സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ്സിനിമ റിവ്യൂകൾ |മനസാക്ഷിയെ വഞ്ചിച്ച് സ്വന്തം വ്യക്തിത്വത്തെ മലിനീകരിക്കുന്ന താരാരാധകർ, പ്രത്യയശാസ്ത്ര അടിമകൾ

Share News

സ്ഥാപിത താത്പര്യങ്ങളോടെ ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ സിനിമയ്ക്കും നിർമാതാവിനും വരുത്തിവയ്ക്കുന്ന ദോഷങ്ങൾ വലിയ ചർച്ചകൾക്ക് വഴിവച്ചത് കഴിഞ്ഞയിടെയുണ്ടായ ഹൈക്കോടതി ഇടപെടലിലൂടെയാണ്. അത്തരമൊരു പ്രതിഭാസം കേരളത്തിലുണ്ട് എന്ന് കോടതി അംഗീകരിക്കുകയുണ്ടായി. ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട് ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇത്തരം വസ്തുതകൾ കോടതിക്കോ ഏതാനും ചിലർക്കോ മാത്രമല്ല അത്യാവശ്യം ചിന്താശേഷിയുള്ള ആർക്കുംതന്നെ മനസിലാക്കാൻ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. സാമ്പത്തിക ലക്ഷ്യങ്ങളോ സ്ഥാപിതതാത്പര്യങ്ങളോ മൂലം പ്രമുഖ യൂട്യൂബേഴ്സ് ചെയ്യുന്ന നെഗറ്റീവ് റിവ്യൂകൾ മാത്രമല്ല, ഫാൻസുകളുടെ സോഷ്യൽമീഡിയ ഇടപെടലുകളും, ഫേസ്ബുക്ക് ഗ്രൂപ്പുകളിലെയും മറ്റും കമന്റ് യുദ്ധങ്ങളും സിനിമകളുടെയും സിനിമാതാരങ്ങളുടെയും പിന്നണി പ്രവർത്തകരുടെയും പ്രതിച്ഛായയ്ക്ക് പലപ്പോഴും കളങ്കം സൃഷ്ടിക്കുന്നുണ്ട്.

അത്ര നല്ലതല്ലാത്ത സിനിമകളെ ലോകോത്തരമെന്ന് വിശേഷിപ്പിച്ച് മഹത്വവൽക്കരിക്കുന്ന എഴുത്തുകളും, അതിന്റെ മറുപടിയായി മറുപക്ഷം നടത്തുന്ന പ്രത്യാക്രമണങ്ങളും ഒരുപോലെ സിനിമ മേഖലയ്ക്ക് ദോഷമായി മാറുന്നു. സിനിമകൾ റിലീസായി മണിക്കൂറുകൾക്കുള്ളിൽ വളരെ നല്ലതെന്നും വളരെ മോശമെന്നുമുള്ള അഭിപ്രായ പ്രകടനങ്ങളുടെ മൽസരസ്വഭാവമുള്ള കുത്തൊഴുക്ക്, ഇത്തരം അഭിപ്രായപ്രകടനങ്ങളെ മുഖവിലയ്ക്ക് എടുക്കാൻ കഴിയാതാക്കിയ സാഹചര്യമുണ്ട്. ഇത്തരം വിശകലനങ്ങളുടെ വിശ്വാസ്യത ഒരുപോലെ ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയാണ് ഇന്നുള്ളത്.

സമീപകാലത്ത് ഏറ്റവുമധികം മോശം അഭിപ്രായങ്ങൾ സംഘടിത സ്വഭാവത്തോടെ സോഷ്യൽമീഡിയയിൽ പ്രചരിച്ചതായി കണ്ട സിനിമയാണ് “ചാവേർ”. വ്യക്തിപരമായി എനിക്കും സിനിമ കണ്ടിറങ്ങിയ പരിചയക്കാരിൽ ആർക്കും ആ സിനിമയെക്കുറിച്ച് മോശം അഭിപ്രായം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, വളരെനല്ല അനുഭവമെന്ന് എല്ലാവരും തന്നെ പറയുകയും ചെയ്തു. ആ ചലച്ചിത്രം അക്രമ രാഷ്ട്രീയത്തിനെതിരെ സംസാരിച്ചത് ചിലരെ പ്രകോപിപ്പിച്ചതാണ് അതിനെതിരായ സംഘടിത നീക്കങ്ങൾക്ക് കാരണമെന്നതിൽ സംശയമില്ല. ഇത്തരം ലക്ഷ്യങ്ങളോടെ സിനിമയുടെ സ്വീകാര്യതയ്ക്ക് തടസം സൃഷ്ടിക്കാൻ നിൽക്കുന്നവരുടെ പിന്നിൽ ചില പ്രത്യയശാസ്ത്രങ്ങളുടെ ദുഃസ്വാധീനമാണെന്നത് വ്യക്തം.

എന്നാൽ, അന്ധമായ താരാരാധനകൊണ്ടും വ്യക്തിപരമായ മറ്റ് കാരണങ്ങൾകൊണ്ടും ചില സിനിമകളെ മോശമായി ചിത്രീകരിക്കാൻ വെമ്പൽകൊള്ളുന്ന ഒരു വിഭാഗംപേരുടെ പ്രവണത അസഹനീയമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പ്രത്യേകം പരിഗണിക്കേണ്ട വിഷയമാണ്. വ്യക്തിതാൽപ്പര്യങ്ങളുടെ നിഷേധാത്മകമായ കടന്നുകയറ്റം സമൂഹമാധ്യമങ്ങളെ അടക്കിവാഴുന്ന കാഴ്ചകൾ അസഹ്യമാണ്.

നല്ലതിനെ നല്ലതെന്നും, മോശത്തെ മോശമെന്നും വിലയിരുത്താനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, കാഴ്ചകളും കാഴ്ചപ്പാടുകളും ആപേക്ഷികമാണ്. തന്റെ കാഴ്ചയും നിലപാടും അന്തിമമാണ് എന്ന് ഒരാൾ നിശ്ചയിക്കുകയും അത്തരം വാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ അത് മൗലികവാദമായി മാറുന്നു. അയാൾക്ക് ശരിയെന്നും നല്ലതെന്നും തോന്നുന്നതോ, തെറ്റെന്നും മോശമെന്നും തോന്നുന്നതോ എല്ലാവർക്കും അപ്രകാരംതന്നെ ആയിരിക്കണമെന്ന ശാഠ്യമാണ് മൗലികവാദത്തിന്റെ ലക്ഷണം. തനിക്ക് നല്ലതെന്ന് തോന്നുന്നതിനെ “തനിക്ക് നല്ലത്” എന്നും തനിക്ക് മോശമെന്ന് തോന്നുന്നതിനെ “തനിക്ക് മോശം” എന്നും അംഗീകരിച്ചുകൊണ്ടുള്ള അഭിപ്രായ പ്രകടനങ്ങളാണ് ആരോഗ്യകരമായ വിലയിരുത്തലുകൾ. മറ്റുള്ളവർക്ക് അവരവരുടെ കാഴ്ചകൾക്കും ബോധ്യങ്ങൾക്കും അനുസൃതമായി വിലയിരുത്താനുള്ള സ്പേസ് അനുവദിക്കേണ്ടത് ഒരു നല്ല നിരൂപകന്റെ ഉത്തരവാദിത്തമാണ്. അതിനപ്പുറമുള്ള തീവ്രവാദപരമായ വിലയിരുത്തലുകൾ മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്.

ഫിലിം റിവ്യൂകളെയും അനുബന്ധ അഭിപ്രായപ്രകടനങ്ങളെയും മുഖവിലയ്ക്കെടുക്കാൻ കഴിയില്ല എന്ന ഒരവസ്ഥ സമൂഹ്യമാധ്യമങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത് അത്യന്തം ദോഷകരമായ ഒരവസ്ഥയാണ്. സ്വന്തം വ്യക്തിത്വം താരാരാധനയുടെ പേരിലോ, പ്രത്യയശാസ്ത്രങ്ങളുടെ പേരിലോ പണയം വയ്ക്കുന്നവർ ആത്മവഞ്ചനയാണ് ചെയ്യുന്നത്. ഓരോ സിനിമയും ഒരു കലയാണ്, അത് അനേകരുടെ അധ്വാനമാണ്, അതിന് പിന്നിൽ വലിയ സാമ്പത്തിക ബാധ്യതകളും സ്വപ്നങ്ങളുമുണ്ട്. വ്യക്തി വിരോധത്തിന്റെയും സ്ഥാപിത താത്പര്യങ്ങളുടെയും പേരിൽ വിദ്വേഷപ്രചരണങ്ങൾ നടത്തുന്നവരെയും, താരാരാധനയുടെയോ പ്രത്യയശാസ്ത്രങ്ങളുടെയോ പേരിൽ അതിന് വഴിയൊരുക്കുന്നവരെയും നിയന്ത്രിച്ചുനിർത്തേണ്ടത് അനിവാര്യതയായി മാറിയിരിക്കുന്നു.

അതിന് മുൻകൈ എടുക്കേണ്ടത് ചലച്ചിത്ര താരങ്ങളും, ചലച്ചിത്ര സംഘടനകളും, സോഷ്യൽമീഡിയയിലെ സിനിമാ ഗ്രൂപ്പുകളും, മാധ്യമങ്ങളുമാണ്. സർക്കാരിനും നീതിപീഠത്തിനും ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാനാവുമെന്ന് കരുതാനാവില്ല.

എല്ലാത്തിനുമപ്പുറം, മനസാക്ഷിയെ വഞ്ചിച്ച് സ്വന്തം വ്യക്തിത്വത്തെ മലിനീകരിക്കുന്ന താരാരാധകരും, പ്രത്യയശാസ്ത്ര അടിമകളും സ്വയം തിരുത്താൻ തയ്യാറാവുകയാണ് യുക്തം.

Vinod Nellackal

✍️ വിനോദ് നെല്ലിക്കൽ

Mass psychology manipulation

Evil Influence of Social Media

Share News