1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം.

Share News

1996 മുതൽ 25 വർഷം തുടർച്ചയായി റാന്നി മണ്ഡലത്തിലെ എംഎൽഎ ആയിരുന്നു രാജു എബ്രഹാം. 5 തെരഞ്ഞെടുപ്പുകൾ. ഓരോ തവണയും ഭൂരിപക്ഷം കൂടിയതേയുള്ളൂ. അത്രമാത്രം റാന്നിക്കാർക്ക് പ്രിയങ്കരനായിരുന്നു രാജു എബ്രഹാം. അദ്ദേഹത്തിന്റെ നാനാവിധ വികസന പ്രവർത്തനങ്ങളെക്കുറിച്ച് എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ജനകീയാസൂത്രണ കാലത്തെ എംഎൽഎ എന്ന നിലയിലുള്ള രാജുവിന്റെ ഏറ്റവും ജനകീയമായ ഇടപെടലായ കുരുമ്പൻകുഴി കോസ് വേ നിർമ്മാണത്തെക്കുറിച്ചു മാത്രം പറയട്ടെ.

പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമുഴി ശബരിമല കാടുകളിലെ ഒറ്റപ്പെട്ട തുരുത്താണ്. 400 കുടുംബങ്ങൾ പാർക്കുന്ന ഇവിടെ മൂന്നുവശവും കൊടുംകാടിനാൽ ചുറ്റപ്പെട്ടതാണ്. ഇടുക്കി ഡാമിൽ നിന്നും കുടിയൊഴിപ്പിക്കട്ടെവരെ പുനരധിവസിപ്പിക്കാനാണ് ഇവിടെ സെറ്റിൽമെന്റ് കോളനികൾ ഉണ്ടാക്കിയത്. പക്ഷെ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് ആരും ചിന്തിച്ചില്ല. പമ്പയാർ കടന്നുവേണം പുറത്തേയ്ക്കു പോകാൻ. കാട്ടിലെങ്ങാനും മഴ പെയ്താൽ പമ്പ കുലംകുത്തിയൊഴുകി ഇവിടുത്തുകാരെ പുറംലോകത്തുനിന്നുതന്നെ ഒറ്റപ്പെടുത്തും. സ്കൂൾ, ആശൂപത്രി, പോസ്റ്റോഫീസ് സൗകര്യങ്ങളൊന്നുമില്ലാത്ത ഇവരുടെ കുട്ടികളുടെ പഠനം, രോഗികളുടെ ആശുപത്രിയിലേയ്ക്കുള്ള യാത്ര, എന്തിനേറെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതപോലും അന്യമാകും.

ഇതിനു പരിഹാരമായിട്ടാണ് പമ്പയ്ക്കു കുറുകേ ഒരു കോസ് വേ എന്ന ആശയം ഉടലെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഫണ്ടും നാട്ടുകാരിൽ നിന്നും പണം പിരിച്ചും പണി നടത്താൻ തീരുമാനിച്ചു. അങ്ങനെ 1989-ൽ അന്നത്തെ എംഎൽഎയായ എം.സി. ചെറിയാൻ തറക്കല്ലുമിട്ടു. മുൻധാരണ പ്രകാരം നാട്ടുകാർ 25000 രൂപ ശേഖരിച്ചു ജില്ലാ കളക്ടറെ ഏൽപ്പിക്കുകയും ചെയ്തു. പക്ഷെ പിന്നെ വേറെയൊന്നും നടന്നില്ല.

1996-ൽ ജനകീയാസൂത്രണമെത്തി. രാജു ആദ്യമായി എംഎൽഎയുമായി. 4.8 മീറ്റർ വീതിയും, 1.7 മീറ്റർ ഉയരവുമുള്ള 22 സ്പാനുകൾ നിർമ്മിച്ച് അതിന്മേൽ വേണം പാലം വാർക്കേണ്ടത്. 136 മീറ്റർ നീളവും 2.4 മീറ്റർ ഉയരവും 4 മീറ്റർ വീതിയുമുള്ള ഈ പാലം ഒരു കരാറുകാരൻ വഴി നിർമ്മിക്കുകയാണെങ്കിൽ കുറഞ്ഞത് ഒരുകോടി രൂപയെങ്കിലും ചെലവു വരും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, റാന്നി ബ്ലോക്ക് പഞ്ചായത്ത്, വെച്ചൂച്ചിറ – നാറാണംമുഴി ഗ്രാമപഞ്ചായത്തുകൾ എന്നിവർ ഒത്തുചേർന്നു. രാജു എബ്രഹാം ചെയർമാനും തിരുവല്ല ആർഡിഒ കൺവീനറും പഞ്ചായത്ത് മെമ്പറായിരുന്ന ഗോപി പുന്നൂർ സെക്രട്ടറിയും തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അമ്പലം-ക്രിസ്ത്യൻ-മുസ്ലിംപള്ളി കമ്മിറ്റി ഭാരവാഹികൾ, ക്ലബ്ബുകളുടെ പ്രതിനിധികൾ തുടങ്ങിയവരടങ്ങുന്ന ജനകീയ കമ്മിറ്റി പണി ഏറ്റെടുക്കാൻ തീരുമാനിച്ചു.

പട്ടികവർഗ്ഗ വകുപ്പ് 10 ലക്ഷം, മുഖ്യമന്ത്രി ഇ.കെ. നായനാർ പ്രത്യേക താൽപ്പര്യമെടുത്ത് അനുവദിച്ച പശ്ചിമഘട്ട വികസന ഫണ്ടിൽ നിന്നുള്ള 9 ലക്ഷം, വനം വകുപ്പിന്റെ 5 ലക്ഷം, ജില്ലാ പഞ്ചായത്ത് 3 ലക്ഷം, റാന്നി ബ്ലോക്ക്, വെച്ചൂച്ചിറ – നാറാണംമുഴി ഗ്രാമപഞ്ചായത്തുകൾ 1 ലക്ഷം വീതം, എന്നിങ്ങനെ 30 ലക്ഷം രൂപ കണ്ടെത്തി.

ജനകീയ സമിതിയുടെ നേതൃത്വത്തിൽ പണി ആരംഭിച്ചു. സാങ്കേതികപരിചയം ആവശ്യമായ ഈ പ്രവൃത്തിക്ക് സാങ്കേതിക ഉപദേശവും മേൽനോട്ടവും നൽകിയത് ഇത്തരം പണികൾ ചെയ്തു പരിചയം മാത്രമുള്ള ആന്റണിയെന്ന ഒരു മുതിർന്ന മേസ്തിരിയാണ്. മൂന്ന് പില്ലറുകൾ കാർഡിന്റെ നേതൃത്വത്തിൽ ചെയ്യാമെന്നു ധാരണയായി. ക്ഷേത്രം-അമ്പലം-ക്രിസ്ത്യൻ-മുസ്ലിംപള്ളി കമ്മിറ്റികളും സിഐടിയു-ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും മറ്റുള്ള പില്ലറുകളുടെ നിർമ്മാണം വീതിച്ചെടുത്തു. യന്ത്രങ്ങൾ ആവശ്യമില്ലാത്ത പണികൾ, ആറ്റിൽ നിന്നും മണൽവാരൽ തുടങ്ങിയ ലേബർ ജോലികളെല്ലാം നാട്ടുകാർ തന്നെ ഏറ്റെടുത്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പണികളിൽ പങ്കാളികളായി.

കൂലിപ്പണിക്കാരാണ് ബഹുഭൂരിപക്ഷവും. ഉള്ള ജോലി കളഞ്ഞിട്ട് ശ്രമദാനമാവില്ലല്ലോ. അതുകൊണ്ട് പകലത്തെ കൂലിപ്പണി കഴിഞ്ഞ് സന്ധ്യക്കാണു ശ്രമദാനം. അതു രാത്രി വൈകുവോളം തുടരുമായിരുന്നു. ജനകീയ കമ്മിറ്റി പകൽസമയം ദിവസേന 50 പേർ പണിക്ക് ഉണ്ടാകണമെന്ന കണക്കിൽ ഒരു പരിപാടിയും തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിനായി ഒരു താൽക്കാലിക പാചകശാല തന്നെ തുറന്നു. ഇതിലേയ്ക്ക് ഒരുലക്ഷം രൂപ നാട്ടുകാർ പിരിച്ചു കണ്ടെത്തി.

മൂന്നുവർഷംകൊണ്ട് വെച്ചൂച്ചിറ – നാറാണംമുഴി പഞ്ചായത്തുകളിലായിട്ടുള്ള ഈ കോസ് വേയുടെ പണി പൂർത്തിയായി. ചിലവോ വെറും 22 ലക്ഷം രൂപ. ഒരുപക്ഷേ വകുപ്പിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ഫണ്ടുകൾ യഥാസമയം കിട്ടിയിരുന്നുവെങ്കിൽ കോസ് വേയുടെ പണി ഒരുവർഷത്തിനുള്ളിൽ പൂർത്തിയാകുമായിരുന്നു. ചെലവ് ഇതിലും കുറഞ്ഞിരുന്നേനേ.രാജു എബ്രഹാം ഇതുപോലെ വെച്ചൂച്ചിറ – പെരിനാട് പഞ്ചായത്തുകളിലായുള്ള അറയാഞ്ഞിലിമണ്ണിലെ സെറ്റിൽമെന്റ് കോളനിയിലും റാന്നി – പെരുന്നാട്ടിലെ മുക്കത്തും കോസ് വേകൾ പണിതു.

എല്ലാം ജനകീയമായി. ഇതിൽ ഏറ്റവും ആവേശംനിറഞ്ഞ പ്രവർത്തനം നടന്നത് കുരുമ്പൻമുഴിയിലായിരുന്നു.

ഡോ ടി എം തോമസ് ഐസക്ക്

Dr.T.M Thomas Isaac FB

Share News