
ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും.
ഇനി വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡൻ്റ് പോലീസിനെ പോലെ വെള്ളകുപ്പായമണിഞ്ഞ് സ്റ്റുഡന്റ് ഡോക്ടര്‍മാരും ഉണ്ടാകും. ഒരു ക്ലാസിൽ ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് ആയി ഉണ്ടാകും.
കുട്ടികളിൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും വൈദ്യശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രീയാവബോധം വളര്‍ത്തുക, കൂട്ടുകാരുടെ മാനസിക-ശാരീരികാരോഗ്യ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അവരെ സഹായിക്കാനും പ്രാപ്തരാക്കുക, കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കുക, സാമൂഹികപ്രതിബദ്ധത വളര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതാതു പ്രദേശത്തെ സ്‌കൂള്‍ കൗണ്‍സിലര്‍മാരെയും പബ്ലിക് ഹെൽത്ത് നഴ്‌സുമാരേയും സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. കുട്ടികളുടെ പ്രശ്‌നങ്ങള്‍ ഇവരുമായി നേരിട്ടു പങ്കുവയ്ക്കാന്‍ കുട്ടി ഡോക്ടര്‍മാര്‍ക്ക് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മാനസിക-ശാരീരിക ആരോഗ്യ പ്രശ്‌നങ്ങളിൽ കാര്യക്ഷമമായി എങ്ങനെ ഇടപെടാം എന്ന ആലോചനയാണ് സ്റ്റുഡന്റ് ഡോക്ടര്‍ എന്ന സങ്കല്പത്തിലേക്കെത്തിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്കിടയിൽ നിന്നു തന്നെ താല്പര്യവും മിടുക്കുമുള്ളവരെ കണ്ടെത്തി പരിശീലനം നൽകി അവര്‍ക്ക് തങ്ങളുടെ സഹപാഠികളുടെ പ്രശ്‌നങ്ങളിൽ സക്രിയമായി ഇടപെടാനുള്ള പ്രാപ്തി ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആറുമാസത്തെ പരിശീലനത്തിനു ശേഷം ആദ്യ ബാച്ച് 2017 ഏപ്രിൽ അവസാനത്തോടെയാണ് പുറത്തിറങ്ങിയത്.വയനാട് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ തെരഞ്ഞെടുത്ത 1682 കുട്ടികള്‍ ഇതുവരെ പരിശീലനം നേടി. ആരോഗ്യകേരളം വയനാട് സംസ്ഥാന ആരോഗ്യവകുപ്പിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.