നവാബ് രാജേന്ദ്രൻ. |ആളേക്കൂട്ടി സമരങ്ങൾ സംഘടിപ്പിക്കാതെ, പത്രസമ്മേളനത്തിൽ വെളിപ്പെടുത്തലുകൾ നടത്തി ആളാകാൻ നോക്കാതെ അഴിമതിക്കും അനീതിക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഒരു യത്ഥാർഥ സാമൂഹ്യസേവകൻ.

Share News

നവാബ് രാജേന്ദ്രൻ. ആളേക്കൂട്ടി സമരങ്ങൾ സംഘടിപ്പിക്കാതെ, പത്രസമ്മേളനത്തിൽ വെളിപ്പെടുത്തലുകൾ നടത്തി ആളാകാൻ നോക്കാതെ അഴിമതിക്കും അനീതിക്കുമെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഒരു യത്ഥാർഥ സാമൂഹ്യസേവകൻ. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കിൽ! വെറുതേ ആശിച്ചുപോകുന്നു.

എറണാകുളത്തെ സ്ഥിരം കാഴ്ചയായിരുന്നുമുട്ടോളമെത്തുന്ന മുഷിഞ്ഞ കാവിജുബ്ബയും കാവിമുണ്ടുമുടുത്ത്, തോളിൽ ഒരു തുണിസഞ്ചിയുമായി ഏകനായി നടന്നു നീങ്ങുന്ന ഒരു കൃശഗാത്രൻ.കട്ടിഫ്രെയിമുളള വലിയ കണ്ണടയും വെട്ടിയൊതുക്കാത്ത താടിയും മുടിയുമൊക്കെ കൂടി ആകപ്പാടെ ഒരു കോലംകെട്ട രൂപം. ചിലപ്പോൾ അദ്ദേഹത്തെ കാണുക ആരുടേയെങ്കിലും സ്കൂട്ടറിനു പിന്നിലിരുന്ന് ഷണ്മുഖം റോഡിലൂടെ ചീറിപ്പായുന്നതായിരിക്കും.എങ്ങിനെയായാലും യാത്ര അവസാനിക്കുക കേരളാ ഹൈക്കോടതിയുടെ മുൻപിലായിരിക്കും.

ഇന്റെർനെറ്റും സെൽഫോണും സോഷ്യൽ മീഡിയകളുമൊന്നുമില്ലാതിരുന്ന കാലം. ഒറ്റക്ക് കേരളം മുഴുവൻ നടന്ന്, ഓരോ അഴിമതികൾ കണ്ടെത്തി, തെളിവുകൾ ശേഖരിച്ച് പൊതുതാത്പര്യ ഹർജ്ജികൾ നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ഒരു മുൻ മന്ത്രിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടിവരെ വന്നു അദ്ദേഹം നൽകിയ കേസ്സിന്റെ പേരിൽ. കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ കെ. കരുണാകരന് ഉറക്കമില്ലാത്ത എത്രയോ രാത്രികൾ സമ്മാനിച്ചു ഈ നവാബ്!ഒടുവിൽ അദ്ദേഹത്തെ ശല്യക്കരനായ വ്യവഹാരിയായിപ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സർക്കാർ കോടതിയിലെത്തി. പക്ഷെ അദ്ദേഹം നൽകിയ കേസ്സുകളിൽ പകുതിയലധികം കേസ്സുകളിലും കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി ആ ആവശ്യം തള്ളിക്കളഞ്ഞു.

തൃശ്ശൂരിൽ നവാബ് എന്ന പേരിലൊരു പത്രം തുടങ്ങിയാണ് രാജേന്ദ്രൻ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധം ആരംഭിക്കുന്നത്. പല ഉദ്യോഗസ്ഥ പ്രമാണിമാരേയും തുറന്നു കാണീച്ച അദ്ദേഹത്തിന് അതിന്റെ പേരിൽ ഏറെ കഷ്ടൻഷ്ടങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. കുപ്രസിദ്ധമായ തട്ടിൽ എസ്റ്റേറ്റ് കൊലപാതക കേസ്സിൽ കെ. കരുണാകരന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപെട്ടു. അതിന്റെ പേരിൽ അദ്ദേഹത്തിന് വളരെ ക്രൂരമായ മർദ്ധനം ഏൽക്കേണ്ടിവന്നു. മർദ്ധനം താങ്ങാനാകാതെ പ്രസ്തുത രേഖകൾ അഴീക്കോടൻ രാഘവന് കൈമാറിയെന്ന് അദ്ദേഹം വെളിപ്പെടുത്തുകയും അത് അവസാനം അഴീക്കോടന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തതായി അക്കാലത്ത് വിമർശനമുണ്ടായിരുന്നു.

മർദ്ധനങ്ങൾക്കും പീഢനങ്ങൾക്കുമൊടുവിൽ നവാബ് പത്രം പൂട്ടേണ്ടിവന്നു. എങ്കിലും ആ പേർ സ്വന്തം പേരിനൊപ്പം സ്വീകരിച്ചുകൊണ്ട് അദ്ദേഹം അഴിമതിക്കെതിരെ പടപൊരുതാൻ പുതിയൊരു മാർഗ്ഗം കണ്ടെത്തി. പൊതു വ്യ്വഹാര ഹർജ്ജികളായിരുന്നു ആ മാർഗ്ഗം.ഒട്ടുമിക്ക കേസ്സുകളും സ്വന്തമായി വാദിച്ചിരുന്ന അദ്ദേഹം ഒരുപാട് കള്ളനാണയങ്ങളെ തുറന്നു കാട്ടിയിട്ടുണ്ട്.സ്വന്തമായി വീടില്ലാത്ത അദ്ദേഹം അന്തിയുറങ്ങിയിരുന്നത് അധികവും പൊതുസ്ഥലങ്ങളിലായിരുന്നു. അല്ലെങ്കിൽ വളരെ അടുത്ത ഏതെങ്കിലും ഒരു സുഹൃത്തിനോടൊപ്പം.എങ്കിലും അദ്ദേഹത്തിന് സ്വന്തമായൊരു മേല്വിലാസമുണ്ടായിരുന്നു. നവാബ് രാജേന്ദ്രൻ, ഹൈക്കോടതി വരാന്ത, എറണാകുളം എന്ന മേല്വിലാസത്തിൽ കത്തയച്ചാൽ അത് കൃത്യമായി അദ്ദേഹത്തിന് ലഭിക്കുമായിരുന്നത്രെ!

ഒരിക്കൽ എറണാകുളം ബോട്ട്ജെട്ടിക്കടുത്തുള്ള ഇന്ത്യൻ കോഫീ ഹൗസിൽ വച്ച് അദ്ദേഹത്തോട് ചോദിച്ചു.”അങ്ങയുടെ പ്രവർത്തനം കുറേക്കൂടി സംഘടിതമായി നടത്തിക്കൂടെ?”അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി.ഞാൻ നയിക്കാനുമില്ല പിന്തുടരുവാനുമില്ല. ആർക്കെങ്കിലും ഞാൻ ചെയ്യുന്നതുപോലെ ചെയ്യണമെന്നുണ്ടെങ്കിൽ അവർ സ്വന്തമായി അങ്ങിനെ ചെയ്യട്ടെ.മാത്രമല്ല ഒരു സംഘടനയൊക്കെ നടത്തിക്കൊണ്ടുപോവുക എന്നത് ഏറെ പണചിലവുള്ള കാര്യമാണ്. പലരുടേയും കയ്യിൽനിന്നും സംഭാവനകൾ സ്വീകരിക്കേണ്ടതായി വരും. പിന്നെ നമ്മൾ അവരുടെ ഇംഗീതത്തിനു നിൽക്കേണ്ടിവരും.”

അദ്ദേഹം നടത്തിയ പ്രവർത്തങ്ങൾക്കുള്ള ആദരവായി ഒരു ഉത്തരേന്ത്യൻ ട്രസ്റ്റ് അദ്ദേഹത്തിന് അവാർഡ് നൽകി ആദരിച്ചു. അവാർഡ്തുകയായി കിട്ടിയ ഒരു ലക്ഷം രൂപയിൽനിന്നും ആയിരം രൂപ സ്വന്തം ചിലവിനായി നീക്കി വച്ചിട്ട് ബാക്കി തുക മുഴുവനും സർക്കാരിനു നൽകി. എറണാകുളം ജനറൽ ആസ്പത്രിയിൽ അതിമനോഹരമായ ഒരു മോർച്ചറി നിർമ്മിക്കുവാൻ. മരിച്ചവർ സൗന്ദര്യം ആസ്വദിച്ചു കിടക്കട്ടെ എന്നാണ് അദ്ദേഹം അതിനേക്കുറിച്ച് പറഞ്ഞത്. മരണശേഷം തന്റെ ശരീരം പഠനാവശ്യങ്ങൾക്ക് വിട്ടു നൽകാനാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പഠനാവശ്യത്തിനുശേഷം അദ്ദേഹത്തിന്റെ മൃദദേഹം സംസ്കരിക്കുവാൻ വേണ്ടരീതിയിൽ മുങ്കൈ എടുക്കാതിരുന്ന അന്നത്തെ സംസ്ഥാന സർക്കാരിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. അങ്ങിനെ മരണം പോലും വിവാദമാക്കിയ ആ വിപ്ലവകാരി ഇന്നു ജീവിച്ചിരുന്നെങ്കിൽ എന്നു വിചാരിച്ചുപോകുന്നു

Denny Thomas Vattakunnel

Share News