ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്

Share News

രണ്ടു സിനിമകള്‍- ദ പ്രീസ്റ്റ്, ജോജി. പ്രേക്ഷകര്‍ക്ക് നല്ലതൊന്നും നല്‍കാത്ത രണ്ടു സിനിമകള്‍. എങ്ങിനെ ഒരു സിനിമ എടുക്കരുത് എന്നതിന് ഉദാഹരണമായി ഇവ രണ്ടും കാണാം. നല്ലൊരു വിഷു ദിവസം സമയം പാഴാക്കിയെന്നു മാത്രം.

കൂടുതല്‍ ബോറന്‍ ഏതെന്നു ചോദിച്ചാല്‍ ‘ദ പ്രീസ്റ്റ്’ എന്നു പറയേണ്ടി വരും. 1973ലെ അമേരിക്കന്‍ സൂപ്പര്‍നാച്വറല്‍ ഹൊറര്‍ സിനിമയായ വില്യം ഫ്രീഡ്കിന്‍ സംവിധാനം ചെയ്ത ‘ദ എക്‌സോര്‍സിസ്റ്റി’ന്റെ വാലില്‍ കെട്ടാന്‍ ദ പ്രീസ്റ്റീനായില്ല. ‘ജോജി’ ചിലര്‍ക്ക് ഇഷ്ടമാകും. പക്ഷേ മധ്യതിരുവതാംകൂറിലെ ക്രിസ്ത്യന്‍ കുടുംബങ്ങളെ അടുത്തറിയുന്നവര്‍ക്ക് ജോജി പരമബോറാകും.

പോസിറ്റിവിറ്റി ഇല്ലാതെ, നെഗറ്റിവിറ്റി മാത്രം സമ്മാനിക്കുന്നതില്‍ ദ പ്രീസ്റ്റിന്റെ സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോയും ജോജിയുടെ സംവിധായകന്‍ ദിലീഷ് പോത്തനും മല്‍സരിക്കുന്നു. ജോജിയില്‍ ഫഹദ് ഫാസിലിന്റെ അഭിനയം മികച്ചതാണ്. ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, ബേസില്‍ ജോസഫ് എന്നിവരുടെ അഭിനയവും മോശമായില്ല. ഷൈജു ഖാലിദിന്റെ സിനിമോട്ടോഗ്രഫി സൂപ്പറാണ്. പുതുകൃഷി ചെയ്ത റബര്‍ തോട്ടങ്ങളിലെ പാട്ടത്തിനെടുത്ത പൈനാപ്പിള്‍ കൃഷിയുടെ ആകാശക്കാഴ്ച മനോഹരമായി.

ദ പ്രീസ്റ്റില്‍ മമ്മൂട്ടിയുടെ ഫാ. കാര്‍മന്‍ ബെനഡിക്ട് എന്ന കഥാപാത്രത്തില്‍ നിന്നു പ്രതീക്ഷിച്ച മികവ് കിട്ടിയില്ല. സൂസന്‍ ചെറിയാന്റെ ചെറിയ റോളില്‍ മഞ്ജു വാര്യര്‍ മികച്ചതായി. നിഖില വിമല്‍, ബേബി മോനിക്ക, വി.പി. വെങ്കിടേഷ്‌, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരുടെ റോളുകളില്‍ അവര്‍ ഭേദപ്പെട്ട അഭിനയം കാഴ്ചവച്ചു. അഖില്‍ ജോര്‍ജിന്റെ സിനിമോട്ടോഗ്രഫിയില്‍ ചില നല്ല ഫ്രെയിമുകളുണ്ട്.

രണ്ടു സിനിമകളെക്കുറിച്ചു ഇനിയുമേറെ പറയാനുണ്ടെങ്കിലും അതൊന്നും പോസീറ്റീവ് അല്ല. അതിനാല്‍ നിര്‍ത്തുന്നു. ദയവു ചെയ്തു കാശു മുടക്കി ഇത്തരം സിനിമകള്‍ എടുക്കരുത്.

George Kallivayalil

Share News