
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ലീഗ് ഉന്നതാധികാര സമിതിയോഗമാണ് സാദിഖലിയെ നേതാവായി തെരഞ്ഞെടുത്തത്. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണ് സാദിഖലിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്.
സാദിഖലി തങ്ങളെ തെരഞ്ഞെടുത്ത വിവരം മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 12 വർഷമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലീഗ് ഉന്നതാധികാര സമിതി അംഗമാണ്. എംകെ എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ്, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്.
പാണക്കാട് കുടുംബത്തില്‍ ചേര്‍ന്ന കുടുംബയോഗം, പാണക്കാട് ഹൈദരലി തങ്ങളുടെ ഇളയസഹോദരനായ സാദിഖലിയെ പാര്‍ട്ടി നേതാവായി നിര്‍ദേശിച്ചു. ഇക്കാര്യം മുസ്ലിം ലീഗ് ഉന്നതാധികാരസമിതിയോഗം അംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയ ഉപദേശകസമിതി അധ്യക്ഷ സ്ഥാനവും സാദിഖലി ശിഹാബ് തങ്ങള്‍ വഹിക്കും.
പിഎംഎസ്എ പൂക്കോയ തങ്ങളുടെ മകനായി 1964 ലാണ് സാദിഖലി തങ്ങളുടെ ജനനം. നേരത്തെ ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി കിടന്ന സമയത്ത് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താല്‍കാലികമായി വഹിച്ചത് സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു.
മുന്‍ഗാമികള്‍ നയിച്ച സുതാര്യവും സുവ്യക്തവുമായ പാത നമ്മുടെ മുന്നിലുണ്ട്. അതാണ് തന്റെ മാഗ്നാകാര്‍ട്ടയെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ആ പാത പിന്‍പറ്റി പോകാനാണ് ആഗ്രഹിക്കുന്നത്. നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ് എന്ന ബോധ്യത്തോടെ തന്നെ പ്രവര്‍ത്തിക്കുമെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചേയാണ് കബറടക്കിയത്. കബറടക്കം പുലര്‍ച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദില്‍ നടന്നു. മുഹമ്മദലി ശിഹാബ് തങ്ങളുടെ കബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കബറിടം ഒരുക്കിയത്.