ഇനി പുകവലിക്കാന്‍ 21 തികയണം: നിയമ ഭേദഗതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: പുകവലിക്കാനും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുമുള്ള പ്രായപരിധി ഉയർത്തുന്ന നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.
പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. നിലവിലെ പ്രായപരിധിയായ 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്താനാണ് നീക്കം. പുകയില ഉല്‍പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചുള്ള 2003ലെ പുകയില നിരോധന നിയമത്തിലാണ് (COPTA) ഭേദഗതി കൊണ്ടുവരുന്നത്. പുകവലിക്ക് നിരോധനമുള്ള മേഖലകളില്‍ വലിച്ചാലുള്ള പിഴ 200ല്‍ നിന്ന് 2000 ആയി വര്‍ധിപ്പിക്കും.
ഭേദഗതി പ്രകാരം ഒരാളും 21 വയസ് തികയാത്തയാള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലും വില്‍പ്പന പാടില്ല.
പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയെ സംബന്ധിച്ചുള്ള ഏഴാംവകുപ്പും ഭേദഗതി ചെയ്യും. ഇതിലെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ആദ്യതവണ ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ച് ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം വരെ തടവുമാണ് ശിക്ഷ.
അനധികൃതമായി പുകയില ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെതിരെയും കര്‍ശന നിയമം കൊണ്ടുവരും. ഏതെങ്കിലും വിധത്തില്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയെയും കുറ്റകരമായി കണക്കാക്കും.