കൊച്ചിയുടെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി ഷാജിയുണ്ടായിരുന്നു.

Share News

കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്നും ശ്രീ ഷാജി ജോർജ് ജനവിധി തേടുകയാണ്. 1985ലാണ് ഷാജിയെ ഞാൻ ആദ്യമായി കാണുന്നത്. ലോക യുവജന വർഷാചരണത്തിൻ്റെ ഭാഗമായി കളമശ്ശേരിയിൽ സംഘടിപ്പിച്ച നേതൃപഠന ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഷാജി ജോർജ്. ക്യാമ്പിൻ്റെ ചുമതല എനിക്കായിരുന്നു. ആ ക്യാമ്പിൽ ഷാജി ജോർജ് ബെസ്റ്റ് ക്യാമ്പറായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നിരവധി പ്രവർത്തനങ്ങളിൽ ഞങ്ങൾ ഒരുമിച്ചു മുന്നേറി. അക്കാലത്ത് ശ്രദ്ധേയമായ ഒരു സമരമായിരുന്നു ദ്വീപുകളുടെ വികസനം ആവശ്യപ്പെട്ടു നടത്തിയ ദ്വീപുവികസന ജാഥ. അതായത് വൈപ്പീൻ പാലങ്ങൾ വരുന്നതിനു മുൻപെ. വരാപ്പുഴയിൽ നിന്നാരംഭിച്ച് കടമക്കുടിയിലെ എല്ലാ ദ്വീപുകളിലൂടെയും നടന്ന് പോഞ്ഞിക്കരയും വല്ലാർപാടവും കടന്ന് ഞാറക്കലിൽ സമാപിച്ച ജാഥയിലെ പ്രധാന ആവശ്യം ദ്വീപുകളുടെ സമഗ്രവികസനത്തിന് ഒരു പ്രത്യേക സംവിധാനമായിരുന്നു. ഇന്ന് ആ ആവശ്യം യാഥാർത്ഥ്യമായത് ജിഡ എന്ന പേരിലാണ്.

തീരപരിപാലന വിജ്ഞാപനം അനിശ്ചിതത്വത്തിലാക്കിയത് തീരത്തെ നിസ്വരായ ആയിരക്കണക്കിന് മനുഷ്യരെയാണ്. കടലും കടൽത്തീരവും ജീവിതത്തിൻ്റെ ഭാഗമാക്കിയ ഈ ജനതയ്ക്ക് കടൽ അന്യമാവുകയാണ്. ഇതിനെതിരെ ജനജാഗരമുയർത്തി കേരളത്തിൻ്റെ തീരത്തിലൂടെ നടത്തിയ ജനജാഗരണ ജാഥ, അതിൻ്റെ അവസാനത്തിൽ തിരുവനന്തപൂരത്ത് പതിനായിരങ്ങൾ പങ്കെടുത്ത മഹാസമ്മേളനം… അങ്ങിനെ എത്രയെത്ര പോരാട്ടങ്ങൾ.

ജനാധിപത്യ ഇന്ത്യയിൽ ജനാധികാരത്തിന്റെ യഥാർത്ഥ മാതൃക അപൂർവ്വം ചിലപ്പോഴെല്ലാം നമ്മെ അതിശയപ്പെടുത്തി തെളിഞ്ഞു വരും. അത്തരത്തിൽ അപൂർവ്വമായി സംഭവിക്കുന്നതാണ് പാലക്കാട് കൊഴിഞ്ഞമ്പാറയിൽ, വടകരപ്പതി പഞ്ചായത്തിൽ നടന്നത്. രാഷ്ട്രീയ കക്ഷികളെ മറികടന്ന് ജനങ്ങൾ അധികാരം പിടിച്ചടക്കിയ വടകരപ്പതി പഞ്ചായത്ത്. കൃഷിക്കാവശ്യമായ വെള്ളത്തിനും കുടിവെള്ളത്തിനും വേണ്ടി ഇവർ കാത്തിരുന്നത് നാല്പതിലധികം വർഷങ്ങളാണ്. അധികാരമേലാളന്മാരുടെ കൊട്ടാരങ്ങളിൽ ഇവർ കയറിയിറങ്ങി… അപേക്ഷിച്ചു.. പക്ഷെ, അവിടത്തെ രാഷ്ട്രീയ യജമാന്മാർ പുച്ഛത്തോടെ അവർക്കുനേർ മുഖം തിരിച്ചു.

2014ലെ പൊതു തെരഞ്ഞെടുപ്പിൽ അവർ അവരുടെ രാഷ്ട്രീയ ആയുധം പുറത്തെടുത്തു. ആ തെരഞ്ഞെടുപ്പിൽ നോട്ട അവരുടെ സ്ഥാനാർത്ഥിയായി. ഇരുപതിനായിരത്തിലധികം വോട്ടുകൾ നോട്ടയ്ക്ക്. അടുത്തത് നിയമസഭാ തെരഞ്ഞെടുപ്പ്. കുടിവെള്ളമെന്ന ആവശ്യം ഇവരുയർത്തി. ഒരു മുന്നണി വെള്ളം ദൈവം തരുമെന്ന് പറഞ്ഞ് അഹങ്കാരികളായി. മറു മുന്നണി അവരുടെ ആവശ്യങ്ങൾ നിറവേറ്റാമെന്ന് ഉറപ്പു നല്കി വിജയം നേടി.

അടുത്ത ഊഴം പഞ്ചായത്ത് തെരഞ്ഞെടുപ്പ്! ഇരു മുന്നണികൾക്കുമെതിരെ ജനങ്ങളുടെ യഥാർത്ഥ സ്ഥാനാർത്ഥികൾ രംഗത്തുവന്നു. 18 വാർഡുകളിൽ 9 വാർഡുകളിൽ ഇവർ ജയിച്ചു അധികാരത്തിലെത്തി. അവർക്ക് ലഭിച്ച അധികാരം ഉപയോഗിച്ച് ഓരോരോ ആവശ്യങ്ങൾ നടപ്പിലാക്കി. കുടിവെള്ളം അവിടെയെത്തി. നാലായിരത്തോളം ഹൗസ് കണക്ഷനുകളും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലും വടകരപ്പതി പഞ്ചായത്തിൽ അധികാരം നിലനിർത്തി.

കൊഴിഞമ്പാറയിലെ ഈ ജനകീയ മുന്നേറ്റത്തിനു പിന്നിലും ഷാജി ജോർജിൻ്റെ പ്രതിജ്ഞാബദ്ധമായ നേതൃത്വമുണ്ടായിരുന്നു. ചില പോരാട്ടങ്ങളിൽ പങ്കുചേരാൻ എനിക്കും അവസരം കിട്ടി. ഒരിക്കൽ ഷാജി ജോർജിന്റെ ഒരോ ചോദ്യത്തിനും ജനക്കൂട്ടം ആവേശത്തോടെ ഇരമ്പിയാർത്ത് ഉത്തരം നല്കുന്ന കാഴ്ച അപാരമായിരുന്നു. മഴയൊന്നും അവരുടെ ആവേശത്തെ കെടുത്താൻ പോന്നതായിരുന്നില്ല. ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തിയെ കൊഴിഞ്ഞമ്പാറ സാക്ഷ്യപ്പെടുത്തുന്നു.

നമ്മുടെ സമീപത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ജനവാസ കേന്ദ്രമായ ചെല്ലാനത്തെ ജനങ്ങൾ വർഷങ്ങൾ നീണ്ട സമരത്തിലാണ്. തങ്ങൾക്ക് നഷ്ടമാവുന്ന തീരത്തെ സംരക്ഷിക്കാനും വീണ്ടെടുക്കാനുമുള്ള പോരാട്ടത്തിൽ. അവരോടോപ്പവും ഷാജിയുടെ നേതൃത്വം നമ്മൾ കണ്ടു. കടൽഭിത്തി അറ്റകുറ്റപണിക്ക് 15 കോടിയുടെ ഭരണാനുമതി, സമഗ്ര തീരപരിപാലനത്തിന് കഴിഞ്ഞ ബജറ്റിൽ 100 കോടി ആദ്യഘട്ടമായി…. സമയോചിതമായ ഷാജി ജോർജിൻ്റെ ഇടപെടലിൻ്റെ ഫലമാണ്…..

ഇന്ത്യയിലെ തൊഴിലാളി സംഘടനാ പ്രവർത്തനത്തിൽ അസംഘടിതമേഖല ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. മുഖ്യധാരാ ട്രേഡ് യൂണിയനുകൾ വേണ്ടത്ര താല്പര്യം കാട്ടിയിരുന്നില്ല. അതു കൊണ്ടു തന്നെ ഇന്ത്യയിലെ തൊഴിലാളികളിൽ 80% ലധികവും ഇന്നും സംഘടിപ്പിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 20 വർഷമായി അസംഘടിത തൊഴിലാളികളുടെ സംഘാടനവും ശക്തീകരണവുമാണ് എൻ്റെ പ്രവർത്തനമേഖല. പക്ഷെ, അതിനു മുൻപെ നഗരത്തിലെ പാദരക്ഷാ തൊഴിലാളികളെ സംഘടിപ്പിക്കാൻ ഷാജി മുന്നിട്ടിറങ്ങി. കാണിക്ക വിജയൻ സഹായി ആയിരുന്നു.

കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി ഷാജി ജോർജ് കൊച്ചി നഗരത്തിനൊപ്പം നടക്കുകയായിരുന്നു. കൊച്ചിയുടെ സാമൂഹിക സാംസ്ക്കാരിക ജീവിതത്തിൽ നിറഞ്ഞ സാന്നിദ്ധ്യമായി ഷാജിയുണ്ടായിരുന്നു. ഷാജി ജോർജ് ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സന്തോഷവും അഭിമാനവും നല്കുന്നതാണ്‌. എറണാകുളത്തിൻ്റെ വോട്ടർമാർ ഷാജിയെ തിരിച്ചറിയട്ടെ, വിജയം നല്കട്ടെയെന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു.

Jude Arackal

Share News