‘കുട്ടനാട് വേണ്ട’: നീ​ന്ത​ല്‍ അ​റി​യി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍

Share News

കോട്ടയം : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാല വിട്ട് മറ്റൊരു സീറ്റിലും മല്‍സരിക്കാനില്ലെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍ എംഎല്‍എ. കുട്ടനാടും മുട്ടനാടും വേണ്ട. തന്റെ സീറ്റ് പാലായാണ്. പാല വിട്ട് എങ്ങോട്ടുമില്ല. കുട്ടനാട് പോയാല്‍ നീന്താന്‍ തനിക്ക് അറിയില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാല കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കേണ്ടി വന്നാല്‍ മാണി സി കാപ്പന് മല്‍സരിക്കാന്‍ കുട്ടനാട് നല്‍കാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പന്‍. തോറ്റ പാര്‍ട്ടിക്ക് സീറ്റ് വിട്ടുനല്‍കേണ്ട ഗതികേട് എന്‍സിപിക്ക് ഇല്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

പാലാ സീറ്റ് മല്‍സരിക്കാന്‍ ലഭിച്ചില്ലെങ്കില്‍ യുഡിഎഫിലേക്ക് പോകണമെന്നാണ് മാണി സി കാപ്പന്റെ നിലപാട്. ഇക്കാര്യം അറിയിക്കാനായി മാണി സി കാപ്പന്‍ നാളെ മുംബൈയിലെത്തി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനെ കാണുമെന്ന് റിപ്പോര്‍ട്ടുണ്ട്.

27 ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കുമെന്ന് മാണി സി കാപ്പന്‍ അറിയിച്ചിട്ടുണ്ട്. എംഎല്‍എമാര്‍ പവാറിനെ കാണുന്നതില്‍ തെറ്റില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

എന്‍സിപി ഇടതുമുന്നണി വിടാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ ജോസ് ടോം പുലിക്കുന്നേലിനെയാണ് മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്.

Share News