
“എൻ്റെ കുഞ്ഞൻ ഭർത്താവാണ് ലോകത്തിലെ ഏറ്റവും കരുത്തനായ പുരുഷൻ”
2008 ലും 2012 ലും പഞ്ചഗുസ്തിയിൽ ലോകചാമ്പ്യനായ കോട്ടയം സ്വദേശി ജോബി മാത്യുവിനെക്കുറിച്ച് 31 ആം വയസ്സിൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് നേടിയ ഭാര്യ മേഘയുടെ വാക്കുകൾ .
കുറവുകൾ ഉള്ളവരെയും അംഗ പരിമിതരെയും അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചു തന്നെ കണ്ടെത്തി നശിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല എന്ന് വാദിക്കുന്നവരുടെ ശബ്ദം ഭയാനകമായ വിധത്തിൽ ശക്തിപ്പെട്ടു വരുമ്പോൾ 65% അംഗപരിമിതനായ ജോബിയുടെ വിജയ ഗാഥ പ്രാധാന്യമർഹിക്കുന്നുണ്ട് .
എണ്ണിപ്പറഞ്ഞാല്‍ ഒടുങ്ങില്ല, നാല്‍പത്തഞ്ചുകാരനായ ജോബി മാത്യുവിന്‍റെ നേട്ടങ്ങൾ . 2013 ലോക ഡ്വാര്‍ഫ് ഗെയിംസില്‍ അഞ്ചു സ്വര്‍ണ മെഡലുകള്‍, 2008, 2012 വര്‍ഷങ്ങളിലെ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ (ഭിന്നശേഷിക്കാരിലും ജനറല്‍ കാറ്റഗറിയിലും), ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍ എന്നിവയിലുംഒക്കെയായി 18 അന്താരാഷ്ട്ര മെഡലുകള്‍ ഇന്ത്യയില്‍ എത്തിച്ച കായികതാരം.
കരാട്ടെയിൽ ബ്രൗൺ ബെൽറ്റ് ഉള്ള ജോബി ആയിരത്തിൽപ്പരം വേദികൾ പിന്നിട്ട ഒരു മോട്ടിവേഷണൽ സ്പീക്കറും കൂടിയാണ് .”കാലില്ലാത്ത എന്‍റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോട്ടിവേഷന്‍ ക്ലാസുകളില്‍ ഞാന്‍ മറ്റുള്ളവരോട് സംസാരിക്കുന്നത്. മറ്റുള്ളവരുടെ കഥകളല്ല എന്‍റെ തന്നെ കഴിഞ്ഞ കാലം അവര്‍ക്ക് മുന്നില്‍ പറയുന്നു. അതായിരിക്കാം കേള്‍വിക്കാരെ എന്നിലേക്ക് അടുപ്പിക്കുന്നത്”. ജോബിയുടെ വാക്കുകൾ .
എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന തൻ്റെ അടുത്ത ലക്ഷ്യം സാക്ഷാത്കരിക്കുവാനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ ജോബി . സംശയമൊന്നുമില്ല ജോബിയെ കാണുന്ന മാത്രയിൽ എവറസ്റ്റു കൊടുമുടി നാണിച്ചു തലതാഴ്ത്തിക്കൊടുക്കും എന്ന കാര്യത്തിൽ .
“എൻ്റെ അപ്പൻ ഒരു സൂപ്പർ ഹീറോയാണ് . അപ്പനു ഏതു കൊടുമുടികളും കീഴടക്കാൻ കഴിയും” ജോബിയുടെ മകൻ ജ്യോതിസ്സിൻ്റെ വാക്കുകൾ .
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന ഓരോ ശിശുവിനും ജനിക്കുവാനുള്ള അവകാശമുണ്ട് . ആ അവകാശത്തേക്കാൾ വലുതല്ല ഭൂമിയിൽ ജനിക്കാൻ അവസരം കിട്ടിയ ഏതൊരു മനുഷ്യൻ്റെയും അവകാശം . വെറും 104 സെൻ്റിമീറ്റർ മാത്രം പൊക്കമുള്ള 65 % അംഗപരിമിതനായ ജോബി മാത്യുവിനെപ്പോലെ ഒരുപാട് പേർ 100% പൂർണ്ണരെന്ന് അഭിമാനിക്കുന്നവരേക്കാൾ നന്നായി ഈ ലോകത്തിൽ വിസ്മയങ്ങൾ തീർത്തിട്ടുണ്ട് .
ഒരു കുഞ്ഞ് ലോകത്തിൽ ജനിക്കേണ്ട എന്നു തീരുമാനിക്കുന്നതിനേക്കാൾ വലിയ സ്വാർത്ഥത മറ്റെന്തുണ്ട് ?
Bobby Thomas