
പ്രീ വെഡിംഗ് ഷൂട്ടിനിടെ തോണി മറിഞ്ഞു: യുവാവിനും യുവതിക്കും ദാരുണാന്ത്യം
മൈസൂരു: വിവാഹത്തിന് മുന്നോടിയായുള്ള വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിനും യുവതിക്കും ദാരുണാന്ത്യം. കര്‍ണാടകയിലെ തലക്കാടില്‍ കാവേരി നദിയിലാണ് ദുരന്തമുണ്ടായത്.സിവില്‍ കോണ്‍ട്രാക്റ്ററായ ചന്ദ്രു(28), വധു ശശികല എന്നിവരാണ് ദുരന്തത്തിന് ഇരകളായത്.കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും കയ്തമാരണഹള്ളി സ്വദേശികളാണ്. നവംബര്‍ 22-നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.
വരനും വധുവും ബന്ധുക്കള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒപ്പമാണ് മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തില്‍ എത്തിയത്. രണ്ട് തോണികള്‍ സംഘം വാടകയ്ക്ക് എടുത്തിരുന്നു. നദിക്ക് അക്കരെയുള്ള കട്ടേപ്പുരയിലെ തലക്കാട് ജലധാമ റിവര്‍ റിസോര്‍ട്ടിലേക്കായിരുന്നു യാത്ര. നദിക്കരയില്‍ നിന്ന് ഏതാണ്ട് 30 മീറ്റര്‍ നീങ്ങിയപ്പോഴേക്കും വധൂവരന്മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിച്ചു.
തോണിയില്‍ നില്‍ക്കെ, ഹൈഹീല്‍ഡ് ചെരുപ്പ് ധരിച്ചിരുന്ന ശശികലയ്ക്ക് ബാലന്‍സ് തെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. ചന്ദ്രു ശശികലയെ രക്ഷിക്കാന്‍ ശ്രമിച്ചു. ബഹളത്തിനിടെ, തോണി മറിയുകയും ചന്ദ്രുവും ബന്ധുക്കളും തോണിക്കാരനും നദിയിലേക്ക് വീഴുകയും ചെയ്തു. നീന്തല്‍ വശമില്ലാതിരുന്ന ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പോലീസും മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് നാല് മണിക്കൂര്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇരുവരും ബന്ധുക്കള്‍ക്കൊപ്പമാണ് ഷൂട്ടിംഗിന് എത്തിയത്.