
എയ്ഡഡ് നിയമനം പിഎസ്‌സിക്കു വിടാൻ ആലോചനയില്ല: കോടിയേരി
കൊച്ചി: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരോ ഇടതു മുന്നണിയോ ഇക്കാര്യം പരിശോധിച്ചിട്ടില്ലെന്ന് കോടിയേരി പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലന്‍ ആവശ്യപ്പെട്ടത് ചര്‍ച്ചയായ സാഹചര്യത്തിലാണ് കോടിയേരിയുടെ പ്രതികരണം. എകെ ബാലന്റെ അഭിപ്രായത്തിനെതിരെ എന്‍എസ്‌എസും കെസിബിസിയും രംഗത്തുവന്നിരുന്നു. അതേസമയം എന്‍സിഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബാലനെ അനുകൂലിച്ചു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ച് ആലോചിച്ചേ തീരുമാനമെടുക്കൂവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്ന് കോടിയേരി വ്യക്തമാക്കി.
എയ്ഡഡ് നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള നീക്കത്തിനു പിന്നില്‍ സിപിഎമ്മിന്റെ ഗൂഢ നീക്കമുണ്ടെന്നായിരുന്നു എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നേരത്തെ പ്രതികരിച്ചത്. എയ്ഡഡ് സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി തുടരുന്ന സേവനം മറക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.