
മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു
മലയാള മനോരമയ്ക്കായും മനോരമ ന്യൂസ് ചാനലിനായും പോളണ്ടിൽ നിന്നും റഷ്യ – യുക്രെയ്ൻ യുദ്ധ വാർത്തകൾ കവർ ചെയ്യുന്ന മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിൻ്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു . ഒരക്കാദമിക് താൽപര്യത്തോടെ തന്നെ അദ്ദേഹത്തിൻ്റെ വാർ കവറേജ് ശ്രദ്ധിക്കുകയായിരുന്നു.

രണ്ടു കാര്യങ്ങളാണ് പ്രധാനമായും പറയേണ്ടതായി തോന്നുന്നത്..ഒന്ന് അയാൾ യുദ്ധമുഖത്തു നിന്നും കണ്ടെടുക്കുന്ന മാനുഷിക മൂല്യമുള്ള ഹൃദയസ്പർശിയായ തികച്ചും ഹ്യൂമെൻ എന്നു വിളിക്കാവുന്ന തരം സ്റ്റോറികൾ .
യുദ്ധം കൊടുമ്പിരി കൊണ്ട് നടക്കുന്നുണ്ട്. പിന്നിലെ ലോക രാഷ്ട്രീയം സജീവമാണ് ആയുധങ്ങളും യുദ്ധതന്ത്രങ്ങളും അറിയുന്നുണ്ട്. എഴുതുന്നുണ്ട്.പക്ഷേ മനുഷ്യരുടെ വ്യഥകളും വ്യസനങ്ങളുമാണ് അയാൾ പ്രധാനമായും പകർത്തുന്നത്.
രണ്ട് വളരെ സീനിയറയ ഒരു പ്രിൻ്റ് ജേണലിസ്റ്റ് വിഷ്വൽ മീഡിയക്കായി റിപ്പോർട്ടു ചെയ്യുമ്പോൾ സാധാരന്ന കണ്ടു വരാത്ത കൈയടക്കം . പതിവു ചാനൽ റിപ്പോർട്ടിങ് ശൈലികളിൽ നിന്നെല്ലാം വിഭിന്നമാണ് സ്റ്റോറി പ്രസൻ്റേഷൻ’ തിടുക്കമില്ല, രോഷമില്ല, അതിഭാവുകത്വമില്ല. തീർത്തും നിർമമം.മികച്ച വാക്യഘടനയിൽ അയത്നലളിതമായ സ്വര ശുദ്ധിയുള്ള മലയാളം. വാക്കുകളുടെ ഭംഗിയുള്ള കോർക്കലുകൾ.ഇംഗ്ലിഷിലുള്ള ചോദ്യങ്ങളിലും ഭാഷയുടെ ലാളിത്യം കാണാം. റിപ്പോർട്ടർക്കല്ല, പങ്കിടുന്ന വിവരത്തിനാണ് മേൽക്കൈ. പ്രേക്ഷകനെ ചാനലിൽ തന്നെ പിടിച്ചിരുത്തുന്ന മികവ്. ദി വീക്കിനു വേണ്ടിയും മനോരമഓൺലൈനിനു വേണ്ടിയും കൂടി അദ്ദേഹം യുദ്ധം റിപ്പോർട്ടു ചെയ്യുന്നുണ്ട്.
ഇന്നു രാവിലെ വാട്സ് ആപ് കോളിൽ സംസാരിച്ചപ്പോൾ തൻ്റെ ഐ ഫോൺ മെമ്മറിയിൽ നിറഞ്ഞിരിക്കുന്ന കാഴ്ചകളെക്കുറിച്ച് ജോമി പറഞ്ഞു.
യുദ്ധഭൂമിയിൽ നിന്ന് പാലായനം ചെയ്തെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി ആഹാരവും കളിപ്പാട്ടങ്ങളുമായി വരി നിൽക്കുന്ന പോളിഷ് ജനതയെക്കുറിച്ചു പറഞ്ഞു. സ്ത്രീകളും കുട്ടികളും തനിച്ചാണ്.നാടു വിട്ടു വരാത്ത പുരുഷന്മാർ ജന്മനാടിനായി പോരാടാൻ യുദ്ധമുഖത്ത് ഇറങ്ങിയിരിക്കുകയാണ്.ഇതൊക്കെയും വരും ദിവസങ്ങളിൽ അദ്ദേഹമെഴുതും. യുദ്ധം പോലെയുള്ള ‘വലിയ ഇവൻ്റുകൾ” ജോമി തോമസ് റിപ്പോർട്ടു ചെയ്യുന്നത് ഇതാദ്യമായല്ല .

അത്തരം പരിചയ സമ്പന്നതകൾ നിസാരമെന്ന് തോന്നി അവഗണിച്ചു കളയുന്ന ചില കാര്യങ്ങളുണ്ട് വാർത്താ മുഖങ്ങളിൽ .മനുഷ്യൻ്റെ ഒറ്റപ്പെട്ട നിസഹായതകൾ, വേദനകൾ .. വലിയ കഥകൾക്കിടയിൽ ഇത്തരം ചെറിയ കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്ന് കരുതുന്നവരാണ് ഏറെയും. എന്നാൽ അതിനേയും അടയാളപ്പെടുത്തി പോകുന്നതിലാണ് ഈ ജേണലിസ്റ്റിലെ മനുഷ്യത്വം.
പോളണ്ടിലെ ബസ് സ്റ്റേഷനിൽ വച്ചു സംസാരിച്ച യുക്രെയ്നിൽ നിന്നും പാലായനം ചെയ്തെത്തിയ ഒരു കൊച്ചു പെൺകുട്ടിയുടെ ദൈന്യത കണ്ട് അവളുടെ പക്കൽ നിന്നും അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിച്ച് യാത്ര പറയുമെന്നോർത്ത് വിഷമിച്ചു നിന്ന അനുഭവത്തെപ്പറ്റി ജോമി പറഞ്ഞു.

ആ പെൺകുട്ടിയുടെയും ജോമിയുടെ മകളുടെയും പേര് ഒന്നായിരുന്നു .. മരിയ.ചിത്രത്തിൽ അവളുണ്ട്. വലത്തേയറ്റം കറുത്ത ജാക്കറ്റിൽ. 15 വയസ്സുകാരി മരിയ .

ടി ബി ലാൽ




