ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിട്ടുണ്ട്, കല്യാണദിവസം പെണ്ണുങ്ങൾ അല്ലേ കരയുക. അപ്പൻ പിന്നെന്തിനു കരഞ്ഞു എന്നൊക്കെ.

Share News

അപ്പന്റെ 80ആം പിറന്നാൾ ആയിരുന്നു ഇന്നലെ വിജയദശമി നാളിൽ.ഒപ്പം ചെറിയൊരു സ്നേഹ സംഗമവും. പതിറ്റാണ്ടുകളായി തന്റെ ജീവിതം പ്രസംഗങ്ങൾക്കായി സമർപ്പിച്ച ആളാണ്. എന്നിട്ടും മകൾക്കു പ്രസംഗം എന്നുകേട്ടാൽ ഓടാൻ ആണ് ഇഷ്ടം.

50 ആണ്ടു മുൻപ് സ്വന്തം കല്യാണ ദിവസം വരൻ പ്രസംഗിക്കുന്നത് സങ്കൽപ്പിക്കാൻ കഴിയുന്ന കാര്യമല്ല. അപ്പൻ കല്യാണ റിസപ്ഷനു പ്രസംഗിക്കുക മാത്രമല്ല അകാലത്തിൽ വിട്ടുപിരിഞ്ഞ സ്വന്തം അപ്പനെ ഓർത്തു വിതുമ്പുകയും ചെയ്തു. ചുവന്ന ചട്ടയുള്ള ആൽബത്തിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കണ്ടു ചെറുപ്പത്തിൽ ഞാൻ ആലോചിച്ചിട്ടുണ്ട്, കല്യാണദിവസം പെണ്ണുങ്ങൾ അല്ലേ കരയുക. അപ്പൻ പിന്നെന്തിനു കരഞ്ഞു എന്നൊക്കെ. ചുരുണ്ട മുടിയും കാട്ടിക്കണ്ണടയും ഉള്ള പൊക്കമുള്ള ആ യുവാവ് മൈക്കിന് മുന്നിൽ വിതുമ്പുന്നത് കണ്ടു 20 വയസു മാത്രം പ്രായമുള്ള അമ്മ എന്താകും വിചാരിച്ചത്?

എന്തായാലും തരളഹൃദയയായിട്ടും അമ്മക്ക് അധികം കരയാനുള്ള അവസരം അപ്പൻ ഉണ്ടാക്കിയുമില്ല.

കല്യാണ ആൽബത്തിലെ ചുരുണ്ടമുടിക്കാരനു മുന്നിലൂടെ കാലം ഒരുപാടു ഓടി. പക്ഷേ അക്ഷരങ്ങൾ ഇന്നും നാവിലങ്ങനെ വിളങ്ങുന്നുണ്ട്. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ.

അപ്പന്റെ പെണ്മക്കൾ എന്നു പറഞ്ഞ് ഞങ്ങൾ സ്വന്തം ഐഡന്റിറ്റി ആയ പലകപ്പല്ലുകൾ കാട്ടി photo എടുക്കുന്നതുകണ്ടു അമ്മ പിണങ്ങി. രണ്ടിന്റെയും ചിരി ഒന്നും അത്ര പോര. എന്റെയാണ് നല്ലതെന്ന്. അതുകൊണ്ട് അമ്മയെ ആ നല്ല ചിരി ചിരിപ്പിച്ചു നടുവിൽ നിറുത്തി ഒരു ഫോട്ടോ കൂടി.

പറയുമ്പോൾ സാരിയെകുറിച്ച് പറയാതിരിക്കുന്നതെങ്ങനെ? അമ്മിണിക്കു @Hiranwathi ജോലി കിട്ടിയ വകയിൽ അമ്മായിക്ക് തന്ന സമ്മാനമാണ്. അടുത്ത തലമുറയിലെ ആദ്യ പത്രപ്രവർത്തക. അമ്മാവന്റെയും അമ്മായിയുടെയും അഭിമാനം.

മക്കൾ വളർന്നു വരുമ്പോൾ വലിയ സന്തോഷമുണ്ട്. അവർ വാങ്ങിത്തരുന്ന സാരികൾ ഒരുപാടു ഉടുക്കാനുള്ളതല്ലേ ഇനി…

Seena Tony Jose

Share News