അടുത്ത അധ്യയനവര്‍ഷം അഞ്ച് ക്ലാസുകളില്‍ പുതിയ പുസ്തകങ്ങള്‍; പാഠ്യപദ്ധതി കരട് ചട്ടക്കൂട്‌ വ്യാഴാഴ്ച

Share News

തിരുവനന്തപുരം: അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അഞ്ച് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

ഒന്ന് , മൂന്ന്, അഞ്ച് ഏഴ്, ഒമ്ബത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കാനാണ് ശ്രമമമെന്നും ശിവന്‍കുട്ടി പറഞ്ഞു.

സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിച്ചിട്ട് 15 വര്‍ഷം പിന്നിടുകയാണെന്നും ഈ പശ്ചാത്തലത്തിലാണ് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ജനകീയമായ ചര്‍ച്ചകളും കുട്ടികളുടെ ചര്‍ച്ചകളും,പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിര്‍ത്തിയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പാഠ്യപദ്ധതിയാണ് രൂപീകരിക്കുന്നത്.

ഈ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം 26 മേഖലകളില്‍ നിലപാട് രേഖ തയ്യാറാക്കുക എന്നതായിരുന്നു. ജനകീയ, വിദ്യാര്‍ത്ഥി ചര്‍ച്ചകളിലൂടെയും ടെക് പ്ലാറ്റ്ഫോമിലൂടെ ലഭിച്ച അഭിപ്രായങ്ങളും പരിഗണിച്ചിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നാല് മേഖലകളിലെ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിക്കുന്നുണ്ട്. അതില്‍ ആദ്യത്തേതായ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും, കുട്ടികളുടെ ചര്‍ച്ചകളുടെ ക്രോഡീകരിച്ച റിപ്പോര്‍ട്ടും വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ന് സഹകരണ ടവറില്‍ വച്ച്‌ നിര്‍വ്വഹിക്കുകയാണ്. പ്രീ പ്രൈമറി പാഠ്യപദ്ധതി, അധ്യാപക വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം എന്നീ മേഖലകളില്‍ തയ്യാറാക്കിയ ചട്ടക്കൂടുകള്‍ ഒക്ടോബര്‍ 9 ന് പ്രകാശനം ചെയ്യും.

ഒന്ന്, മൂന്ന്, അഞ്ച്‌, ഏഴ്, ഒമ്ബത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ അടുത്ത അക്കാദമിക വര്‍ഷം സ്‌കൂളുകളില്‍ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. കൂടാതെ അധ്യാപക സഹായി, ഡിജിറ്റല്‍ ടെക്സ്റ്റ്, രക്ഷിതാക്കള്‍ക്കുള്ള ടെക്സ്റ്റ് എന്നിവയും തയ്യാറാക്കും. പഠനം മുടങ്ങുന്ന സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കുട്ടികള്‍ക്ക് സ്വയം പഠിക്കാവുന്ന തരത്തിലാണ് ഡിജിറ്റല്‍ ടെക്സ്റ്റ് വികസിപ്പിക്കുക. കൂടാതെ ഭിന്നശേഷി കുട്ടികള്‍ക്കായി ഓഡിയോ ടെക്സ്റ്റും പുറത്തിറക്കും.

Share News