
പ്രൊഫ. മാത്യു ഉലകംതറ അതുല്യ പ്രതിഭ|ടോണി ചിറ്റിലപ്പിള്ളി
ഗദ്യത്തിലും, പദ്യത്തിലും, മലയാള സാഹിത്യ ചരിത്രത്തിലും, ക്രൈസ്തവ സഭാ ചരിത്രത്തിലും
ഒരുപോലെ തിളങ്ങിനിന്ന പ്രതിഭാസമ്പന്നനായിരുന്ന പ്രൊഫ. മാത്യു ഉലകംതറ ഓർമ്മയായി.
ഗദ്യസാഹിത്യത്തില്‍ സ്വന്തം വഴി തുറന്നിട്ട അദ്ദേഹത്തിന്റെ രചനകള്‍ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാണ്.

രചനാ സൗകുമാര്യം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്ന മാത്യു ഉലകംതറ അനുവാചക ഹൃദയത്തില്‍ നറുനിലാവ് പരത്തി.മലയാളത്തിലും സംസ്‌കൃതത്തിലുമുള്ള അറിവ് പ്രതിഫലിപ്പിക്കുന്ന ‘ക്രിസ്തുഗാഥ’ സമ്പൂര്‍ണജീവചരിത്ര ഗ്രന്ഥം കൂടിയാണ്.യേശുക്രിസ്തുവിന്റെ ജീവിതത്തിന് പുനരാഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ക്രിസ്തുഗാഥ.സൂക്ഷ്മാംശങ്ങള്‍ ചോരാതെ, ഭാവനയുടെ മേമ്പൊടിയും ചേര്‍ത്ത് ക്രിസ്തുദേവന്റെ ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാലം ഇതില്‍ വിശദീകരിക്കുന്നു.

സീറോ മലബാർ സഭയിലെ പരമോന്നത അല്മായ ബഹുമതിയായ ‘സഭാതാരം’ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.ക്രിസ്തീയ സഭയ്ക്കും സാഹിത്യ ലോകത്തിനും സാംസ്‌കാരിക ലോകത്തും വളരെയേറെ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് പ്രൊഫ. മാത്യു ഉലകംതറ.സഭയുടെ വീരപുത്രൻ,സാഹിത്യ നായകൻ, സാംസ്‌കാരിക നേതാവ് എന്നീ നിലകളിൽ വിവിധ രംഗങ്ങളിൽ സഭയുടെ യശസ്സുയർത്തി.
ആധുനിക സാംസ്‌കാരികരംഗത്ത് അരങ്ങുവാഴുന്ന ഇന്നത്തെ കലയും സാഹിത്യവും പലതും വിശ്വാസികൾക്ക് ഞെട്ടലുളവാക്കുന്നതാണ്.അവയെ വിശദീകരിക്കുന്നതുപോലും ക്രിസ്തീയ എഴുത്തിന് വിപരീതമാകയാൽ അതിനു മുതിരുന്നില്ല എന്നാൽ, ഇത്തരം കലയുടെയും സാഹിത്യത്തിന്റെയും കിരാതബന്ധങ്ങളിൽ അകപ്പെടുന്നവരെ മോചിപ്പിക്കാനുള്ള ദൗത്യം ക്രിസ്തീയ എഴുത്തിനുണ്ട്.അതു നിർവഹിക്കാൻ കഴിയുന്ന മിഷനറിമാരാണ് ക്രിസ്തീയ എഴുത്തുകാർ.പ്രഫ.മാത്യു ഉലകംതറ അത്തരമൊരു ജനുസ്സിൽപ്പെട്ട എഴുത്തുകാരനാണ്.

1931 ജൂണ്‍ ആറിന് വൈക്കം ആറാട്ടുകുളത്ത് ജനനം. ഉലകംതറ വര്‍ക്കിയും അന്നയുമാണ് മാതാപിതാക്കൾ. 1954ല്‍ കേരളസര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ഉന്നതവിജയം കരസ്ഥമാക്കി. മദ്രാസ് സര്‍വ്വകലാശാലയില്‍ 1986ല്‍ വകുപ്പ് മേധാവിയായി വിരമിച്ചു. പിന്നീട് ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ ഓണററി പ്രൊഫസറായി. ദീപിക ആഴ്ചപ്പതിപ്പ് മുഖ്യപത്രാധിപരായും താലന്തു മാസിക സഹപത്രാധിപരായും പ്രവര്‍ത്തിച്ചു. ഇരുപതോളം സാഹിത്യ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യ ശാസ്ത്രം, വിമർശനം, പദ്യനാടകം, ജീവചരിത്രം, മതചിന്ത എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അമ്പതോളം കൃതികൾ രചിച്ചു.
