മതഭ്രാന്ത് സ്വാതന്ത്ര്യ സമരമല്ല|ഡോ. കെ. എസ്. രാധാകൃഷ്ണന്‍

Share News

1921-ലെ മലബാര്‍ കലാപത്തില്‍ ചില അപഭ്രംശങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. അത്തരം ഒരു അപഭ്രംശമായിരുന്നു തൂവൂര്‍ കിണര്‍ സംഭവം. തൂവൂരില്‍ 34 ഹിന്ദുക്കളെ വെട്ടിക്കൊന്നതായി 1921 ഒക്ടോബര്‍ ആറാം തിയതിയിലെ മലയാള മനോരമ പത്രത്തിലും ഏഴാം തിയതിയിലെ ദീപിക പത്രത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കുകയും പതിനായിരത്തിലേറെ പേരെ ഭീഷണിപ്പെടുത്തി മതം മാറ്റുകയും അനേകം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തത് എങ്ങനെയാണ് ദേശീയസമരവും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള യുദ്ധമായി മാറുന്നത് എന്നു മനസിലാകുന്നില്ല.

മൂര്‍ക്കോത്തുകുമാരന്‍ 1921 സെപ്തംബര്‍ 17-ന് ജോനകപ്പട എന്ന പേരില്‍ സുദീര്‍ഘമായ റിപ്പോര്‍ട്ട് മലയാള മനോരമയില്‍ എഴുതിയിരുന്നു. ഹാലിളകിയ ജോനകപ്പട ചെയ്ത അതിക്രമങ്ങള്‍ അതില്‍ വിവരിച്ചിട്ടുണ്ട്. മലബാറില്‍ നടത്തിയിട്ടുള്ള ലഹളകളെ പരാമര്‍ശിച്ചുകൊണ്ട് മുസ്ലിം മതഭ്രാന്ത് അടിച്ചമര്‍ത്തുക തന്നെ വേണമെന്ന് ആ റിപ്പോര്‍ട്ടില്‍ മൂര്‍ക്കോത്ത് കുമാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മലബാറില്‍ മാപ്പിളപേടിയുണ്ടെന്നും മനോരമ അഭിപ്രായപ്പെട്ടു.

മലബാറിലെ മുസ്ലിംങ്ങള്‍ക്ക് മതഭ്രാന്തും വികാരവിക്ഷുബ്ധതയും ഉണ്ടെന്ന് 1921 സെപ്തംബര്‍ 18-ന് മനോരമ അഭിപ്രായപ്പെട്ടിട്ടുണ്ട്. മനോരമയ്ക്ക് മുന്‍പേ, വള്ളത്തോള്‍ മാപ്പിളപേടിയെക്കുറിച്ച് ‘ ഒരു നായര്‍ സ്ത്രീയും മുഹമ്മദീയനും’ (1915) എന്ന കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്. ആ കവിതയില്‍ മുഹമ്മദീയനെ വള്ളത്തോള്‍ ‘ സ്ഫുടതരരാക്ഷസരൂപന്‍’ (ശ്ലോകം 22) എന്നും ‘തട്ടിപ്പറി തൊഴിലായ്പ്പുലരും മുഹമ്മദീയന്‍’ (ശ്ലോകം 25) എന്നും വിശേഷിപ്പിച്ചതിനു ശേഷം അയാള്‍ സദാകൊണ്ടുനടക്കുന്ന കഠാര ‘പാന്ഥരക്തക്കുരുതിയിലൂളിയിടാത്തനാള്‍ ചുരുങ്ങും’ എന്നും പറയുന്നുണ്ട്. (ശ്ലോകം 27).

ഹാലിളകിയ മാപ്പിളമാര്‍ക്ക്, മഹാത്മഗാന്ധി നിരീക്ഷിച്ചതുപോലെ മതഭ്രാന്തായിരുന്നു. ആ മതഭ്രാന്ത് ഉണ്ടായിരുന്നതുകൊണ്ടാണ് ഹിന്ദുക്കളെ ജീവനോടെ ചുട്ടുകൊന്നകാര്യം മനോരമ 1921 ഡിസംബര്‍ 29ന് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷുകാര്‍ക്ക് എതിരെ യുദ്ധം ചെയ്യാനുള്ള എളുപ്പമാര്‍ഗം ഹിന്ദുവംശഹത്യയും ഹിന്ദുക്കളെ വാള്‍മുനയില്‍ നിര്‍ത്തി മതം മാറ്റുന്നതാണെന്നും എന്തു യുക്തിക്കനുസരിച്ചാണ് പറയുന്നത് എന്ന് വ്യക്തമാകുന്നില്ല.

അലിമുസലിയാരും മമ്പ്രംതങ്ങളും വാരിയന്‍കുന്നനുമെല്ലാം മുസ്ലിം പള്ളിയില്‍ ഇരുന്നുകൊണ്ടാണ് വംശഹത്യ നടത്താനുള്ള ഉത്തരവ് നല്‍കിയത്. സ്വാതന്ത്ര്യസമരം ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടായിരുന്നില്ല നടത്തിയത്. തുര്‍ക്കി തൊപ്പിതലയില്‍ ധരിച്ചും തുര്‍ക്കി പതാക കൈയ്യിലേന്തി ‘ അല്ലാഹു അക്ബര്‍’ എന്നു വിളിച്ചുകൊണ്ട് നടത്തിയ സമരത്തെ ദേശീയ സമരമായി എങ്ങനെ കാണാന്‍ കഴിയും?

ദേശീയ സമരം ദേശത്തിനു വേണ്ടിയാണ് നടത്തേണ്ടത്. തുര്‍ക്കി സുല്‍ത്താന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതിനു വേണ്ടി ലോകത്തിലെ മുസ്ലിംങ്ങള്‍ നടത്തിയ സമരം എങ്ങനെയാണ് ദേശീയ സമരമായി തീരുക? മുസ്ലീങ്ങള്‍ മതപരമായ ദൗത്യമായിട്ടാണ് ഖിലാഫത്തിനെ കണ്ടിരുന്നത് എന്ന് സമരത്തിന് നേതൃത്വം നല്‍കിയ ആലി സഹോദരന്മാരും അബ്ദുല്‍കലാം ആസാദും എല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ മതവൈരം മൂലം കൊന്നൊടുക്കുന്ന മതഭ്രാന്ത്‌ സ്വാതന്ത്ര്യസമരമല്ല.

സ്വന്തം മതവിശ്വാസം കാത്തുസൂക്ഷിക്കുക എന്ന ഒരു കാര്യത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെട്ട നിരപരാധികളോട് മാപ്പ് പറയുന്നതിനു പകരം ആ വിജയം ആഘോഷിക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ധിക്കാരമാണ്.

(ഡോ. കെ. എസ്. രാധാകൃഷ്ണന്‍)

Share News