ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ..|.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യാത്ര|Dr. Jo Joseph 

Share News

ഞാൻ പങ്കാളിയാകുന്ന 31ാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായി ഞാൻ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ ഞങ്ങളുടെ ആശുപത്രിയിൽ എത്തുകയും ആ ഹൃദയം വിജയകരമായി തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. ഇത്തരമുള്ള യാത്രകൾ വളരെ സ്വാഭാവികമായിട്ടുണ്ടെങ്കിൽ തന്നെയും ഓരോ യാത്രയും എന്റെ മനസ്സിൽ ഒരു വിങ്ങൽ അവശേഷിപ്പിക്കുന്നു. അതിനു കാരണം എന്റെ ആദ്യത്തെ വിമാന യാത്രയായിരുന്നു. എല്ലാവർക്കും ആദ്യത്തെ വിമാനയാത്ര സന്തോഷകരമായ ഒരു ഓർമ്മയാണെങ്കിലും എനിക്കത് ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിൽ ഒന്നായിരുന്നു. ഇപ്പോൾ ഇത്തരത്തിൽ നടത്തുന്ന ഓരോ യാത്രയും ഒരു ജീവനേകാനാണെങ്കിൽ എന്റെ ആദ്യ യാത്ര ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത ലോകത്തിലേക്ക് പോയ എന്റെ കൂട്ടുകാരനെ നാട്ടിൽ എത്തിക്കാൻ വേണ്ടിയായിരുന്നു. നേരത്തെ എന്റെ സാമൂഹിക മാധ്യമതിൽ പങ്കുവെച്ച് കുറിപ്പ് ഞാൻ വീണ്ടും പങ്കുവയ്ക്കുന്നു.

2003 മെയ് മാസത്തിൽ എം.ഡി പഠനത്തിനായി കൊറമാണ്ഠൽ എക്സ്പ്രസിൽ കയറി കട്ടക്കിലെ കൊടും ചൂടിലേക്ക് ചെന്നിറങ്ങിയപ്പോൾ മുതൽ തുടങ്ങിയ ഹൃദയബന്ധം.2005ലെ കൊടുംവേനലിന്റെ തുടക്കത്തിൽ പൊലിയുന്നത് വരെ ഏകദേശം 700 ദിവസങ്ങൾ മാത്രം ഉണ്ടായിരുന്ന ഒരു സൗഹൃദം!വർഷങ്ങൾക്ക് ശേഷം ഇപ്പോഴും ഓരോ തവണ ഓർക്കുമ്പോഴും അവൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്ന സൗഹൃദം.അരുണിനെ ഓർക്കാതെ കടന്നുപോയിട്ടില്ല ,പിന്നീടൊരു ഏപ്രിൽ 18 കളും എന്റെ ജീവിതത്തിൽ.

മരണത്തെ വിധിയുടെ വിളയാട്ടം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അവന്റെ മരണം വിധിയുടെ ഏറ്റവും ക്രൂരവും പൈശാചികവുമായ ഒരു നായാട്ട് തന്നെയായിരുന്നു .

ഞാനും ഡോ.ജോബിയും ഡോ.അരുണും ഒരേ വർഷമാണ് കട്ടക്കിൽ എത്തിപ്പെട്ടത്. ഞാനും ജോബിയും മെഡിസിൻ ബിരുദാനന്തര ബിരുദത്തിനും അരുൺ ഓർത്തോപീഡിക്സിൽ ബിരുദാനന്തര ബിരുദത്തിനും.അവിടെ ചെന്നത് മുതൽ ജീവിതം ഒരുമിച്ചായി. ഒരേ വീട്ടിൽ താമസവും ഒരുമിച്ചുള്ള പാചകവും.അപരിചിതമായ നാട്, പിടികിട്ടാത്ത ഭാഷ,ശീലിച്ചിട്ടില്ലാത്ത ഭക്ഷണരീതികൾ, കഠിനമായ കാലാവസ്ഥ, തീവ്രമായ പരിശീലനവും ജോലിയും. അങ്ങനെ പ്രതികൂലമായ പലതിനും നടുവിൽ ആശ്വാസമായി ഈ രണ്ടു ആത്മമിത്രങ്ങൾ മാത്രം. വായ്ക്കു രുചിയുള്ള ഭക്ഷണം കഴിച്ചിരുന്നത് എന്റെ ഭാര്യ ദയയോ,അരുണിന്റെ ഭാര്യ ഡോ. ആരതിയോ വല്ലപ്പോഴും വരുമ്പോൾ മാത്രം.ജോബിയന്ന് അവിവാഹിതനാണ്.അങ്ങനെ ഒരേ പാത്രത്തിൽ നിന്നുണ്ട്, ഒരേ വീട്ടിലുറങ്ങി സഹോദരതുല്യമായ ഒരു ബന്ധം.അതുകൊണ്ടുതന്നെ അവന്റെ നഷ്ടം ഇന്നും കണ്ണിൽ നനവ് പടർത്തുന്നു.

2005 ഏപ്രിൽ 18, ഒരു തിങ്കളാഴ്ചയായിരുന്നു.എനിക്ക് തലേദിവസം 24 മണിക്കൂർ ഡ്യൂട്ടി ആയിരുന്നു. അഡ്മിറ്റാക്കിയ രോഗികളെല്ലാം കണ്ടു ,വേണ്ട പരിശോധനകളും ചികിത്സകളും നടത്തി ഉച്ചകഴിഞ്ഞ് ഏകദേശം രണ്ടു മണിയായി കാണും ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ.ഹോസ്റ്റലിന് സമീപമുള്ള ആശുപത്രിമതിലിന്റെ പൊട്ടിപ്പൊളിഞ്ഞ ഭാഗത്തുകൂടി ചാടിക്കടന്നാണ് വീട്ടിലേക്കുള്ള കുറുക്കുവഴി. ഹോസ്റ്റലിൽ നിന്നും നഗരത്തിലെ പ്രധാന ഭാഗമായ മംഗലാബാഗിലേക്കുള്ള എളുപ്പവഴിയാണത്. ഞാനും ജോബിയും വന്നു കയറിയപ്പോൾ അരുൺ ഉച്ചമയക്കത്തിലായിരുന്നു.ഞങ്ങൾ ഉണർത്തിയില്ല,കാരണം അന്ന് അദ്ദേഹത്തിന് എമർജൻസി ഡ്യൂട്ടിക്ക് പോകാനുള്ളതാണ്. തിരക്കോട് തിരക്കിന്റെ ദിവസം. ഒരുപോള കണ്ണടയ്ക്കാൻ പറ്റാത്തത്ര തിരക്കാണ് അവിടുത്തെ കാഷ്വാലിറ്റിയിൽ .വിശന്നു വന്നു കയറിയത് കൊണ്ട് നേരെ അടുക്കളയിൽ പോയി നോക്കി. ചോറും മുട്ട പൊരിച്ചതും അരുൺ തയ്യാറാക്കി വെച്ചിട്ടുണ്ട് .നാട്ടിൽ നിന്ന് കൊണ്ടുവന്ന അച്ചാറുകളും ചമ്മന്തി പൊടിയുമാണ് മറ്റു സ്ഥിരം വിഭവങ്ങൾ. ഭക്ഷണവും കഴിച്ച് ഞാനും ജോബിയും ഉറക്കമായി.ആശുപത്രിയിലേക്ക് പോയപ്പോൾ അരുണും ഞങ്ങളുടെ ഉറക്കത്തിനു ഭംഗം വരുത്തിയില്ല.

ഏകദേശം അഞ്ചു മണിയോടുകൂടി നിർത്താതെ അടിക്കുന്ന ഫോണാണ് ഞങ്ങളെ ഉണർത്തിയത് .ഒറിയക്കാരനായ സുഹൃത്താണ് .പെട്ടെന്ന് റെഡിയായി നിൽക്കൂ,അവർ ഇങ്ങോട്ട് വരുന്നുണ്ട് എന്നാണ്. എന്തിനാണെന്ന് ചോദിക്കും മുമ്പേ ഫോൺ വെച്ചു .അഞ്ച് മിനിറ്റിനുള്ളിൽ തന്നെ രണ്ട് ബൈക്കുകളിലായി കൂട്ടുകാർ എത്തി ഞങ്ങളെയും കയറ്റി ശരവേഗത്തിൽ ആശുപത്രിയിലേക്ക് കുതിച്ചു. ഒരൊറ്റ ചോദ്യത്തിനും ഉത്തരത്തിനും ഉള്ള സമയം മാത്രമേ അവിടെ എത്തുംവരെ ഉണ്ടായിരുന്നുള്ളൂ .അരുൺ ഭായിക്ക് ഒരു അപകടം പറ്റി എന്ന് മാത്രം മനസ്സിലായി. കാഷ്വാലിറ്റിയിലെത്തിയപ്പോൾ അവിടെ മുഴുവൻ വിദ്യാർത്ഥികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഞങ്ങൾ അകത്തു കയറി. ആരും ഒരക്ഷരം പോലും മിണ്ടുന്നില്ല.അവിടെ മൂലയിലുള്ള ഒരു കട്ടിലിൽ, ബെഡ്ഷീറ്റ് പോലുമിടാത്ത പൊട്ടിപ്പൊളിഞ്ഞ മെത്തയിൽ അരുൺ കിടക്കുന്നു.. ചേതനയറ്റ ശരീരം. ചുറ്റും രക്തം തളം കെട്ടിക്കിടക്കുന്നു.മൂക്കിൽ ഓക്സിജൻ ട്യൂബ്‌ പോലുമില്ല .അവിടെത്തും മുമ്പേ അവൻ പോയിരുന്നു എന്നർത്ഥം.

ബൈക്കപകടമോ മറ്റോ ആയിരിക്കുമെന്നാണ് ആദ്യം തോന്നിയത്.അപ്പോഴാണ് കൂടെയുള്ളവർ പറയുന്നത് അവൻ വെടിയേറ്റാണ് മരിച്ചതെന്ന് .വെടിയേറ്റോ !!?ശരീരം മുഴുവൻ കുഴയുന്നതുപോലെ തോന്നി ..എന്നെയും ജോബിയെയും താങ്ങിപ്പിടിച്ചു കൂട്ടുകാർ കാഷ്വലിറ്റിക്ക് പുറത്തേക്ക്‌കൊണ്ടുപോയി.അവിടെ നിലത്തിരുന്ന് അവർ പറഞ്ഞതെല്ലാം ഒരു കെട്ടുകഥ പോലെ ഞാൻ കേട്ടു.

ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ കട്ടക്കിൽ സർവ്വസാധാരണമായിരുന്നു. വെടിവെപ്പുകളും ബോംബ് സ്ഫോടനങ്ങളും നിത്യ സംഭവങ്ങൾ. ഞങ്ങൾ താമസിച്ചിരുന്ന വീട്ടിനു സമീപം പലപ്പോഴും വെടിയൊച്ചകൾ കേൾക്കാറുമുണ്ട്.അത്തരമൊരു സംഘട്ടനത്തിൽ ഒരു ഗുണ്ട അന്ന് കട്ടക്ക് നഗരത്തിൽ കൊല്ലപ്പെട്ടിരുന്നു.അയാളുടെ പോസ്റ്റുമോർട്ടം നടപടികൾ ഫോറൻസിക് വിഭാഗത്തിൽ നടക്കുകയായിരുന്നു. അപ്പോഴാണ് എതിർചേരിയിലുള്ള ഗുണ്ടാ ഗ്യാങിൽ ഒരാളെ പോലീസ് അവിടെ കണ്ടത്.അയാളെ പിടികൂടി തൊട്ടടുത്തുള്ള മംഗലാബാഗ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി പോലീസുകാരൻ തന്റെ ബൈക്കിൽ കയറ്റി ,പുറകിൽ മറ്റൊരു പൊലീസുകാരനെയും .ആശുപത്രിയുടെ പ്രധാന ഗേറ്റ് കടന്നപ്പോഴാണ് നടുവിലിരുന്ന ഗുണ്ട തന്റെ പോക്കറ്റിൽ നിന്ന് തോക്ക് എടുത്തു ബൈക്കോടിക്കുന്ന പോലീസുകാരന്റെ തലയിലേക്ക് ഉന്നം വെച്ചത്. ഇതുകണ്ട് പുറകിലിരുന്ന പോലീസുകാരൻ അയാളുടെ കൈ തട്ടി.തോക്കിൽ നിന്നുള്ള ആ വെടിയുണ്ട എതിർദിശയിൽ വരികയായിരുന്ന എന്റെ കൂട്ടുകാരന്റെ നെഞ്ചിന്റെ പുറകുവശത്തു കൂടെ കയറി മഹധമനി തകർക്കുകയും അങ്ങനെ തൽക്ഷണം അരുൺ മരിക്കുകയുമാണുണ്ടായത്. മുന്നോട്ടുകുതിക്കേണ്ട വെടിയുണ്ട പുറകോട്ട് പാഞ്ഞു എതിർദിശയിൽ വന്നയാളിന്റെ നെഞ്ചിൻകൂട് തകർക്കുക.., അതും താൻ ജോലി ചെയ്യുന്ന കാഷ്വാലിറ്റിയിൽ നിന്നും 100 മീറ്ററിൽ താഴെ ദൂരെ വെച്ച്! ഇതിനെ വിശേഷിപ്പിക്കാൻ വിധിയുടെ വിളയാട്ടം എന്ന വാക്ക് മതിയാവില്ല,വിധിയുടെ ക്രൂരമായ താണ്ഡവം എന്നല്ലേ പറയാനാവൂ?

സ്വബോധവും സമചിത്തതയും അൽപ സമയം കൊണ്ട് വീണ്ടെടുത്തു .അതല്ലാതെ നിവൃത്തിയില്ലായിരുന്നു .അരുണിന്റെ ബന്ധുക്കളെ വിവരമറിയിച്ചു.അന്നു കൈയിലുണ്ടായിരുന്ന Nokia 3310 ഫോണിൽ വാട്സാപ്പും വീഡിയോ കോളും ഒന്നും ഇല്ലായിരുന്നതുകൊണ്ട് ദുഃഖകരമായ ആ ചുമതല ലഘൂകരിക്കപ്പെട്ടു .

പോസ്റ്റുമോർട്ടം നടപടികൾക്കുള്ള ഫോമുകളിൽ ഒപ്പുവച്ചു.മൃതദേഹം നാട്ടിൽ വരെ എത്തിക്കേണ്ടത് കൊണ്ട് എംബാം ചെയ്യാനായി ശ്രമം.എന്നാൽ മഹാധമനിയും പൾമനറി ധമനികളുമെല്ലാം തകർന്നതു കൊണ്ട് എംബാമിങ് ഫലപ്രദമാകില്ല എന്ന് ഫോറൻസിക് ഡോക്ടർമാർ അറിയിച്ചു.

നാട്ടിൽ നിന്നും ബന്ധുക്കൾ വരാൻ താമസം ഉണ്ടാകുമെന്നതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ചുമതല ബന്ധുക്കൾ ഞങ്ങളെ ഏൽപ്പിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പാളും ഒറീസ്സ സർക്കാർ പ്രതിനിധികളും ഞങ്ങളെ വന്നു കണ്ടു. അങ്ങനെ വിമാനമാർഗം മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനിച്ചു. നേരിട്ട് തിരുവനന്തപുരത്തേക്ക് വിമാനം ഇല്ലാത്തതുകൊണ്ട് പിറ്റേദിവസം ഉച്ചക്ക് ഭുവനേശ്വറിൽ നിന്നും ചെന്നൈക്കും, അതിന്റെ പിറ്റേന്ന് രാവിലെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കും വിമാനമാർഗം സഞ്ചരിക്കാൻ തീരുമാനമെടുത്തു .കൂടെ ഞാനും ഡോ.ജോബിയും അരുണിന്റെ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ആയിട്ടുള്ള ഡോ. പ്രഭാകരനും. എന്റെ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര.

പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും ഘോഷയാത്രയുടെ തുടക്കം മാത്രമായിരുന്നു അത് .ആ രാത്രി മൃതദേഹം എവിടെ സൂക്ഷിക്കുമെന്നതായിരുന്നു ആദ്യത്തെ പ്രതിസന്ധി. ഒരാൾ മരിച്ചു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് മരണാനന്തര കർമ്മങ്ങൾ ചെയ്യുക എന്നതായിരുന്നു ഒറിയക്കാരുടെ രീതി. അതുകൊണ്ട് മൃതദേഹം സൂക്ഷിക്കാനുള്ള മോർച്ചറി സൗകര്യങ്ങൾ ഇരട്ട നഗരങ്ങൾ എന്നറിയപ്പെട്ടിരുന്ന കട്ടക്ക്- ഭുവനേശ്വർ നഗരങ്ങളിൽ അക്കാലത്ത് ഇല്ലായിരുന്നു .പുരി എന്ന പുണ്യ നഗരത്തിന്റെ സാമീപ്യവും ഇതിനൊരു കാരണമായിരുന്നു. പുരിയിൽ മൃതദേഹം ദഹിപ്പിച്ചാൽ നേരെ മോക്ഷം പ്രാപിക്കും എന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് ഒരു മൊബൈൽ മോർച്ചറി സൗകര്യം പോലും അക്കാലത്ത് അവിടെ ലഭ്യമല്ലായിരുന്നു. മറ്റൊരു മാർഗവും ഇല്ലാതിരുന്നതിനാൽ പി.ജി ഹോസ്റ്റലിലെ ടി.വി മുറിയിൽ വലിയ ഐസ് കട്ടകളുടെ മേലെ മൃതദേഹവും വെച്ച് ആ രാത്രി മുഴുവൻ ഞങ്ങൾ പ്രിയ കൂട്ടുകാരനോടൊപ്പം ഉറക്കമിളച്ചിരുന്നു.അലിഞ്ഞു തീരുന്ന ഓരോ ഐസ് കട്ടകൾക്കും പകരമൊരെണ്ണം തേടി ഓടുന്ന കൂട്ടുകാരും..

പിറ്റേദിവസം രാവിലെ അലങ്കരിച്ച ഒരു ചെറിയ ലോറിയിൽ മൃതദേഹം കയറ്റി ക്യാമ്പസിനോട് യാത്ര പറഞ്ഞ് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള ഭുവനേശ്വർ വിമാനത്താവളത്തിലേക്ക് തിരിച്ചു.തലേദിവസം തന്നെ അന്ന് അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഒരു പ്രശ്നം മുൻകൂട്ടി കാണുകയും അതിന്റെ പരിഹാരം തേടുകയും ചെയ്തിരുന്നു- മൃതദേഹം കൊണ്ടുപോകാനുള്ള ശവപ്പെട്ടി അന്നാട്ടിൽ കിട്ടാനില്ലായിരുന്നു. തുണിയിൽ പൊതിഞ്ഞു ദഹിപ്പിക്കുന്ന ഇടത്തേക്കോ ഖബറിസ്ഥാനിലേക്കോ കൊണ്ടുപോവുകയായിരുന്നു അവിടുത്തെ രീതി.ആ പ്രശ്നത്തിന് പരിഹാരമായി പ്ലൈവുഡ് കൊണ്ട് ഒരു വലിയ ശവപ്പെട്ടി രാത്രി തന്നെ ഞങ്ങൾ ഉണ്ടാക്കിച്ചിരുന്നു. നാട്ടിലെത്താൻ ഇനിയും 24 മണിക്കൂറിലേറെ ഉള്ളതിനാൽ മൃതദേഹം കഴിയുന്നത്ര കേടാകാതിരിക്കാൻ ഞങ്ങൾ ശ്രമിച്ചു. ഭുവനേശ്വർ വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ നിർത്തി ശവപ്പെട്ടിയുടെ ബാക്കി പണികൾ ഞങ്ങൾ ആരംഭിച്ചു. ഉൾഭാഗം മുഴുവൻ പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു. കട്ടക്കിലെയും ഭുവനേശ്വറിലെയും എല്ലാ മെഡിക്കൽ സ്റ്റോറുകളും കയറിയിറങ്ങി ഐസ് പാക്കുകൾ ശേഖരിച്ചു.അതുകൊണ്ട് പെട്ടിയുടെ അടിഭാഗം നല്ല കട്ടിയിൽ പൊതിഞ്ഞു.അതിന്റെ മുകളിൽ പ്രിയ സുഹൃത്തിന്റെ ചേതനയറ്റ ശരീരം വച്ചു. പിന്നീട് ഇരു വശങ്ങളിലും മുകളിലും ഐസ് ഐസ് പാക്കുകൾ നിറച്ചു പെട്ടി അടച്ചു.

കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ഞങ്ങൾ വിമാനത്തിൽ കയറി. ആദ്യ വിമാന യാത്ര എല്ലാവർക്കും സന്തോഷകരമായ ഓർമ്മ ആണെങ്കിൽ എന്റെ ഒരിക്കലും ഓർമിക്കാൻ ആഗ്രഹിക്കാത്ത ആദ്യ വിമാനയാത്ര..! ചെന്നൈയിൽ എത്തുമ്പോൾ വിമാനത്താവളത്തിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൂടെ വന്ന സർക്കാർ പ്രതിനിധികൾ ഞങ്ങളോട് പറഞ്ഞു.

ഏകദേശം അഞ്ചര മണിയോടെ ഞങ്ങൾ ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങി. അവിടെ അരുണിന്റെ അമ്മയുടെ ഒരു പൂർവ്വവിദ്യാർത്ഥിയായ ഡോ.അഭിലാഷ് കാത്തുനിന്നിരുന്നു.മരണം സംഭവിച്ചിട്ട് അപ്പോഴേക്കും ഏകദേശം 24 മണിക്കൂർ കഴിഞ്ഞിരിക്കുന്നു. എംബാമിങ് നടത്താൻ പറ്റാത്തതിനാലും ശരിയായ രീതിയിൽ മൃതദേഹം സൂക്ഷിക്കാൻ കഴിയാത്തതിനാലും ഞങ്ങൾ വലിയ ആകുലതയിലായിരുന്നു.ശീതീകരണ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന ഒറീസ്സസർക്കാർ പ്രതിനിധിയുടെ വാക്ക് വിശ്വസിക്കാൻ പറ്റുമോ എന്ന് ഞങ്ങൾക്ക് സന്ദേഹവും ഉണ്ടായിരുന്നു. അതുകൊണ്ട് ഹോട്ടലിലേക്ക് പോകാതെ വിമാനത്താവളത്തിലെ കാർഗോടെർമിനൽ വരെ ഒന്ന് പോയി നോക്കാൻ തീരുമാനിച്ചു.

ആദ്യമൊന്നും അധികൃതർ ഞങ്ങളുടെ അപേക്ഷ കേട്ടില്ല .പിന്നീട് കാര്യങ്ങൾ എല്ലാം വിശദമായി ധരിപ്പിച്ചപ്പോൾ ഒന്നു കയറി നോക്കാൻ അനുവാദം തന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളുടെ പട്ടികയിൽ അരുണിന്റെ പേര് കാണാതായപ്പോൾ വീണ്ടും പോയി ചോദിച്ചു .മറുപടി അക്ഷരാർത്ഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു- അന്താരാഷ്ട്ര വിമാനങ്ങളിൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾ മാത്രമേ മോർച്ചറിയിൽ സൂക്ഷിക്കാനാവുവെന്നും ഡൊമസ്റ്റിക് വിമാനങ്ങളിൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾക്ക് ആ പരിഗണനയില്ലയെന്നുമാണ് അവരുടെ മറുപടി. ഒറീസ്സ സർക്കാർ ഞങ്ങൾക്ക് തന്ന ഉറപ്പിനെപ്പറ്റി ചോദിച്ചപ്പോൾ അവർ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അയാൾ തന്റെ ജോലി തുടർന്നു .

പാരാവാരം പോലുള്ള ആ കാർഗോ ടെർമിനൽ വന്നു കിടക്കുന്ന അനേകായിരം ചരക്കുകൾക്കിടയിൽ ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മൃതദേഹം അടങ്ങിയ നാടൻ ശവപ്പെട്ടി തിരഞ്ഞു നടന്നു.അവസാനം ഒരു മൂലയ്ക്ക് ഞങ്ങളത് കണ്ടുപിടിച്ചു. ഏപ്രിൽ മാസത്തെ ചെന്നൈയിലെ കൊടും ചൂടിൽ അവനു തണുപ്പേകിയിരുന്ന ഐസ് ഉരുകി ആ ശവപ്പെട്ടിക്ക് ചുറ്റും വെള്ളം കെട്ടി കിടന്നു. അതിനുള്ളിൽ കിടന്ന് അവനും കരയുകയാണോ എന്ന് തോന്നിപ്പോയി.ആ വെള്ളത്തിൽ ഞങ്ങടെ ചൂട് കണ്ണുനീരും കലർന്നു.

തർക്കിച്ചിട്ട് കാര്യം ഇല്ലാത്തതിനാലും കളയാൻ സമയമില്ലാത്തതിനാലും അതിനു മിനക്കെട്ടില്ല.ഇങ്ങനെ വെച്ചാൽ മൃതദേഹം കേടാകുമെന്നു മനസിലാക്കി പിറ്റേദിവസം പോയാൽ മതി എന്ന തീരുമാനം മാറ്റി.എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കണമെന്ന് തീരുമാനിച്ചു .ഡോ.അഭിലാഷിന്റെ സഹായത്താൽ ചെന്നൈയിൽ നിന്നും ഫ്രീസർ സൗകര്യമുള്ള ഒരു ആംബുലൻസ് സംഘടിപ്പിച്ചു.മൃതദേഹം വിട്ടുകിട്ടാനുള്ള കടലാസു കെട്ടുകൾ ഒപ്പിട്ടു നൽകി. ഞങ്ങളെല്ലാവരും കൂടി മൃതദേഹം പെട്ടിയിൽ നിന്നും ഫ്രീസറിലേക്ക് മാറ്റി.അങ്ങനെ മരിച്ചു ഏകദേശം 28 മണിക്കൂറിനുശേഷം ആ ശരീരത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി ലഭിച്ചു .ബാക്കി വന്ന ശവപ്പെട്ടി കാർഗോ ടെർമിനലിൽ തന്നെ കളയാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ ചീത്ത പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ശവപ്പെട്ടി കണ്ടെത്തിയെന്നത് മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ പറ്റിയ ഒരു തലക്കെട്ട് ആണെന്ന് ഓർത്തായിരുന്നു അവരുടെ എതിർപ്പ്. ആ ശവപ്പെട്ടിയും അങ്ങനെ ഞങ്ങൾ ആംബുലൻസിൽ കയറ്റി. ഏകദേശം എട്ടര മണിയോടെ വീണ്ടും യാത്ര തുടർന്നു.ചെന്നൈ നഗരം പിന്നിട്ടതിനുശേഷം രാത്രിയിലെപ്പോഴോ തമിഴ്നാട്ടിലെ ഏതോ കുഗ്രാമത്തിൽ ആ ശവപ്പെട്ടി ഞങ്ങൾ ഉപേക്ഷിച്ചു .

നിത്യമായ ഉറക്കത്തിലായിരുന്ന സുഹൃത്തിനൊപ്പം രണ്ടാംരാത്രിയും ഉറക്കമൊഴിഞ്ഞ് ഞങ്ങൾ യാത്ര ചെയ്തു. ചെന്നൈയിൽനിന്നും പുനലൂർ വരെ.വീട് അടുക്കാറായപ്പോൾ അരുണിന്റെ ബന്ധുക്കളെ വിളിച്ചു. ആളുകൾ നിറഞ്ഞു നിൽക്കുന്ന വീട്ടിൽ വെച്ചു മൃതദേഹം ഫ്രീസറിൽ നിന്നും മാറ്റാൻ പറ്റുന്ന സാഹചര്യം അല്ലാതിരുന്നതിനാൽ അടക്കം ചെയ്യേണ്ട ശവപ്പെട്ടിയുമായി ഞങ്ങൾ വരുന്ന വഴിയിലേക്ക് വരാൻ നിർദ്ദേശിച്ചു. ചെങ്കോട്ട- പുനലൂർ വഴിയിൽ തണലേകി നിന്നിരുന്ന ഒരു പടുകൂറ്റൻ മരത്തണലിൽ വെച്ച് അവർ കൊണ്ടുവന്ന മനോഹരമായ ഒരു ശവമഞ്ചത്തിലേക്ക് അവനെ ഞങ്ങൾ മാറ്റിക്കിടത്തി.

വിവരിക്കാനാവാത്തവിധം ദുഃഖം നിറഞ്ഞുനിന്ന ആ വീട്ടിൽ വളരെ കുറച്ചു സമയം മാത്രമേ ആ മൃതദേഹം സൂക്ഷിക്കാൻ സാധിച്ചുള്ളൂ. കണ്ണുനീർ നിറഞ്ഞ കണ്ണിലൂടെ അവ്യക്തമായി കണ്ട അന്ത്യകർമങ്ങൾ ഇപ്പോൾ ഓർമയിലും അവ്യക്തം.സംസ്കാര ചടങ്ങിനെത്തിയ ദയയുടെ മടിയിൽ തല വെച്ച് കണ്ണുനീർ നനവിൽ ഉറങ്ങി ഞാനും നാട്ടിലേക്ക് തിരിച്ചു.ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഒരു യാത്ര.ഒരിക്കലും മറക്കാൻ കഴിയാത്തതും…

Dr. Jo Joseph 

Share News