
പള്ളിക്കൂടവും മാപ്പിളമാരുടെ പള്ളികളും|’പള്ളിക്കൂടം’ ആരുടെ സംഭാവനയാണ് ?
പള്ളിക്കൂടവും മാപ്പിളമാരുടെ പള്ളികളും
‘പള്ളിക്കൂടം’ ആരുടെ സംഭാവനയാണ് എന്ന ചർച്ച ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജ്ജീവമാണല്ലോ. ബുദ്ധ കാലഘട്ടത്തിന്റെ അവശേഷിപ്പുകളായ ‘പള്ളി’കളും ‘അങ്ങാടി’കളുംകൊണ്ടു പ്രസിദ്ധമായിരുന്ന കേരളം, പിന്നീട് ക്രിസ്ത്യാനികളുടെ പള്ളികളും പള്ളിക്കൂടങ്ങളും വഴിയുണ്ടാക്കിയ വിദ്യാഭ്യാസ സാമൂഹ്യ മാറ്റങ്ങൾ, കേരളത്തിന്റെ നവോത്ഥാനത്തിൽ വഹിച്ച പങ്കെന്താണ് എന്ന ചർച്ച സജ്ജീവമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, പള്ളികളും പള്ളിക്കൂടങ്ങളും ചർച്ചാവിഷയമാകുന്നതിൽ അസ്വാഭാവികമായി യാതൊന്നും തന്നെയില്ല.

കേരള സമൂഹത്തിന്റെ ചരിത്രത്തിൽ, പ്രാചീന ജാതി സമൂഹത്തിൽനിന്നും ആധുനികവൽക്കരണത്തിലേക്കും വിദ്യാഭ്യാസ സാംസ്‌കാരിക വളർച്ചയിലേക്കുമുള്ള മാറ്റത്തിൽ ക്രിസ്ത്യാനികൾ നൽകിയ സംഭാവന എന്തായിരുന്നു എന്ന വിഷയം ഇന്നു ക്രൈസ്തവർ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നുണ്ട് എന്നത് ആശാവഹമാണ്. എന്നാൽ, ക്രിസ്ത്യാനികൾ മാത്രമല്ല ഈ മാറ്റങ്ങളുടെ പ്രണേതാക്കാളും അവകാശികളും. സമൂഹത്തിലെ ഇതര സമുദായങ്ങളും നിരവധി പ്രസ്ഥാനങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും അതിൽ വിവിധ രീതിയിൽ പങ്കു വഹിച്ചിട്ടുണ്ട്.
മാപ്പിളമാരുടെ രംഗ പ്രവേശം
പുത്തൻ അവകാശ വാദങ്ങളുമായി ചിലരെല്ലാം രംഗത്തു വരികയും അവരുടെ അവകാശവാദങ്ങൾ മറ്റു പലരേയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കടം കൊണ്ടതൊക്കെയും കണ്ടുപിടുത്തങ്ങളാക്കി ആർക്കും പുതിയ ചരിത്രം നിർമ്മിച്ചെടുക്കാനാകില്ല. ഇന്നലെകളിൽനിന്നും ഉൾക്കൊണ്ടവയെ ഉപയോഗിച്ചു കാലഘട്ടത്തെ മാറ്റിയെഴുതാൻ ഒരു സമൂഹമോ സമുദായമോ എങ്ങിനെ പരിശ്രമിക്കുന്നു എന്നതാണ് പ്രസക്തമായ കാര്യം. ചില ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം: ക്രിസ്ത്യാനികൾക്കു ‘മാപ്പിളമാർ’ എന്ന ഒരു സ്ഥാനപ്പേരുണ്ടായിരുന്നു എന്നത് ഇപ്പോൾ ആരുംതന്നെ ഓർക്കുന്നുണ്ടാവില്ല. എട്ടാം നൂറ്റാണ്ടു മുതലെങ്കിലും ജാതിശ്രേണിയിൽ
‘ നമ്പൂതിരിമാർ കഴിഞ്ഞാൽ,
‘പിള്ള’മാർ അഥവാ ‘നായന്മാ’രാണ് കേരളത്തിൽ ഉണ്ടായിരുന്നത്. അവരെക്കാൾ സ്ഥാനക്രമത്തിൽ, തങ്ങൾ ഒരുപടി മുന്നിലാണ് എന്നു വിശ്വസിച്ചിരുന്ന സുറിയാനി ക്രിസ്ത്യാനികളെ ‘മഹാ പിള്ള’മാർ എന്നു വിളിച്ചിരുന്നു പോലും! അതിനു കാരണം, അന്നത്തെ കേരളത്തിൽ വൈശ്യ ജാതിയിൽപ്പെട്ട സമുദായം ഇല്ലാതിരുന്നതും വൈശ്യ ജാതിയുടെ തൊഴിലായ കച്ചവടം എ. ഡി. ആദ്യ നൂറ്റാണ്ടുമുതൽ യഹൂദരും പിന്നെ യഹൂദ ക്രിസ്ത്യാനികളായ സുറിയാനി ക്രിസ്ത്യാനികളുമായിരുന്നു ചെയ്തു വന്നിരുന്നത് എന്നതാണ്. ‘മഹാ പിള്ള’ ലോപിച്ചാണ് ‘മാപ്പിള’യായത്! ഇവിടത്തെ പ്രബല ജാതി സമൂഹം അത് അംഗീകരിച്ചു കൊടുത്തിരുന്നോ എന്നത് പഠനാർഹമായ ഒരു ചോദ്യം തന്നെയാണ്! ഇതിലെ വാസ്തവം എന്തുതന്നെ ആയിരുന്നാലും, സുറിയാനി ക്രിസ്ത്യാനികളും നായന്മാരുമായി സാമൂഹ്യമായ ഒരു അന്തർധാര ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല. സഹകരണത്തിന്റേതും മത്സരത്തിന്റേതുമായ ഒരു അന്തരീക്ഷം ആധുനിക കേരളത്തിൽപോലും അവർക്കിടയിൽ നിലനിന്നിരുന്നു എന്നത് നിവർത്തന പ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. പി. ബാലകൃഷ്ണൻ രചിച്ച ‘പ്രാചീന കേരളത്തിന്റെ ജാതി ചരിത്ര’ത്തിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇതിനു സമാനമായി, കൊച്ചിയിലും അതിനു തെക്കും ക്രിസ്ത്യാനികളായ മാപ്പിളമാർ ചെയ്തിരുന്ന തൊഴിലും സാമൂഹ്യ ഉത്തരവാദിത്തങ്ങളുമാണ് കോഴിക്കോടിനു വടക്കോട്ടുള്ള പ്രദേശങ്ങളിൽ അറബികളും അവരുടെപിന്തുടർച്ചക്കാരായി വളർന്നുവന്ന മുസ്ലീങ്ങളും നിർവഹിച്ചിരുന്നത്. എന്നാൽ മലബാറിലെ മുസ്ലീങ്ങൾ ‘മാപ്പിള’മാരായതു കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ മാത്രമാണ്. മലബാർ കലാപ കാലത്തുപോലും ആ സമുദായത്തിൽ പെട്ടവരെ നാട്ടുകാർ വിളിച്ചിരുന്ന പേരുകൾ വ്യത്യസ്തമായിരുന്നു എന്ന് ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ബോധ്യമാകും! വള്ളത്തോളിന്റെ ‘ദുരവസ്ഥ’യിലും അതു പ്രകടമായി കാണാം.
19, 20 നൂറ്റാണ്ടുകളിൽ ക്രൈസ്തവ സമൂഹം കേരളത്തിൽ വരുത്തിയ മാറ്റങ്ങളും അവരുടെ വളർച്ചയും മനസ്സിലാക്കിയ മുസ്ലീം സമൂഹം ‘മാപ്പിള’മാർ എന്ന സ്ഥാനപ്പേര് സ്വയം സ്വീകരിക്കുക മാത്രമല്ല, കച്ചവടത്തിലും കൃഷിയിലും, അടുത്ത കാലത്തായി വിദ്യാഭ്യാസത്തിലും, സമുദായത്തിന്റെ കെട്ടുറപ്പിലും, സംഘാതമായ വളർച്ചയിലുമെല്ലാം ക്രിസ്ത്യാനികളോടു കിടപിടിക്കത്തക്ക വിധവും, കേരളത്തിലെ മറ്റേതു സമുദായത്തേക്കാളും ശക്തവുമായി വളർന്നു കഴിഞ്ഞു. ഇക്കാര്യത്തിൽ ആ സമുദായത്തെയും അതിന്റെ നേതാക്കളെയും അഭിനന്ദിക്കുക തന്നെ വേണം.
‘മാപ്പിള’ എന്ന പേരു മാത്രമല്ല, എല്ലാ രീതിയിലും കേരളത്തിലെ ‘മഹാ പിള്ള’മാർ എന്ന സ്ഥാനം സ്വന്തമാക്കാൻ ആ സമുദായം പ്രാപ്തമായിക്കഴിഞ്ഞു! അങ്ങനെ, ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്ന ‘പള്ളിയും’ ഇപ്പോൾ, ‘പള്ളിക്കൂട’വും അവർ സ്വന്തമാക്കിയിരിക്കുന്നു! അതിൽ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
സാമുദായികമായ കൊടുക്കൽ വാങ്ങലുകൾ സ്വാഗതം ചെയ്യപ്പെടണം

ഇതര മതങ്ങളിലും ചുറ്റുപാടുമുള്ള സമുദായങ്ങളിലും ശ്രേഷ്ഠമായി കരുതാവുന്നവയെ സ്വാമ്ശീകരിക്കുന്നത് തെറ്റാണോ? തെറ്റാണ് എന്നു വാദിക്കുന്നവരും അങ്ങിനെയല്ല എന്നു കരുതുന്നവരും ഇസ്ലാമിലുണ്ട്. പ്രവാചകന്റെ കാലം മുതൽ ഇക്കാര്യത്തിൽ ഇസ്ലാമിനുള്ളിൽ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. വേദഗ്രന്ഥം മുതൽ സുന്നത്തും, വാങ്ക് വിളിയും ‘കോഷർ’ എന്നു യഹൂദർ വിളിക്കുന്ന ‘ഹലാലും’, നോമ്പും ഉപവാസവും നമസ്കാരവും തുടങ്ങി, യഹൂദരിൽനിന്നും ക്രിസ്ത്യാനികളിൽനിന്നും കടം കൊണ്ടതും സ്വാമ്ശീകരിച്ചതുമായ അനേക ഘടകങ്ങൾ ഇസ്ലാമിക ആചാരങ്ങളിലും ജീവിത രീതിയിലുമുണ്ട്. ഇസ്ലാമിൽ മാത്രമല്ല, ഏതു മതത്തിന്റെയും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വികാസ പരിണാമങ്ങളുടെ ചരിത്രം പഠിച്ചാൽ, ഇത്തരം കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുള്ളതായി കാണാം.
ക്രിസ്ത്യാനിറ്റിയിൽ ‘ക്രിസ്തു’ ഒഴികെ ബാക്കിയെല്ലാകാര്യങ്ങളിലും യഹൂദ, ഗ്രീക്ക്, റോമൻ, പേർഷ്യൻ സംസ്കാരങ്ങളുടെയും തുടർന്ന്, അതു വളർന്നുവന്ന ഇന്ത്യ ഉൾപ്പെടെയുള്ള സംസ്കാരങ്ങളുടെയും ആഴത്തിലുള്ള സ്വാധീനമുള്ളതായി കാണാം. അതാണ് ക്രിസ്തു മതത്തെ സാർവത്രികം അഥവാ കാതോലികമാക്കുന്ന ഒരു ഘടകം. മറ്റൊന്ന്, ക്രിസ്തുവിന്റെ കാലംമുതൽ അതു പുലർത്തിവരുന്ന സാർവജനീനതയാണ്. അതായത്, സർവ്വ ജനതതിയേയും ഒരുപോലെ കാണാനും അംഗീകരിക്കാനുമുള്ള അതിന്റെ നിലപാടാണ്. അതാണ് ക്രിസ്ത്യാനിറ്റിയുടെ ഒറിജിനാലിറ്റി!
കാന്തപുരം വേറിട്ടു നിൽക്കുന്നു!
ഇസ്ലാമിലും
മുഹമ്മദ് നബിയുടെ ‘പ്രവാചക ചര്യ’ക്കു മുൻപുള്ളതും, അറബികളുടെയും വിശിഷ്യ, ഖുറൈശി ഗോത്രത്തിന്റെയും ഗോത്ര പാരമ്പര്യങ്ങളുടെ ഭാഗമായ പല ഘടകങ്ങളുമുണ്ട്. അവ യഥാർത്ഥത്തിൽ ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന സാഹോദര്യ സങ്കല്പത്തിനു നിരക്കാത്ത കാര്യങ്ങളാണ്. ഉദാഹരണത്തിന്, മറ്റു ഗോത്രങ്ങളുടെയും ജനതകളുടെയുംമേൽ ആധിപത്യം സ്ഥാപിച്ചെടുക്കാനായി അവരെ കൊല്ലാം, ഭയപ്പെടുത്താം, കൊള്ള ചെയ്യാം, അവരുടേമേൽ ചതി പ്രയോഗിക്കാം, കള്ളം പറയാം, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കാം, അവരെ ചന്തയിൽ വിൽക്കാം, ഇഷ്ടംപോലെ ഉപയോഗിക്കാം…തുടങ്ങിയവ പുരാതന അറേബ്യയിലെ ഗോത്രാചാരങ്ങളാണ്!
അവ യഥാർത്ഥത്തിൽ പ്രബോധനങ്ങളിലൂടെയും സാമൂഹ്യ നവോത്ഥാന – നവീകരണ പരിശ്രമങ്ങളിലൂടെയും പരിഷ്കരിക്കുകയും പിന്തള്ളുകയും ചെയ്യപ്പെടേണ്ടവയാണ്.
എന്നാൽ, കടുത്ത യാഥാസ്ഥിതികരായ ഒരു പറ്റം മത പണ്ഡിതന്മാർ എക്കാലവും അത്തരം പരിഷ്കരണ നവീകരണ ശ്രമങ്ങളെയെല്ലാം കഠിനമായും തീവ്രമായും എതിർത്തു വരുന്നതും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമാണ്. ഇത്തരം ഗോത്രാചാരങ്ങൾ മാറ്റപ്പെടേണ്ടവയല്ല, പിന്നെയോ എക്കാലത്തേക്കുമായി അല്ലാഹു തന്റെ പ്രവാചകനും അനുയായികൾക്കും അനുവദിച്ചു കൊടുത്തിരിക്കുന്ന അവകാശങ്ങളും ആനുകൂല്യങ്ങളുമാണ് എന്ന് ഇസ്ലാമിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വ്യാഖ്യാനിച്ചുകൊണ്ട് അത്തരം പണ്ഡിതന്മാർ അവകാശപ്പെടുന്നു! ആധുനിക സലാഫിയ പ്രസ്ഥാനവും വഹാബിസവും മുതൽ, കേരളത്തിൽ ആഴത്തിൽ വേരുള്ള മുജാഹിദ് പ്രസ്ഥാനംവരെ, അത്തരത്തിൽ വ്യാഖ്യാനിക്കുന്നവരാണ്. ഇത്തരം തീവ്ര നിലപാടുകാർക്കിടയിൽ സുന്നി മുസ്‌ളീങ്ങളിലെ ഒരു പ്രബല വിഭാഗത്തിന്റെ ആദരണീയ നേതാക്കളിൽ ഒരാളായ കാന്തപുരം ഉസ്താദിനെപ്പോലുള്ള ഉത്പതിഷ്ണുക്കൾ സമുദായത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കായി നടത്തുന്ന ഏതു പ്രവർത്തനവും അംഗീകരിക്കപ്പെടുക തന്നെ വേണം!
കൊടുക്കൽ വാങ്ങലുകൾ സമൂഹത്തിന്റെ കെട്ടുറപ്പു വർധിപ്പിക്കും
വിവിധ സമുദായങ്ങൾ സഹവസിക്കുന്ന സമൂഹങ്ങളിൽ അവതമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ സ്വാഭാവികവും ആരോഗ്യകരവുമാണ്. പ്രവാചകനും സ്വഹാബികളും പൂർവ്വ വേദങ്ങളിൽനിന്നും അവയിൽ പറഞ്ഞിട്ടുള്ളവയെപ്പറ്റി കേട്ടറിഞ്ഞതിൽനിന്നും സ്വാമ്ശീകരിച്ചതും എഴുതി വച്ചതുമായ അനേകം കാര്യങ്ങൾ ഇസ്ലാമിക പ്രാമാണിക ഗ്രന്ഥങ്ങളിലുണ്ട്. ആരോഗ്യകരമായ വിധത്തിൽ അത്തരം കാര്യങ്ങളെ ആഴത്തിൽ പഠിക്കാനും വിശകലനം ചെയ്യാനുമുള്ള സൗകര്യങ്ങൾ വളർത്തിക്കൊണ്ടു വരേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. പൗര ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തിനു പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, മതങ്ങളുടെ താരതമ്യ പഠനത്തിനും വിമർശനത്തിനുമുള്ള തുറന്ന സമീപനവും അവസരങ്ങളും ഉണ്ടാകണം. ഒരോ മതവും അനന്യമാണ്, എന്നാൽ പരസ്പര പൂരകങ്ങളായ അനേകം കാര്യങ്ങളും അവയിലുണ്ട്. ഒരു മതവും മറ്റൊന്നിനെ ഭയപ്പെടേണ്ടതില്ല. സഹിഷ്ണുതയും തുറന്ന സമീപനവുമാണ് ആവശ്യം. ഒരോ മതത്തിനും അതിന്റേതായ
‘ഒറിജിനാലിറ്റി’യുണ്ട്. അതുകൊണ്ടാണ് കാലത്തെ അതിജീവിച്ച് അവ നിലനിൽക്കുന്നത്. ജൂതനെയും ക്രിസ്ത്യാനിയേയും മുസ്‌ളീമിനെയും ഇതര മതങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്നവയും പൂരിപ്പിക്കുന്നവയുമായ ഘടകങ്ങളുണ്ട്.
‘പരിപൂർണ്ണത’ പരമ നന്മയായ ദൈവത്തിനു മാത്രമുള്ളതാണ്. ഒരു മതത്തിനും അതുണ്ടാകാൻ സാധ്യമല്ല. ഉണ്ട് എന്ന അവകാശ വാദങ്ങൾ യഥാർഥ്യത്തിനു നിരക്കുന്നതുമല്ല. മനുഷ്യ ചരിത്രവും മനുഷ്യ ജീവിതവും ആ പൂർണ്ണതയെ ലക്ഷ്യമാക്കിയുള്ള പ്രയാണവും അന്വേഷണവുമാണ്.
യഹൂദനെയും ക്രിസ്ത്യാനിയേയും കാഫിറിനേയും ഇല്ലാതാക്കണം എന്നു പഠിപ്പിക്കുന്ന തീവ്ര മതവാദികൾ യഥാർത്ഥത്തിൽ തങ്ങളുടെ മതത്തിന്റെ ‘ഒറിജിനാലിറ്റി’യിൽ വേണ്ടത്ര വിശ്വാസമില്ലാത്തവരും അതുമൂലമുണ്ടാകുന്ന അരക്ഷിതാവസ്ഥ അനുഭവിക്കുന്നവരുമാണ്. അവർ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയാണ് അവരെക്കൊണ്ട് അങ്ങിനെ ചിന്തിപ്പിക്കുന്നത്. മതത്തെ വെറും ഒരു ഒരു ‘പ്രത്യയശാസ്ത്ര’മായി കാണുന്നതിന്റെ പരിമിതിയും അത്തരക്കാരെ വേട്ടയാടുന്നുണ്ടാവാം.

ചരിത്ര കഥനം ഏകപക്ഷീയമാകരുത്
ഇത്തരം കാര്യങ്ങളൊന്നും ഒരു സാധാരണ വിശ്വാസിക്കു പ്രസക്തമായ കാര്യങ്ങളല്ലായിരിക്കാം. ഇക്കാര്യങ്ങളൊന്നും സാധാരണയായി സമൂഹത്തിൽ ആരും ചർച്ചയാക്കാറുമില്ല. മനുഷ്യർ തമ്മിലുള്ള പരസ്പര ബഹുമാനം നിലനിർത്താനും വളർത്താനുമാണ് ഉത്തരവാദിത്വമുള്ള എല്ലാ സമുദായ നേതാക്കളും എപ്പോഴും പരിശ്രമിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നത്. എന്നാൽ പുത്തൻ അവകാശവാദങ്ങളുമായി ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ രംഗത്തു വരുമ്പോൾ, മറ്റുള്ളവർക്കു മിണ്ടാതിരിക്കാനും കഴിയില്ല.
ആദരണീയനായ കാന്തപുരം ഉസ്താദ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും അദ്ദേഹം ജീവിച്ച കാലത്തെ അദ്ദേഹത്തിന്റെ സമുദായത്തിന്റെയും കഥ പറയുമ്പോൾ, ആ സമുദായത്തിൽ അടുത്തകാലത്തുണ്ടായ വിദ്യാഭ്യാസ വിപ്ലവത്തെയും അതിൽ മുസ്ലീം മത നേതൃത്വം വഹിച്ച പങ്കിനെയുമാണ് പ്രതിപാദിക്കുന്നത്. അതിൽ യാതൊരു അപാകതയുമില്ല. ആ ചരിത്ര കഥനം കേരളത്തിന്റെ മൊത്തത്തിലുള്ള സമുദാങ്ങളുടേയും പൊതു സമൂഹത്തിന്റെയും ചരിത്രാഖ്യനമായി വ്യാഖ്യനിക്കാനും വിലയിരുത്താനും ആരും മുതിരാതിരുന്നാൽ മാത്രം മതി.
എന്നാൽ, അങ്ങിനെ ആരും മുതിരില്ല എന്നു കരുതാൻ മുൻകാല അനുഭവങ്ങൾ സമ്മതിക്കാത്തതാണ് പലരേയും പ്രകോപിതരാക്കുന്നത്. ചരിത്ര കഥനം ഏകപക്ഷീയമാകരുത് എന്ന സന്ദേശമാണ് പ്രതിഷേധ ശബ്ദമുയർത്തുന്നവർ മുന്നോട്ടു വയ്ക്കുന്നത്. അതു സ്വാഗതാർഹവുമാണ്.

ഫാ. വർഗീസ് വള്ളിക്കാട്ട്