ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്.|കോഴ്സ് തിരയാൻ സ്മാർട്ട് വഴി

Share News

കോഴ്സ് തിരയാൻ സ്മാർട്ട് വഴി

നിങ്ങൾ ഒരു രക്ഷകർത്താവ് ആണെങ്കിൽ, മൂന്നു പുസ്തകങ്ങളുടെ ഈ 300 താളുകളിലെ തരാതരം കോഴ്സുകൾക്കും പരീക്ഷകൾക്കും കരിയറുകൾക്കുമിടയിൽ ഒരു സ്മാർട്ട് ഭാവി നിങ്ങളുടെ കുട്ടിയെ കാത്തിരിപ്പുണ്ട്.


*
വിദ്യാഭ്യാസ ബിസിനസ് നടത്തുന്നവരുടെ പരസ്യങ്ങൾ; അവർക്കുവേണ്ടിയുള്ള പ്രദർശനങ്ങൾ; രക്ഷാകർത്താക്കൾ തങ്ങൾക്ക് അറിയാവുന്ന പരമ്പരാഗത കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; കൂട്ടുകാർ തങ്ങളുടെ ചേച്ചിയോ ചേട്ടനോ ചേർന്ന കോഴ്സുകളെക്കുറിച്ച് പറയുന്ന കാര്യങ്ങൾ; ചില പത്രങ്ങളിൽ വല്ലപ്പോഴും വന്നു പോകുന്ന കുറിപ്പുകൾ. മലയാളി കുട്ടികൾക്ക് സ്വന്തം കോഴ്സ് തിരഞ്ഞെടുക്കുവാൻ വേണ്ട വിവരസ്രോതസ്സ് ആയി ഇത്രയേ ഉണ്ടായിരുന്നുള്ളൂ.

പ്രസക്ത വിവരങ്ങൾ ഒരുമിച്ചു കിട്ടുന്ന വിവരകോശങ്ങൾ പുസ്തകമായോ പോർട്ടൽ ആയോ മലയാളത്തിൽ ഉണ്ടാവുക എന്നതാണു പരിഹാരം. എന്നാൽ കോഴ്സുകളെയും കരിയറുകളെയുംകുറിച്ചുള്ള മാർഗദർശനം നിരന്തരം അപ്ഡേറ്റ് ചെയ്തു പ്രസിദ്ധീകരിക്കേണ്ടതിനാൽ, വലിയ പ്രസാധകർ മാറിനിന്നു.

റെജി ടി. തോമസ്

ഇവിടേക്കാണ് പൊതുതാല്പര്യാർത്ഥം റെജി ടി തോമസും എഡിറ്റിന്ത്യയും കടന്നുവന്നത്. പുതിയ വിവരങ്ങൾ ചേർത്ത് പരിഷ്കരിച്ചുകൊണ്ടേയിരിക്കുന്ന ജനോപകാര പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധീകരിക്കുക എന്ന ധീരശ്രമം.

നേരത്തെ ചില പ്രമുഖ പ്രസാധകർക്കുവേണ്ടി ‘101 ന്യൂ ജനറേഷൻ കോഴ്സുകൾ ‘, ‘അഭിരുചിയറിഞ്ഞു കരിയർ’, ‘കരിയർ ഗൈഡ് ‘ തുടങ്ങിയ ജനപ്രിയ കരിയർ ഗൈഡൻസ് ഗ്രന്ഥങ്ങൾ തയ്യാറാക്കിയ റെജി ടി തോമസ് ഇപ്പോൾ എഡിറ്റിന്ത്യ ബുക്സിലൂടെ ഹൈസ്കൂൾ മുതലുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒരു കരിയർ പ്ളാനിംഗ് പുസ്തക ത്രിതയം (trilogy) അവതരിപ്പിക്കുകയാണ്:
‘സ്മാർട്ട് കോഴ്സുകൾ’, ‘മെഡിക്കൽ അനുബന്ധ കോഴ്സുകൾ’, ‘ഐഎഎസ് വിജയമന്ത്രങ്ങൾ’ എന്നു മൂന്നു പുസ്തകങ്ങൾ.

സ്മാർട്ട് കോഴ്സുകൾ
പ്ലസ്ടു കഴിഞ്ഞുള്ള സ്മാർട്ട് കരിയറുകളുടെ ധീരനൂതന ലോകം ‘മാറ്റർ ഓഫ് ഫാക്ട് ‘ ആയി തുറന്നിടുകയാണ് ഇതിൽ. ഇന്റർനെറ്റ് യുഗാരംഭം മുതൽ മലയാളത്തിൽ നവവിദ്യാഭ്യാസ മാർഗദശക ഗ്രന്ഥങ്ങളുടെ രചയിതാവും ആദ്യ മലയാളം കംപ്യൂട്ടർ മാസികയുടെ പത്രാധിപരുമായിരുന്ന റെജിയുടെ ഏറ്റവും പുതിയ പുസ്തകം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഡേറ്റാ അനലിറ്റിക്സ് , ഡിജിറ്റൽ മാർക്കറ്റിംഗ് , ക്ലൗഡ് കംപ്യൂട്ടിംഗ്, റോബോട്ടിക്സ്, സൈബർ സെക്യൂരിറ്റി, തുടങ്ങിയവ മുതൽ ബയോടെക്നോളജി, നാനോടെക്നോളജി, ബയോഇൻഫർമാറ്റിക്സ്, മോളിക്യുലർ ബയോളജി, ലോജിസ്റ്റിക്സ്, ഡവലപ്മെന്റ് സയൻസ്, കൾനറി ആർട്സ്, ഡിസാസ്റ്റർ മാനേജ്മെന്റ് വരെയുള്ള നവീന കോഴ്സുകളും, എന്നും ഡിമാൻഡുള്ള പരമ്പരാഗത കോഴ്സുകളും പരിചയപ്പെടുത്തുന്നുന്നു.

മെഡിക്കൽ അനുബന്ധ കോഴ്സുകൾ
കോവിഡനന്തരം ഏറ്റവും കൂടുതൽ അവസരങ്ങൾ കാത്തിരിക്കുന്ന മേഖലകളിലൊന്നാണ് ആരോഗ്യരംഗം. ഈ രംഗത്തെ വിദ്യാഭ്യാസത്തിന്റെ പുത്തൻ സാധ്യതകൾ പരിചയപ്പെടുത്തുന്നുന്ന പുസ്തകമാണ് ‘മെഡിക്കൽ അനുബന്ധ കോഴ്സുകൾ’.

ബയോളജി ഗ്രൂപ്പുകാരുടെ ഉപരിപഠന സാധ്യതകൾ, പാരാമെഡിക്കൽ ബിരുദകോഴ്സുകൾ, ഫാർമസി കോഴ്സുകൾ, വൈദ്യശാസ്ത്ര സാങ്കേതിക കോഴ്സുകൾ, നഴ്സിംഗിലെ പുതിയ ശാഖകൾ എല്ലാം ഉള്ളടക്കം ആകുന്നു.

ഫിഷറീസും വെറ്റിനറി സയൻസും മുതൽ മെഡിക്കൽ കോഡിംഗ് വരെ, ഡയഗ്നോസ്റ്റിക് ടെക്നോളജി മുതൽ റിഹാബിലിറ്റേഷൻ വരെ, ബയോഫിസിക്സ് മുതൽ ബയോസ്റ്റാറ്റിസ്റ്റിക്സ് വരെ…. മെഡിസിനു സീറ്റ് കിട്ടാത്ത സമർത്ഥർക്കു തിരഞ്ഞെടുക്കാനുള്ള നൂറോളം മികച്ച കോഴ്സുകൾ ഒറ്റ പുസ്തകത്തിൽ.

ഐഎഎസ് വിജയമന്ത്രങ്ങൾ
കഴിഞ്ഞ നൂറ്റാണ്ടില്‍ വരേണ്യവര്‍ഗത്തിന്‍റെ  കുത്തകയായിരുന്നു സിവില്‍ സര്‍വീസ്. ഇന്നത് റിക്ഷ വലിച്ചു ചോര തുപ്പുന്നവന്‍റെ മകനും എഴുതി പാസാവുന്ന പരീക്ഷയാണ്. സിവില്‍ സര്‍വീസ് പരീക്ഷ അടിമുടി മാറിയിരിക്കുന്നു.
2007 ഐ.എ.എസ്. ബാച്ചിലെ ഗോവിന്ദന്‍റെ അച്ഛന്‍  റിക്ഷാക്കാരനായിരുന്നു. ആ ബാച്ചിലെ ഒന്നാം റാങ്കുകാരന്‍ രാജുവാകട്ടെ കറന്‍റും വെള്ളവും ഇല്ലാത്ത കുഗ്രാമത്തിന്‍റെ സന്തതിയും.
2009 ബാച്ചിലെ ജയഗണേശ് വെല്ലൂരില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. പത്രം വിറ്റ് ജീവിച്ച മധ്യപ്രദേശുകാരന്‍ നിരീഷ് 2013-ല്‍ ഐ.എ.എസുകാരനായി.

സ്കൂളിലും കോളജിലും പഠിക്കുമ്പോള്‍ ആദ്യ റാങ്കുകാരില്‍ ഒരാളാവണമെന്നില്ല. എന്നാല്‍ ഡിഗ്രിയോടെയെങ്കിലും, ഐ.എ.എസ് ഉറച്ച സ്വപ്നമാവണം. അതൊരു വികാരമാവണം. അതിനുവേണ്ടി ‘സ്മാര്‍ട്ട്’ ആയി അദ്ധ്വാനിക്കുവാന്‍  ഉറയ്ക്കണം. ഐ.എ.എസ് വിജയമന്ത്രങ്ങള്‍ അറിഞ്ഞ്, പത്രവായന മുതല്‍ പ്രസംഗ പരിശീലനവും മോക് ഇന്‍റര്‍വ്യൂവും വരെ സ്മാര്‍ട്ടായി ശീലിക്കണം – പരാജയങ്ങളില്‍ വീണുപോകാതെ വീണ്ടും  പരിശ്രമിക്കുക. അത്രയേ വേണ്ടൂ. ഡിഗ്രി ഏതു വിഷയത്തിലുമാകാം.

ഐ.എ.എസ്. അടക്കം സര്‍ക്കാര്‍ ഉദ്യോഗത്തിന്‍റെ ഏറ്റവും മുകള്‍ത്തട്ടിലെ 24 സര്‍വീസുകളിലേക്കും മറ്റ് 5 സ്പെഷലൈസ്ഡ് സര്‍വീസുകളിലേക്കുമുള്ള പരീക്ഷയെക്കുറിച്ചും അതിനുള്ള ഒരുക്കത്തെക്കുറിച്ചും നിങ്ങള്‍ അറിയാനാഗ്രഹിക്കുന്നതെല്ലാം “ഐഎഎസ് വിജയമന്ത്രങ്ങളിൽ” വായിക്കാം.
ഒപ്പം, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നു വന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തിയ 25 മലയാളികളുടെ വിജയമന്ത്രങ്ങളും.

നിസ്സാരവത്കരിക്കപ്പെട്ട കുടുംബങ്ങളിൽനിന്നും ഗ്രാമീണ ചുറ്റുപാടുകളിൽനിന്നും സർക്കാർ ഉദ്യോഗത്തിന്റെ മുകൾത്തട്ടുകളിലേക്കു കൂടുതൽ യുവതീയുവാക്കൾ എത്തുന്നതിന് അതിന്റേതായ ജനായത്ത മൂല്യമുണ്ടല്ലോ.
സിവിൽ സർവീസ് പരിശീലനകേന്ദ്രങ്ങൾക്കപ്പുറമുള്ള പരിചയപ്പെടുത്തലുകളും പ്രചോദനങ്ങളും അതിന് ആവശ്യംതന്നെ. അതിലേക്ക് ഏറെ ഉപകരിക്കുന്ന പുസ്തകമാണിത്.

സിവിൽ സർവീസിന്റെയും സിവിൽ സർവീസ് പരീക്ഷയുടെയും ഘടന, അൽഫോൻസ് കണ്ണന്താനവും മുഹമ്മദ് ഹനീഷും പ്രശാന്ത് നായരും രേണു രാജും ശ്രീധന്യാ സുരേഷും തുടങ്ങി 25 ഉന്നതവിജയികളുടെ പഠനത്തിന്റെയും പരീക്ഷാനുഭവത്തിന്റെയും പങ്കുവയ്പുകൾ എന്നിവയാണ് ഉള്ളടക്കത്തിൽ ഏറെ ആകർഷകം. സ്ഥിരോത്സാഹം എന്നതാണ് ഇതിലെ ടോപ്പേഴ്സ് ടിപ്പുകളുടെ ഒറ്റ വാക്കിലുള്ള സംഗ്രഹം. അതുകൊണ്ട്, സിവിൽ സർവീസ് ആഗ്രഹിക്കാത്ത കുട്ടികൾക്കുപോലും ജനറൽ റീഡിംഗിനായി രക്ഷിതാക്കൾക്ക് ഇതു വാങ്ങിക്കൊടുക്കാം.

റെജി ടി തോമസിന്റെ ഈ മൂന്ന് പുസ്തകങ്ങൾ ചേർത്തുവയ്ക്കുമ്പോൾ, നിങ്ങളുടെ കുട്ടിയ്ക്ക് ഏതു വിഷയം വിഷമകരമായാലും ഏതു വിഷയത്തിൽ അഭിരുചി ഉണ്ടായാലും അവൾക്ക്/അവന് പറ്റിയ കോഴ്സും കരിയറും ഇതിൽ ഉണ്ടാവും.

അത്രയ്ക്ക് വിശാലമാണ് ഈ പുസ്തകസഞ്ചയികയുടെ വിഷയ ചക്രവാളം. അതാവട്ടെ, ഉയർന്നുവരുന്ന പുതിയ കാലത്തിന്റെ പുതിയ കരിയർ ലൈഫ് കണക്കിലെടുത്തും.

(ഓരോ പുസ്തകത്തിനും 200 രൂപ. എഡിറ്റിന്ത്യ ഫോൺ: 94969 91475).

— ആർ. ജയനാരായൻ

Share News