മണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു.

Share News

മണിപ്പൂരിലെ കലാപത്തെക്കുറിച്ചുള്ള വാർത്തകൾ വായിക്കുമ്പോൾ സുന്ദരമായ ആ നാട്ടിലേക്ക് 2016 മെയ് മാസത്തിൽ നടത്തിയ യാത്ര ഓർമ്മ വരുന്നു.

ഞാനും സുഹൃത്ത് മിറാഷും കൂടി അസം , നാഗാലാണ്ട് , മണിപ്പൂർ എന്നിവിടങ്ങളിൽ പോയി. മണിപ്പൂരിലെ ഇംഫാൽ , മൊറേ , സേനാപതി , മാവോ എന്നീ ടൗണുകൾ ചുറ്റിക്കണ്ടു. അസം , നാഗാലാണ്ട് , മണിപ്പൂർ – ഇവിടെ ഒക്കെ ഞങ്ങൾ നല്ല റോഡുകളും പരിഷ്കാരം ഉള്ള ജനങ്ങളെയും കണ്ടു.

നാഗാലാൻ്റ് – മണിപ്പൂർ ബോർഡർ

നാഗാലാണ്ടിലെ വലിയ നഗരമായ ദിമാപൂർ നിന്നും രാത്രി 10.00 മണിക്ക് പുറപ്പെടുന്ന ഇംഫാൽ ബസ്സിൽ ഞങ്ങൾ കയറി. രാവിലെ 7 മണിക്ക് ഇംഫാൽ എത്തുന്ന നല്ല പുഷ്ബാക്ക് സീറ്റുള്ള ബസ്സിൽ സീറ്റ് ഒന്നിന് 1000 രൂപ. നിറയെ ആളുകൾ ലഗേജുകളും ഉണ്ട്.

വണ്ടി പുറപ്പെടാറായപ്പോൾ കൊഹിമ ഇറക്കാൻ ആറ് പട്ടികളെ ( ഇറച്ചിക്ക് ) ചാക്ക് ഒക്കെ ഉടുപ്പിച്ച് സീറ്റുകൾക്ക് ഇടയിൽ ഉള്ള കോറിഡോറിൽ കിടത്തി. വായ ചരടു കൊണ്ട് കെട്ടിയിട്ടുണ്ട്. രാത്രി ഉറക്കത്തിനിടയിൽ എപ്പോഴോ അവയെ കൊഹിമയിൽ ഇറക്കിയത് അറിഞ്ഞില്ല.

കൊഹിമ ടൗൺ

രാവിലെ 3 മണിക്ക് തന്നെ നേരം വെളുക്കുന്ന ലക്ഷണം കണ്ടുതുടങ്ങി. സേനാപതി ടൗൺ ഒക്കെ വെളിച്ചത്തിൽ തന്നെ കണ്ടു. രാവിലെ 6.45 ന് ഇംഫാൽ എത്തിച്ചേർന്നപ്പോൾ നമ്മുടെ നാട്ടിലെ എട്ടര മണിയുടെ പ്രതീതി തോന്നി.

ഇംഫാൽ

താമസത്തിന് നല്ല ഹോട്ടലുകളിൽ വിളിച്ചപ്പോൾ രണ്ടായിരത്തിന് മേലാണ് വാടക. ഒരു ഓട്ടോക്കാരൻ സഹായിക്കാം എന്ന് പറഞ്ഞു. IMA മാർക്കറ്റിന് (ഇമാ അഥവാ അമ്മമാരുടെ മാർക്കറ്റ് ) അടുത്ത് മാർവാഡി സമാജം വക ധർമശാലയിൽ ഒരാൾക്ക് 100 രൂപയ്ക്ക് ഡോർമിറ്ററി കിട്ടി.

ഇമാമാർക്കറ്റ്

നല്ല സൗകര്യം – അടുത്ത് നോർത്ത് ഇന്ത്യൻ ഹോട്ടലും ഉണ്ട്. അഞ്ച് മിനിട്ട് നടന്നാൽ ഇമാ മാർക്കറ്റിൽ എത്താം – അവിടെ നിന്ന് അഞ്ച് മിനിറ്റ് കൊണ്ട് കാംഗ്ലാ ഫോർട്ട് & പ്രധാന നഗര ഭാഗത്തും എത്താം.

ഇമാ മാർക്കറ്റ് വിശദമായി കണ്ടു. 3000 സ്ത്രീകൾ കച്ചവടം ചെയ്യുന്ന വലിയ – പ്രധാന കെട്ടിടം – തിരക്ക് കൂടുമ്പോൾ അടുത്ത സ്ഥലങ്ങളിലും കൂടി അവർ ഇരുന്നാൽ 5000 പേർ വരെ ആകും.

വിവാഹിതരായ സ്ത്രീകളെ മാത്രം അനുവദിക്കുന്ന – മെയ്തികൾ ( ദേവി എന്നു പേർ ചേർക്കുന്ന സ്ത്രീകൾ) ആണ് ഈ മാർക്കറ്റ് നടത്തുന്നത്. ഇവിടെ പഴം – പച്ചക്കറി – മത്സ്യം – വസ്ത്രം – ഭക്ഷണം തുടങ്ങി കിട്ടാവുന്ന എല്ലാം ഉണ്ട്. ലോകത്ത് ഏറ്റവും എരിവുള്ള മുളകുകൾ, ബാംബൂ ഷൂട്സ് എന്ന North East കാർക്ക് ഒഴിച്ചുകൂടാത്ത മുളങ്കൂമ്പ് & അതിൻ്റെ വിഭവങ്ങൾ , ഭക്ഷണ വൈവിധ്യം എല്ലാം ഉണ്ട്.

ലോകമാകെ സ്ത്രീ ശാക്തീകരണമേഖലയിൽ ഇമാ മാർക്കറ്റിനെപ്പറ്റി പഠനം നടന്നിട്ടുണ്ട്.

ഇമാ മാർക്കറ്റ്

അവിടെ നിന്ന് നടന്നു പോയി കാംഗ്ല ഫോർട്ട് , മാർബിൾ പാകിയ ഒരമ്പലം എന്നിവ കണ്ടു. രാസലീല എന്ന നൃത്തം ഇവിടെ അരങ്ങേറുന്നു. അസം റൈഫിൾസ് ആണ് ഇവിടെ കാംഗ്ലയിൽ ഉള്ളത്. ഇംഫാൽ നന്നായി പണിതിട്ടുള്ള വലിയ നഗരമാണ്. ഞങ്ങൾ ടൗൺ ഒന്നു കറങ്ങി. ടൗണിൽ തന്നെയുള്ള War cemetry കണ്ടു.

War Cemetry Imphal

രണ്ടാം ലോകമഹാ യുദ്ധത്തിൽ ഇവിടെ മരിച്ച ഇന്ത്യ – ബ്രിട്ടീഷ് സൈനികരുടെ ഭൗതിക ശരീരം അടക്കം ചെയ്ത സെമിത്തേരി UN ആണ് പരിപാലിക്കുന്നത്. നഗരത്തിൻ്റെ ഒരു മൂലയിലെ മാർക്കറ്റ് ഏരിയയിൽ മാത്രമാണ് ബീഫ് വിൽക്കുന്ന കടകൾ കണ്ടത്. അതിൻ്റെ അടുത്ത് ഒരു മെയ്തി മുസ്ലിമിൻ്റെ കടയിൽ കയറി ഞങ്ങൾ മണിപ്പൂരി താലി മീൽസ് കഴിച്ചു.

മണിപ്പൂരി മീൽസ്

നല്ല ചോറ്, പരിപ്പ് , പുഴുങ്ങിയ ബീൻസ് , മുളങ്കൂമ്പ് അച്ചാർ , ബീഫ് കറി എന്നിവ കൂട്ടി ഒരു ഊണ്. വേറൊരു ഭാഗത്ത് നിന്നാണ് മൊറേ ഭാഗത്തേക്ക് ( ബർമ്മ ബോർഡർ ) വണ്ടികൾ പോകുന്നത്. പിറേറന്നത്തെ യാത്ര പ്ലാൻ ചെയ്യാൻ അവിടെ പോയി.

ഉണക്കമീൻ

അവിടെ ഒരു ട്രൈബൽ മാർക്കറ്റ് ഉണ്ട്. അവിടെയും മീൻ , പച്ചക്കറി എല്ലാം കിട്ടും. ബസ് സ്റ്റോപ്പിനടുത്ത് ഇറച്ചി പലവിധം വറുത്ത് മസാല പുരട്ടി വിൽക്കുന്നു.

മൊറേ
മൊറേ
ബാംബൂ ഷൂട്സ്
ട്രൈബൽ ഭവനങ്ങൾ
തൗബാൽ
കാംഗ്ല ഫോർട്ട്
രാസലീലാ മണ്ഡപം
ധർമശാല ഇംഫാൽ
ഗോത്രവർഗ – വഴിയോര കട
IMA Market
ടാമു ടൗൺ
നമ്മുടെ ബ്രാലും കറൂപ്പും എല്ലാം ഉണ്ട്

ധാരാളം പേർ വാങ്ങുന്നു. നല്ല ഭംഗിയുണ്ട്. പല തരം കുടലുകൾ വറുത്തും , പൊരിച്ചും ,സോസേജ് ആയും ഒക്കെ വിൽക്കുന്നുണ്ട്. പന്നി ആണെങ്കിൽ കഴിച്ചു നോക്കാം എന്നു കരുതി – പക്ഷേ അത് പട്ടിയുടേത് ആണോ എന്ന് ഞങ്ങൾക്ക് സംശയം തോന്നി. ഞങ്ങൾ അത് തിന്നില്ല. ഞങ്ങളുടെ ചോദ്യം മനസ്സിലാകാതെ അവർ പുഞ്ചിരിച്ചു.പിറ്റേന്ന് ഞങ്ങൾ മൊറെയിൽ പോയി.

മൊറേ മാർക്കറ്റ്

100 കിലോമീറ്റർ യാത്രയുണ്ട്. മൂന്നു മണിക്കൂർ. ഷെയർ ടാക്സിയിൽ പോയി. 250 രൂപ ഒരാൾക്ക്. വഴി മുഴുവൻ അസം റൈഫിൾസ് സജീവമായുണ്ട്.

മ്യാൻമാർ
മൊറേ ബോർഡർ

മൊറെ വലിയ മാർക്കറ്റ് പ്ലേസാണ്. നമുക്ക് കസ്റ്റംസ് ചെക്ക് കൂടാതെ അപ്പുറം കടന്ന് നാലഞ്ച് കിലോമീറ്റർ മ്യാൻമാറിൽ പോകാം.

ഞങ്ങൾ ഒരു പരിശോധനയും ഇല്ലാതെ അപ്പുറം കടന്നു. ധാരാളം കടകളുണ്ട്. ഏഷ്യൻ ഹൈവേ ആയത് കൊണ്ട് ചൈനീസ് , ബർമീസ് , തായ് ഐറ്റംസ് ആണ് അവിടെ ഉള്ളത്. നല്ല രസമാണ് അവിടെ ചുറ്റിക്കാണാൻ. ഞങ്ങൾ അതിർത്തി കടന്ന് ടാമു എന്ന ബർമീസ് ടൗണിലെ ഒരു ബാറിൽ കയറി ബർമീസ് ബിയർ കഴിച്ചു.

മ്യാൻമാർ ബിയർ
മൊറേയിലെ തദ്ദേശീയ വീട്











പ്രദേശവാസി ആയ ഒരാളുടെ തനത് രീതിയിൽ ഉള്ള രണ്ടു നില – മരത്തിൽ പണിത വീടിന് മുകളിൽ കയറി പുള്ളിയോട് കുറേ സംസാരിച്ചു.

ടാമു

ഒരു ബാപ്റ്റിസ്റ്റ് പള്ളി , പോലീസ് സ്റ്റേഷൻ ഒക്കെ കണ്ട് , കുട്ടികളുടെ ഒരു വിദ്യാലയവും കണ്ട് , ചായക്കടയിൽ നിന്ന് ചായയും കുടിച്ച് വീണ്ടും ഇന്ത്യൻ അതിർത്തി കടന്നു

കാംഗ്ല- അന്തിമാർക്കറ്റ്
കാംഗ്ല- അന്തിമാർക്കറ്റ്

മൊറെയിൽ ധാരാളം തമിഴരുണ്ട്. പണ്ട് വന്നവരാണ് – പക്ഷേ ജീവിതം തമിഴ് രീതി തന്നെ – ഇഡ്ലി, ദോശ ഒക്കെ അവിടെ കിട്ടും. മരപ്പണി അവർ നന്നായി ചെയ്യും. വഴി നീളെ ബർമീസ് തേക്ക് പലകയിൽ കൊത്തുപണി ചെയ്യുന്ന മണിപ്പൂരി സ്ത്രീകളെ കണ്ടു. മരത്തിന് വില കുറവാണ്. ഇവിടെ ജോലി ചെയ്യുന്നവർ ഒക്കെ കുറച്ചു കുറച്ചു വീതം വീടുപണിക്ക് വേണ്ട മര ഉരുപ്പടികൾ കൊണ്ടു വരുന്നു എന്നു കേട്ടു .മൂന്നാം ദിവസം കൊഹിമയിലേക്ക് തിരിക്കണം. ഇംഫാലിൽ നിന്നും ബസ് ഒന്നും കണ്ടില്ല. രാവിലെ 7 മണിക്ക് തന്നെ ഷെയർ ടാക്സി പിടിച്ച് കൊഹിമ ടൗണിൽ ഒരു പതിനൊന്നു മണിയോടെ എത്തിച്ചേർന്നു.

ഡ്രാഗൺ ബിയർ – മൊറേ

ഈ യാത്രയിൽ കണ്ടുമുട്ടിയ മെയ്തി – ഗോത്ര വർഗ്ഗക്കാർ എല്ലാം ഞങ്ങളോട് വളരെ സൗഹാർദ്ദമായി പെരുമാറി. എറണാകുളം സന്ദർശിച്ച കാര്യം ഒക്കെ ചിലർ പറഞ്ഞു. മാന്യമായി വസ്ത്രം ധരിച്ച വൃത്തിയുള്ള മനുഷ്യരും നല്ല റോഡുകളും കടകളും മണിപ്പൂരിലും നാഗാലാണ്ടിലും ഉണ്ട്. ദിമാപൂരിൽ നിന്ന് ഞങ്ങളെ ബസ്സിൽ കയറ്റി വിട്ട എൻ്റെ നാഗാ വിദ്യാർത്ഥി കിച്ചു (ആവോ ഗോത്രക്കാരൻ ) ഇന്നില്ല. അവന് നിത്യശാന്തി നേരുന്നു. ഇവിടെ പഠിച്ചിരുന്ന മണിപ്പൂരി കുട്ടികൾ – മെയ്തികളായ തങ്കജം ഇന്ദ്രമണിസിങ്ങ്, പൂർണിമ ദേവി , ഗോത്രവർഗ്ഗക്കാരായ ഹോകിപ്പ്, അംബ്രോസ്, ടൈസൺ തുടങ്ങിയവർ ഒക്കെ ഇപ്പോൾ എന്തു ചെയ്യുന്നു എന്നറിയില്ല.

മണിപ്പൂരിലെ പ്രശ്നങ്ങൾ വേഗം തീരാനും , അവിടെ ഒക്കെ എല്ലാവർക്കും മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലെന്ന പോലെ സേഫ് ആയി യാത്ര ചെയ്യാനും അവസരം എത്രയും പെട്ടെന്ന് ഉണ്ടാവാനും പ്രാർത്ഥിക്കുന്നു.

Biju Augustine

Share News