ളം സുലഭമല്ലാത്ത ആ മനസ്സിൽ ജീവ വായു പോലെ പ്രധാനപ്പെട്ട ഒന്നാണ് ജലം. അതുകൊണ്ട് മുല്ലപെരിയാർ പിടിച്ചുനിർത്താൻ വ്യവസാകളും, ഫാക്ടറി ഉടമകളും, കൃഷിക്കാരും, സിനിമാക്കാരും കൃത്യമായി ഇടനിലക്കാർക്ക് പിരിവ് കൊടുത്തുകൊണ്ടിരിക്കുന്നു. സുപ്രീ കോടതിയിലും, രാഷ്ട്രീയത്തിലും, ഉദ്യോഗ തലത്തിലും എല്ലാം അവർക്ക് ഒരേയൊരു സ്വരമേ ഉള്ളു. വെള്ളത്തിന് വേണ്ടി ഏത് അറ്റം വരെയും പോകാൻ ദൃഢനിശ്ചയം ചെയ്ത ജനതയാണ് അവർ. നമ്മുടെ സർക്കാർ അവർ കാണിക്കുന്നതിന്റെ പത്തിലൊന്ന് ഉത്സാഹം കിട്ടിയിരുന്നെങ്കിൽ എന്നേ ഈ വിഷയം പരിഹരിക്കപ്പെട്ടേനെ.

എന്താണ് മുല്ലപെരിയാർ തർക്കം?

മുല്ലപെരിയാർ വിഷയം കാവേരി നദി തർക്കം പോലുള്ള ജലതർക്കമല്ല. കാരണം കേരളം ഇവിടെ ജലം ആവശ്യപ്പെടുന്നില്ല. ഇത് ഒരു അതിർത്തി തർക്കമില്ല കരണം ഈ ഡാം സ്ഥിതിചെയ്യുന്നത് പൂർണ്ണമായും കേരളത്തിൽ ആണ്. രാഷ്ട്രീയ പ്രശ്നം അല്ല കാരണം, രാഷ്ട്രീയ തർക്കത്തിന്റെ കാരണമൊന്നും ഇതിൽ ഇല്ല. പിന്നെ എന്താണ് ഇവിടുത്തെ തർക്കം? 1886 ഒക്ടോബർ 29 ന് 999 വർഷതേയ്‌ക്കു നീണ്ടു നിൽക്കുന്ന കരാർ വഴി കേരളത്തിന് നഷ്ടപ്പെട്ട ഡാമിന്റെമേലുള്ള അവകാശം വീണ്ടെടുക്കാൻ കേരളവും, കാലങ്ങളായി അനുഭവിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നഷ്ടപ്പെടാതിരിക്കാൻ തമിഴ്‌നാടും പരിശ്രമിക്കുന്നു. വളരെ ആഴത്തിൽ ഈ വിഷയം പഠിക്കുമ്പോൾ നമുക്ക് മനസ്സിലാകും ” ഡാമിന്റെ മേലുള്ള അവകാശത്തിനു വേണ്ടിയുള്ള തർക്കമാണ് മുല്ലപ്പെരിയാർ പ്രശ്നം.”

ശ്വാശ്വത പരിഹാരം എന്താണ് ?

കേരളം, ജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഡാമിന്റെ അവകാശം പിടിച്ചെടുക്കാൻ പരിശ്രെമിക്കുന്നു. തമിഴ്‌നാട്, ജനത്തിന് ജലം ലഭിക്കുന്നതിനുവേണ്ടി ഡാമിന്റെ അവകാശം നിലനിർത്താൻ പരിശ്രമിക്കുന്നു.

ഇവിടെ സൂഷ്മമായി പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും രണ്ട് സംസ്ഥാനത്തിന്റെയും ആവശ്യം രണ്ടാണ്. ഒരാൾക്ക് സുരക്ഷയും, മറ്റൊരാൾക്ക് ജലവും. ഒരേ ആവശ്യത്തിനുവേണ്ടി രണ്ടു പേർ തർക്കിക്കുമ്പോൾ പരിഹാരം നിർദ്ദേശിക്കുക എളുപ്പമല്ല. ഇവിടെ രണ്ട് സംസ്ഥാനത്തിന്റെയും ആവശ്യം രണ്ട് ആണ്. അതിനാൽ പരിഹാരവും എളുപ്പമാണ്. “ജലത്തിൻറെ പരമാധികാരം തമിഴ്‌നാടിനും സുരക്ഷയുടെ പരമാധികാരം കേരളത്തിനും” നൽകിയാൽ മുല്ലപെരിയാർ വിഷയത്തിന് പരിഹാരം സാധ്യമാകും.

സുപ്രീം കോടതി കേരളത്തെ വിമർശിക്കാൻ കാരണം നമ്മുടെ സർക്കാർ ജനത്തിന്റെ ജീവൻ മുന്നിൽ വച്ച് വിലപേശൽ നടത്തുന്നു എന്ന് മനസ്സിലാക്കിയതിനാൽ ആണ്. ജീവൻ വച്ച് പന്താളാൻ ഉള്ള സമയമല്ല ഇത്. എത്രയും വേഗം ജനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന തീരുമാനങ്ങളിലേക്കു നാം വരണം. അതിനായി ഡാം പണിയണമെങ്കിൽ എത്രയും വേഗം ഡാം പണിയണം. പൊളിച്ചുമാറ്റണമെങ്കിൽ അങ്ങനെ ചെയ്യണം. പരിഹാരം പലതും നമുക്ക് മുന്നിൽ ഉണ്ട്, ലക്ഷ്യം ജനത്തിന്റെ സുരക്ഷ ആയിരിക്കണം.

ഒരു ചോദ്യം പലരും ചോദിച്ചു കാണാറുണ്ട്, ഡാം ഇതുവരെ പൊട്ടിയില്ലല്ലോ?

രണ്ടു തവണ മുല്ലപെരിയാർ ഡാമിന്റെ ഉൾഭാഗം മുഴുവനും കണ്ടിട്ടുള്ള ആളെന്ന നിലയിൽ പറയുന്നതാണ്. ഇത് പൊട്ടാതിരിക്കുന്നത് ദൈവത്തിന്റെ അനുഗ്രഹം ആയി മാത്രമേ കരുതാനാവൂ. രണ്ട് ഗാലറികളും ചോർന്നു ഒലിക്കുന്ന അവസ്ഥയിൽ ആണ്.

ഇത് നേരിട്ട് കണ്ട ആളാണ് മുൻ മന്ത്രി PJ ജോസഫ്. അദ്ദേഹം കുടകൊണ്ട് കുത്തി നോക്കിയപ്പോൾ ഗാലറിയിലെ കോൺക്രീറ്റ് അടർന്നു പോന്നു. മനഃസാക്ഷി ഉള്ള ആരും പറയുന്ന അഭിപ്രായമേ 2011 ഭൂചലനം ഉണ്ടായപ്പോൾ അദ്ദേഹവും പറഞ്ഞൊള്ളു. ഡാമിന്റെ ഉപരിതലത്തിൽ നേരിയ വ്യതിയാനങ്ങൾ സംഭവിച്ചാൽ വലിയ അപകടം സംഭവിക്കും എന്ന് ഒരിക്കലെങ്കിലും ഈ ഡാം സന്ദർശിച്ച ആർക്കും സംശയമില്ല.

റൂർക്കി IIT യും, ഡൽഹി IIT യും ഇതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. 2018 വെള്ളം തറന്നു വിട്ടപ്പോൾ സംഭവിച്ചത് തീരത്തു താമസിക്കുന്നവർ മറന്നിട്ടില്ല. അവരോട് ഭയപ്പെടരുത് എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് പറയാതെ അറിയാം. നൂറു വർഷം കൂടെ നിൽക്കും എന്ന് പറയുന്ന മുൻ ജഡ്‌ജിയും

ഡാം അപകടത്തിൽ അല്ല എന്ന് കള്ളം പറയുന്ന ഇടുക്കി മുൻ MP യും -ആർക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് ജനം തിരിച്ചറിയട്ടെ. സത്യം വിളിച്ചു പറയുന്നവർക്കെതിരെ കേസ്സെടുക്കും എന്ന് പറയുന്ന ബാഹു. മുഖ്യ മന്ത്രി ഭീതിയുടെ നിഴലിൽ കഴിയുന്ന ജനത്തിന്റെ കണ്ണീരിന്റെ രോദനം കേൾക്കാതെ പോകരുത്. ഇതു നാം ഒറ്റെക്കെട്ടായി ജനത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി ഉണർന്നു പ്രവർത്ഥിക്കേണ്ട സമയമാണ്.

വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞു കേരളത്തിന്റെ മുറവിളി ശബ്ദത്തിന്റെ വീര്യത്തെ കെടുത്തി കളയരുത്. ഉത്തരവാദിത്വപ്പെട്ടവർ പറയുന്ന കാര്യങ്ങൾ കോടതിൽ നമുക്കെതിരെയുള്ള ആയുധമാണെന്ന് കഴിഞ്ഞ ദിവസം നാം കണ്ടു.

കഴിഞ്ഞ പതിനാലു വർഷം നിഴലായി മാത്രം ഈ വിഷയത്തിന്റെ പരിഹാരത്തിന് വേണ്ടി നടന്ന ആളെന്ന നിലയിൽ പറയുകയാണ്, നാം ഉയർത്തിയ വിവിധങ്ങളായ മുദ്രവാക്യങ്ങളുടെ ദർശനാരാഹിത്യമാണ് സുപ്രീ കോടതിയുടെ മുന്നിലും, ദേശീയ- ആഗോളതലത്തിലും അപകടകരമായ പ്രശ്നത്തിൽ നമ്മെ പരിഹാസ്യരാക്കിയത്. ഇരു സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാര മാർഗങ്ങൾ തുടക്കം മുതലേ ആലോചിച് മുൻപോട്ടു വച്ചിരുന്നെങ്കിൽ എന്നേ ഈ വിഷയം പരിഹരിക്കപ്പെടുമായിരുന്നു. അധികാരം പങ്കിടാൻ ഇരു കൂട്ടരും തയ്യാർ ആയില്ലെങ്കിൽ കേന്ദ്ര ഭരണ പ്രദേശമാക്കി ഇരു സംസ്ഥാനത്തിന്റെയും ആവശ്യങ്ങൾ സാധിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്. അതിനു കേന്ദ്ര ഗവണ്മെന്റ് മുൻകൈ എടുക്കണം. അനാവശ്യമായ കാരണങ്ങൾ പറഞ്ഞു ഇനിയും നീട്ടികൊണ്ടുപോയാൽ നാളെ ഒരു ജനത തന്നെ ഇല്ലെന്നാകും.

ഉപസംഹാരം

“ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ” എന്നപോലെ മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണമെങ്കിൽ ഡാമിന്റെ അധികാരം പങ്കുവയ്ക്കപ്പെടണം. മേൽനോട്ടസമിതിയുടെ  പ്രവർത്തനങൾ കാര്യക്ഷമം ആകുന്നതിനു അനുസരിച്ചു  ഇതിൽ മാറ്റം ഉണ്ടാകും എന്ന് പ്രതീഷിക്കാം.

നിലവിൽ തമിഴുനാടിൻറ്റെ  ചൊല്പടിയിൽ ആണ് അവർ തീരുമാനങ്ങൾ എടുക്കുന്നത്. ഇപ്പോൾ സുപ്രീ കോടതിയിൽ കാര്യമായി ജനത്തിന്റെ ആവശ്യങ്ങൾ അവതരിപ്പിക്കുന്ന അഡ്വ. വിൽസ്, അഡ്വ. മനോജ്, എന്നിവരെ പ്രധേകം അനുസ്മരിക്കാതെ വയ്യ. അഡ്വ. വിൽസ് കഴിഞ്ഞ 13 വർഷമായി വിഷയം പഠിക്കുന്ന വ്യക്തിയാണ്. അഡ്വ. മനോജ് കഴിഞ്ഞ പ്രളയ കാലത്തു കേരളത്തിന് അനുകൂലമായ വിധി സമ്പാദിച്ച മഹാനാണ്.

കേരള സർക്കാർ കോടികൾ മുടക്കി വർഷങ്ങൾ കേസ്സു നടത്തി പരാജയപ്പെട്ടിടത്തു പ്രധിഫലം പോലും വാങ്ങാതെ രാപകൽ അധ്വാനിക്കുന്ന ഇവരെ കേരളം മറക്കരുത്.

സുരക്ഷാ ചാരിറ്റബിള് ട്രസ്റ്റ് ചെയർമാൻ അഡ്വ. സോനു അഗസ്റ്റിൻ , .. ശ്രീ സാബു ജോസ് , കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ്, വിഷയം ജനങ്ങളിൽ എത്തിക്കുന്നതിന് പരിശ്രമിക്കുന്ന അഡ്വ. റസ്സൽ ജോയ് എന്നിവരുടെ പ്രവർത്തങ്ങളെ സർക്കാർ മുൻകൈ എടുത്തു ഏകോപിക്കുകയാണ് ഇപ്പോൾ അനിവാര്യമായത്‌. അതിനു ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ പോലെയുള്ള നേതൃത്യത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

ഫാ റോബിൻ പേണ്ടാനത്ത്
മുല്ലപെരിയാർ സമരസമിതി മുഖ്യ രക്ഷാധികാരി

.

 


 

Share News