മദ്യപാനവും കാന്‍സര്‍ രോഗവുമായുള്ള ബന്ധത്തെക്കുറിച്ച് ഡോ. ജോജോ ജോസഫ്

Share News

*പലര്‍ക്കും ഉള്ള സംശയമാണ് മദ്യപാനം ശരിക്കും കാന്‍സറിന് കാരണമാകുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്ര ശതമാനത്തോളം സാധ്യതയാണുള്ളത്, കാന്‍സറിനെ അതിജീവിച്ചു കഴിഞ്ഞാല്‍ ചെറിയ അളവില്‍ മദ്യം ഉപയോഗിക്കുന്നതിന് കുഴപ്പമുണ്ടോ തുടങ്ങിയവ.

ഇത്തരത്തില്‍ കാന്‍സറും മദ്യപാനവും എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ള പൊതുവായ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് വര്‍ഷങ്ങളുടെ അനുഭവജ്ഞാനമുള്ള, കേരളത്തിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, ഡോ. ജോജോ ജോസഫ്. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…*

ബംഗ്ലാദേശില്‍ ജോലി ചെയ്യുന്ന സമയം. ഒരു ദിവസം അതിരാവിലെ എറണാകുളത്തുള്ള വക്കീല്‍ സുഹൃത്ത് ഫോണില്‍ വിളിച്ചു. ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് നോക്കി അഭിപ്രായം പറയാന്‍ വേണ്ടിയാണ്. നാല്‍പ്പത്തൊമ്പതു വയസുള്ള അദ്ദേഹത്തിന്റെ ഭാര്യാ സഹോദരനാണ് പ്രശ്നം. റിപ്പോര്‍ട്ട് കണ്ടപ്പോഴേ, കരളിന് കാന്‍സറാണെന്നും സിറോസിസ് ബാധിച്ചിട്ടുണ്ടെന്നും ‘മള്‍ട്ടിഫോക്കലാ’ണെന്നും മനസിലായി. മള്‍ട്ടിഫോക്കല്‍ എന്നു വച്ചാല്‍, ഒരു അവയവത്തില്‍ തന്നെ പലയിടങ്ങളില്‍ കാന്‍സര്‍ ഉള്ള അവസ്ഥ. ബയോപ്‌സി, പെറ്റ് സ്‌കാന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് ശരീരത്തില്‍ മറ്റൊരിടത്തും കാന്‍സറില്ലെന്നും ബോധ്യപ്പെട്ടു. സുഹൃത്തിനെ തിരികെ വിളിച്ച് സംസാരിച്ചപ്പോഴാണ് രോഗിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞത്.

ജോമോന്‍ എന്നാണ് രോഗിയുടെ പേര്; ജോലി നിര്‍മ്മാണമേഖലയില്‍. എറണാകുളം കേന്ദ്രമാക്കിയുള്ള അദ്ദേഹത്തിന്റെ ബിസിനസ് നല്ല രീതിയില്‍ മുന്നോട്ടു പോകുന്നു. താമസവും എറണാകുളത്തു തന്നെ. ബിസിനസ് വളര്‍ന്നതോടൊപ്പം സുഹൃത്‌വലയവും വളര്‍ന്നു. കൗമാരപ്രായത്തില്‍ തന്നെ തുടക്കമിട്ടിരുന്ന മദ്യപാനശീലവും ഇതോടൊപ്പം കൂടി. പതിനാറു വയസുള്ളപ്പോള്‍ അപ്പനാണ് ആദ്യം ഒഴിച്ചു കൊടുത്തത്. പിന്നെയത് തുടര്‍ന്നു. വിവാഹ ശേഷവും മദ്യപാനം അവസാനിപ്പിച്ചില്ല. ക്രമേണ മദ്യപാനം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി. എല്ലാ ദിവസവും ഉച്ചകഴിയുമ്പോള്‍ അയാള്‍ പല പെഗ്ഗുകള്‍ എടുത്തു തുടങ്ങി. വീട്ടില്‍ എല്ലാവരോടും വലിയ സ്നേഹം; ആരോടും കുഴപ്പമില്ല. വിശപ്പില്ലായ്മയും ക്ഷീണവും കാരണം ഒരിക്കല്‍ പരിശോധിക്കാന്‍ ചെന്നപ്പോഴാണ് കരളിന് കാന്‍സര്‍ പിടിപെട്ടു എന്ന് തിരിച്ചറിഞ്ഞത്. ഈ റിപ്പോര്‍ട്ടാണ് എനിക്ക് അവര്‍ അയച്ചത്. പിന്നീട്, വിവിധ ആശുപത്രികളിലേയ്ക്ക് ചികിത്സയ്ക്കായി പോകുന്നതിനു മുന്‍പ് അവര്‍ എന്നോട് റഫര്‍ ചെയ്തിരുന്നു

ഏതായാലും കരള്‍ മാറ്റിവയ്ക്കലാണ് പ്രതിവിധിയെന്ന് കേരളത്തിലെ ഡോക്ടര്‍ നിര്‍ദേശിച്ചു. സാമ്പത്തിക ക്ഷമത ഉണ്ടായിരുന്നതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ, കേരളത്തിലെ ഒരാശുപത്രിയില്‍ 50 ലക്ഷത്തിനു കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് തയാറായി. പക്ഷേ, നിയമ പ്രശ്നം കാരണം അത് നടന്നില്ല. പിന്നെ, ചെന്നൈയിലെ ഒരു ആശുപത്രിയില്‍ എഴുപത് ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് വീട്ടുകാര്‍ ബുക്ക് ചെയ്തു. പക്ഷേ, ചെന്നൈയിലെ ആശുപത്രിയില്‍ ഒരാഴ്ചയോളം കാത്തിരുന്നിട്ടും അവയവം ലഭിക്കാതിരുന്നതിനാല്‍ അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങേണ്ടി വന്നു.

പിന്നീടൊരവസരത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ കാണാനിടയായി. ചെയ്ത സഹായങ്ങള്‍ക്കെല്ലാം നന്ദി പറഞ്ഞശേഷം അവര്‍ എന്നോട് ചോദിച്ചു, “ഡോക്ടറേ മദ്യം കഴിച്ചാല്‍ കാന്‍സര്‍ വരുമോ? ‘ലിവര്‍ ഫെയിലിയര്‍’ അല്ലെങ്കില്‍ ‘സിറോസിസ്’ അല്ലേ വരികയുള്ളു, മദ്യപാനം ഇത്രവേഗത്തിലുള്ള മരണത്തിന് കാരണമാകുമോ?”

അവരുടെ ചോദ്യത്തിനു ഞാന്‍ അപ്പോള്‍ തന്നെ ഉത്തരം നല്‍കി. പക്ഷേ, ഇതേ ചോദ്യം ചോദിക്കുന്ന നിരവധി പേരെ ഇതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ക്കെല്ലാം ഉള്ള ഉത്തരമാണ് ഇനി ഞാന്‍ കുറിക്കുന്നത്.

*മദ്യത്തെക്കുറിച്ച് ചില വസ്തുതകള്‍ പറഞ്ഞു തുടങ്ങാം*_

എഥനോള്‍ അഥവാ ഈഥൈല്‍ ആല്‍ക്കഹോള്‍ എന്ന രാസവസ്തുവിനെയാണ് മദ്യം എന്ന് വിളിക്കുന്നത്. പഞ്ചസാരയെ യീസ്റ്റ് എന്ന പൂപ്പല്‍ പുളിപ്പിക്കുമ്പോഴാണ് ഈഥൈല്‍ ആല്‍ക്കഹോള്‍ ഉണ്ടാവുന്നത്. മദ്യം കഴിച്ചാലോ സെക്കന്റുകള്‍ കൊണ്ടു തന്നെ അത് തലച്ചോറിലും എത്തും. തലച്ചോറിനെ മന്ദീഭവിപ്പിച്ചുകൊണ്ടാണ് മദ്യം പ്രവര്‍ത്തിച്ചു തുടങ്ങുന്നത്._

_അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള അളവനുസരിച്ച് ഒരു ഡ്രിങ്ക് എന്നാല്‍ 250 ml വൈന്‍ അഥവാ 350 ml ബിയര്‍ അതുമല്ലെങ്കില്‍ 40-45 ml ഹാര്‍ഡ് ഡ്രിങ്ക് (വിസ്‌ക്കി, റം) ആണ്. പക്ഷേ നമ്മുടെ നാട്ടിലൊക്കെ ഒരു പെഗ്ഗ് എന്ന് പറയുമ്പോള്‍ 60 ml ആണ്. മോഡറേറ്റ് ഡ്രിങ്ക് അഥവാ ആരോഗ്യപരമായ മദ്യപാനത്തില്‍ ഒരു ദിവസം രണ്ട് ഡ്രിങ്കാണ് (ഒന്നര പെഗ്ഗ്) അനുവദനീയമായത്. അതില്‍ കൂടുതലായാല്‍ ഹെവി ഡ്രിങ്കായി മാറും._

ഒറ്റയിരുപ്പില്‍ നാല് ഡ്രിങ്കില്‍ കൂടുതല്‍ കഴിക്കുന്നവരെയാണ് Binge Drinkers എന്ന് വിളിക്കുന്നത്. ഇക്കൂട്ടരെയാണ് ആല്‍ക്കഹോള്‍ സംബന്ധിയായ മാരകരോഗങ്ങള്‍ കൂടുതലായി ബാധിക്കുന്നതും.__

ഇന്ത്യയില്‍ തന്നെ മദ്യോപഭോഗത്തില്‍ മുന്‍നിരയിലാണ് കേരളം. ഒപ്പം മദ്യപാനത്തിന്റെ കാലയളവും. വളരെ ചെറുപ്പത്തിലേ മദ്യപിക്കുന്നവരുടെ എണ്ണവും കേരളത്തിലാണ് കൂടുതല്‍. മദ്യവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവിധ പഠനങ്ങളെ വിശകലനം ചെയ്തു പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളിലും മദ്യം പലവിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നതായി സ്ഥാപിക്കുന്നുണ്ട്._

*ചില തെറ്റിദ്ധാരണകള്‍*

മദ്യത്തെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് ചെറുപ്പക്കാരില്‍ പലരും വിചാരിക്കുന്നത് മദ്യം ഉത്തേജനവും ഉന്മേഷവും നല്‍കുമെന്നാണ്. മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകാനും സംസാരിക്കാനുമെല്ലാം കുറച്ചുകൂടി ധൈര്യവും ആത്മവിശ്വാസവും ഇതിലൂടെ ലഭിക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. മദ്യപാനത്തിലൂടെ യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഉത്തേജനമല്ല, മറിച്ച് അത് തലച്ചോറിനെ മന്ദീഭവിപ്പിക്കുകയാണ് ചെയ്യുന്നത്. അതുവഴി സമൂഹജീവിതത്തില്‍ നിന്ന് നമ്മില്‍ വന്നുചേര്‍ന്ന പല അപകര്‍ഷതകളും പരിമിതികളും മറികടക്കാന്‍ ആവശ്യമായ ഒരു കൃത്രിമ ധൈര്യമാണ് അപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ മദ്യപാനം പതിവാകുമ്പോള്‍ ആ വ്യക്തിയുടെ ചിന്താശേഷി താനേ നശിക്കുന്നു. ഓര്‍മ്മശക്തി കുറയുന്നു. പഴയകാല കാര്യങ്ങളെല്ലാം വേഗത്തില്‍ മറന്നുപോകുകയും ചെയ്യുന്നു. ഇതെല്ലാം മനസിലാക്കി വരുമ്പോഴേയ്ക്കും സമയം ഏറെ അതിക്രമിച്ചിരിക്കും. അവസാനം ഡിപ്രഷനിലേയ്ക്കും എത്തിച്ചേരും. പിന്നീട് മദ്യപാനം ഒഴികെ എല്ലാത്തിനോടും വിരക്തിയും മടുപ്പും തോന്നിത്തുടങ്ങും. സാവധാനം കുടുംബം, ജോലി, സൗഹൃദം എല്ലാം മറന്ന് മദ്യപാനത്തില്‍ മാത്രം ആശ്രയം വയ്ക്കും.

മദ്യപിച്ചാല്‍ ഉറക്കം കിട്ടുമോ?

ചില ആളുകള്‍ പറയുന്നത് മദ്യപിച്ചാല്‍ നല്ല ഉറക്കം കിട്ടുമെന്നാണ്. അതിനു പിന്നിലെ കാരണമെന്താണെന്ന് നോക്കാം. ആല്‍ക്കഹോള്‍ കഴിയ്ക്കുമ്പോള്‍ ശരിയ്ക്കും ഉറക്കം വരുന്നില്ല എന്നതാണ് സത്യം. പകരം ഒരു മയക്കം മാത്രമാണ് ലഭിക്കുന്നത്. അത് ശരിയായ ഉറക്കമല്ല. പേടിസ്വപ്‌നങ്ങള്‍ കണ്ടും ഉറക്കെ സംസാരിച്ചും ഞരങ്ങിയും മൂളിയുമെല്ലാം അസ്വസ്ഥതപ്പെട്ടുള്ള മയക്കം മാത്രമാണ് മദ്യപാനത്തിനുശേഷം ലഭിക്കുന്നത്. അല്ലെങ്കില്‍ മദ്യം അധികമായി ഉള്ളില്‍ച്ചെന്ന് ബോധം കെട്ടുപോവുകയാണ് ചെയ്യുന്നത്.

ചിലര്‍ പറയുന്നത് ലൈംഗിക ഉത്തേജനം ലഭിക്കാനാണ് മദ്യപിക്കുന്നതെന്നാണ്. അതിന് വിശദീകരണം വിശ്വസാഹിത്യകാരനായ ഷേക്‌സ്പിയര്‍ നല്‍കിയിട്ടുണ്ട്, ‘ it provokes and unprovokes. It provokes the desire, but it takes away the performance’ (ആഗ്രഹങ്ങളെ ഉത്തേജിപ്പിക്കാന്‍ മദ്യത്തിന് കഴിയും പക്ഷേ പ്രകടനത്തെ കുറയ്ക്കും). സ്ഥിരമായി മദ്യം കഴിക്കുന്നതിലൂടെ ലൈംഗിക ബലഹീനത ഉണ്ടാവുകയും അത് പിന്നീട് നിരാശയിലേയ്ക്ക് നയിക്കുകയും ചെയ്യും. മസിലുകളുടെ വലിപ്പം കുറയുന്നതും, ഫാറ്റ് അടിഞ്ഞുകൂടുന്നതും അസ്ഥികളുടെ ബലം കുറയുന്നതുമെല്ലാമാണ് മദ്യപാനം മൂലമുണ്ടാകുന്ന മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍. വിശപ്പില്ലായ്മ, അള്‍സര്‍, ഗ്യാസ്ട്രബിള്‍സ് തുടങ്ങിയവയും പിന്നാലെയെത്തും.

മദ്യപാനം എങ്ങനെ കാന്‍സറിലേയ്ക്ക് നയിക്കുന്നു?

മദ്യപാനം മൂലം ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് കരളിനാണെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യം ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന സ്ഥിതിയിലെത്തും. അതിനുശേഷം ഫാറ്റി ലിവറായും പിന്നെ സിറോസിസായും അത് മാറും. സിറോസിസ് സ്‌റ്റേജിലെത്തിയാല്‍ പിന്നെയൊരു മടക്കമില്ല.

മദ്യം പൂര്‍ണമായും ഒഴിവാക്കിയാലും രോഗാവസ്ഥ കഠിനമാവുകയേയുള്ളു. അവസാനം ലിവര്‍ ഫെയിലിയറോ അല്ലെങ്കില്‍ ലിവറില്‍ കാന്‍സറോ ഉണ്ടാവും. ലിവറില്‍ കാന്‍സര്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം ലിവര്‍ സിറോസിസാണ്. ലിവര്‍ കാന്‍സര്‍ കുറച്ചുപേരില്‍ മാത്രമേ ചികിത്സിയ്ക്കാന്‍ പോലും സാധിക്കുകയുള്ളു. കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുമ്പോഴാണ് അന്നനാളത്തിലേയും മറ്റും രക്തക്കുഴലുകള്‍ വീര്‍ത്ത്, പൊട്ടി, രക്തം ശര്‍ദ്ദിക്കുകയും മറ്റും ചെയ്യുന്നത്. അടുത്തതായി മദ്യം ബാധിക്കുന്നത് ആഗ്നേയഗ്രന്ഥിയെയാണ് (pancreas). മദ്യപാനത്തിലൂടെ പാന്‍ക്രിയാസ് നീരുവയ്ക്കുകയും പിന്നീട് ചുരുങ്ങുകയും പ്രമേഹത്തിന് കാരണമാവുകയും ദഹനപ്രശ്‌നങ്ങളിലൂടെ സ്ഥിരമായി ആ വ്യക്തി ഉദരരോഗിയാവുകയും ചെയ്യും. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിപ്പിക്കുന്നു എന്നതാണ് മദ്യത്തിന്റെ മറ്റൊരു ദൂഷ്യഫലം. അതുകൊണ്ടു തന്നെ കാന്‍സര്‍ അടക്കമുള്ള ഏതു രോഗവും അതിവേഗം മദ്യപാനികളെ പിടികൂടാം.

മദ്യാപാനം കൊണ്ട് എവിടെയൊക്കെ കാന്‍സര്‍ ഉണ്ടാകും?

മദ്യം പലവിധത്തിലുള്ള കാന്‍സറുകള്‍ക്ക് കാരണമാകുന്നുണ്ട്. ഏറ്റവും കൂടുതലായി ലിവര്‍ കാന്‍സറിനാണ് സാധ്യത. ഇത് ചികിത്സിച്ച് ഭേദമാക്കാനും ബുദ്ധിമുട്ടാണ്. ആല്‍ക്കഹോള്‍ കൊണ്ടുണ്ടാകുന്ന സിറോസിസാണ് ഈ കാന്‍സറിന് കാരണമാകുന്നത്. ഇത് കൂടാതെ വായ, തൊണ്ട, അന്നനാളം, ആമാശയം, വന്‍കുടല്‍, മലാശയം, സ്തനപേടകം, പാന്‍ക്രിയാസ് എന്നിവിടങ്ങളിലും മദ്യപാനത്തിലൂടെയുള്ള കാന്‍സറിന് സാധ്യതയുണ്ട്.

എന്തുകൊണ്ട് മദ്യം കഴിക്കുന്നവരില്‍ കാന്‍സര്‍ ഉണ്ടാകുന്നു?

മദ്യം ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് അതേപടി തുടരില്ല. പകരം, വിവിധ പരിണാമങ്ങളിലൂടെ കടന്നുപോകും. വിസര്‍ജ്ജനത്തിനുവേണ്ടി വിവിധ ഉത്പന്നങ്ങളായി മദ്യം മാറും. ഇപ്രകാരം ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെടുന്ന വസ്തുവാണ് അസറ്റാള്‍ഡിഹൈഡ്. അത് നമ്മുടെ ശരീരത്തിലെ ജനിതകവസ്തുവില്‍ തകരാറുണ്ടാക്കുകയും അത് കാന്‍സറിലേയ്ക്ക് നയിക്കുകയും ചെയ്യും. രണ്ടാമതായി, മദ്യം കഴിക്കുന്നവരില്‍ പ്രത്യേകതരം ഓക്‌സിജന്‍ തന്മാത്ര ഉണ്ടാകുന്നുണ്ട്. ഇതിനെ റിയാക്റ്റീവ് ഓക്‌സിഡന്റെന്നോ സൂപ്പര്‍ ചാര്‍ജ്ഡ് ഓക്‌സിഡന്റെന്നോ വിളിക്കുന്നു. ഇത് ഓക്‌സിഡേറ്റീവ് തകരാറിന് കാരണമാകുകയും കാന്‍സറിലേയ്ക്ക് വഴിവയ്ക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കിള്‍ ഇന്‍ജുറി എന്നാണ് ഇതിന്റെ പേര്. മൂന്നാമതായി, സ്ഥിരമദ്യപാനികളുടെ ശരീരത്തിന് കുടലില്‍ നിന്ന് വിറ്റാമിനുകള്‍ പോലുള്ള പല അവശ്യ വസ്തുക്കളും ആഗിരണം ചെയ്യാന്‍ കഴിയാറില്ല. കൂടാതെ ശരിയായ ദഹനവും നടക്കാതെ വരും. ഇക്കാരണങ്ങളാല്‍ കാന്‍സര്‍ സാധ്യത കൂടും. ഇവ കൂടാതെ കരളിലും വന്‍കുടലിലും ആമാശയത്തിലുമെല്ലാം നേരിട്ട് തകരാറുണ്ടാക്കാനും ആല്‍ക്കഹോളിന് കഴിയും.

രോഗപ്രതിരോധശേഷി നശിക്കുന്നതാണ് മദ്യപാനികളില്‍ മാരക രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാനുള്ള മറ്റൊരുകാരണം. ഭക്ഷണകാര്യങ്ങളില്‍ ഉണ്ടാകുന്ന അശ്രദ്ധ മൂലം ആവശ്യത്തിന് പോഷകാംശങ്ങള്‍ ശരീരത്തില്‍ എത്താത്തതും വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ മദ്യത്തില്‍ അടങ്ങിയിരിക്കുന്ന വിവിധ രാസപദാര്‍ത്ഥങ്ങളും ശരീരത്തെ ദോഷകരമായി ബാധിക്കും. മദ്യപാനത്തോടൊപ്പം പുകവലിയും ശീലമാക്കിയവര്‍ക്ക് അന്നനാളം, ശ്വാസകോശം തുടങ്ങി പലയിടത്തും കാന്‍സര്‍ വരാനുള്ള സാധ്യത പതിന്മടങ്ങ് കൂടുതലാണ്.

ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പ്രത്യേകതകള്‍ കൊണ്ടും മദ്യപാനം കാന്‍സറിന് കാരണമാകുന്നുണ്ട്. നമ്മുടെ രാജ്യം ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ് ഏഷ്യ ഭാഗങ്ങളിലെ പ്രത്യേകതകളാല്‍ ശരീരത്തിലെ എന്‍സൈമുകള്‍ വളരെ പെട്ടെന്നു തന്നെ ആല്‍ക്കഹോളിനെ അസറ്റാള്‍ഡിഹൈഡാക്കി മാറ്റുന്നു. അതുകൊണ്ട് കൂടുതല്‍ അളവില്‍ മദ്യം കഴിക്കാനും ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് സാധിക്കും. പക്ഷേ ഈ അസറ്റാള്‍ഡിഹൈഡ് വിഷപദാര്‍ത്ഥമായതിനാല്‍ കാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

കാന്‍സര്‍ ഭേദമായാല്‍ മദ്യപിക്കാമോ?

കാന്‍സര്‍ ചികിത്സയ്ക്കുശേഷം, അഞ്ചോ ആറോ വര്‍ഷം കഴിഞ്ഞ് രോഗം ഭേദമായി എന്ന് വിശ്വസിക്കാം എന്നു പറയുന്ന സമയത്ത് പലരും അടുത്തതായി ചോദിക്കുന്ന കാര്യമാണ്, ‘ഡോക്ടറേ ഇനി എനിക്ക് അല്‍പ്പം മദ്യമൊക്കെ കഴിക്കാമോ?’ എന്ന്. അതിനായി എന്തെങ്കിലും കാരണവും അവര്‍ ചൂണ്ടിക്കാണിക്കും. സുഹൃത്തുക്കളുമൊത്ത് കൂടാനെന്നോ, വീട്ടിലെ ആഘോഷവേളകള്‍ രസകരമാക്കാനെന്നോ, രോഗത്തിന്റെ കാലഘട്ടം മറക്കാനെന്നോ, ഉറക്കം ഉണ്ടാവാനെന്നോ തുടങ്ങി പല കാരണങ്ങള്‍. പക്ഷേ ഒരു കാരണവശാലും അതിന് സമ്മതിക്കാറില്ല.

ഒരു കുടുംബം നശിക്കുന്നു

മദ്യപാനം മൂലമുണ്ടാകുന്ന മറ്റൊരു ദൂഷ്യഫലമാണ് കുടുംബത്തിന്റെ സാമ്പത്തിക തകര്‍ച്ച. അത് ഏത് സാമ്പത്തിക സ്ഥിതിയിലുള്ളവരായിരുന്നാലും അവസാനം കുടുംബത്തിന്റെ സ്ഥിതി ദയനീയാവസ്ഥയിലേയ്ക്ക് നീങ്ങും എന്നതുറപ്പാണ്. കാരണം ആ വ്യക്തിയുടെ ചികിത്സയ്ക്കുവേണ്ടി നല്ലൊരു തുക കുടുംബത്തിന് ചിലവാക്കേണ്ടി വരുന്നു. ഒടുവില്‍ സ്വന്തം കുടുംബത്തിന്റെ നട്ടെല്ല് തകര്‍ത്തായിരിക്കും ആ മദ്യപാനി മരിക്കുന്നതും. ഞാനൊന്ന് മരിച്ചാല്‍ മതിയെന്ന് അവസാന നാളുകളില്‍ മദ്യപാനി ആഗ്രഹിച്ചേക്കാം പക്ഷേ അതിലൂടെ അയാള്‍ കുടുംബത്തിന് വരുത്തിയിട്ട് പോകുന്ന ബാധ്യതകള്‍ വളരെ വലുതായിരിക്കും.

മദ്യപാനം നിര്‍ത്തിയാലുള്ള ഗുണങ്ങള്‍

എത്രഗുരതര രോഗമാണെങ്കിലും മദ്യപാനം നിര്‍ത്തിയാല്‍ സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാനുള്ള ശ്രമം ശരീരം തനിയേ തുടങ്ങും. കാന്‍സറിനുള്ള സാധ്യത കുറച്ചുകൊണ്ടുവരുവാനും പതിയെപ്പതിയെ ശരീരത്തിന് കഴിയും. മദ്യം വരുത്തുന്ന സാമൂഹിക, സാമ്പത്തിക, ശാരീരിക പ്രശ്‌നങ്ങളുടെ പട്ടികയില്‍ നൂറുകണക്കിന് കാര്യങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നായി തിരിച്ചറിഞ്ഞിരിക്കുകയാണ് കാന്‍സറും. അതിനാല്‍ മദ്യപിക്കുന്നവര്‍ ഇനിയെങ്കിലും ഈ ദുശ്ശീലം നിര്‍ത്താന്‍ പരമാവധി പരിശ്രമിക്കുക.

Jojo V Joseph(The Cancer Healer)

SENIOR CONSULTANT SURGICAL ONCOLOGY
CARITAS CANCER INSTITUTE KOTTAYAM

മദ്യപാനം ഉപേക്ഷിക്കുക

മദ്യവിരുദ്ധ , പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.

മദ്യപാനത്തിൽനിന്നും മോചനം നേടുവാൻ പ്രാർത്ഥിക്കുക

.മദ്യപാനം ഉപേക്ഷിച്ചവർക്ക് അനുമോദനങ്ങൾ ആശംസകൾ .

നമ്മുടെ നാട്

9446329343

Share News