സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
ഹൃദയഫലകങ്ങളിലെ പേരെഴുത്ത്
ബാലരാമപുരത്ത് വീടുകളിൽ വച്ചു നടത്താറുള്ള ഒരു നോമ്പുകാല പ്രാർത്ഥനക്കൂട്ടം കഴിഞ്ഞ് സന്ധ്യയ്ക്ക് ആളുകൾ പിരിയുന്ന നേരത്താണ് ഒരു സ്ത്രീയും പുരുഷനും കൂടി ആ വീട്ടുമുറ്റത്തേക്കു കയറിവന്നത്. ഒറ്റനോട്ടത്തിൽ തന്നെ എനിക്കവരെ മനസ്സിലായി. അശോകനും ഭാര്യയും! തിരുവനന്തപുരത്ത് കാവടിത്തല ഇടവകക്കാരാണ്.
“ഈശോമിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ അച്ചോ!”
അവർ സ്തുതി പറഞ്ഞു.
“എപ്പോഴും സ്തുതിയായിരിക്കട്ടെ!” സ്തുതി പറഞ്ഞ് ഞാൻ പുഞ്ചിരിച്ചെങ്കിലും അവരുടെ വരവ് എനിക്ക് അസാധാരണമായി തോന്നി! കാരണം എട്ടു പത്തു വർഷം മുമ്പുള്ള പരിചയമാണ്. സഭയുടെ ഏതെങ്കിലും പൊതുപരിപാടികളിൽ വച്ച് യാദൃശ്ചികമായി വല്ലപ്പോഴും അശോകനെ കാണാറുണ്ടെങ്കിലും ഒരിക്കലും ഒരാവശ്യത്തിനും അവർ എന്നെത്തിരക്കി വന്നിട്ടില്ല.
“ഞങ്ങൾ പള്ളിമേടയിൽ പോയിരുന്നു. അപ്പോഴാണ് അച്ചൻ പ്രാർത്ഥനയ്ക്കു പോയ കാര്യം അറിഞ്ഞത്. കുറെനേരം അവിടെ കാത്തിരുന്നു. കാണാഞ്ഞതു കൊണ്ട് ഇവിടെ വന്നു കാണാമെന്നു വച്ചു. അച്ചനെ നേരിട്ടു കാണണമെന്നു നിർബന്ധമുള്ളതുകൊണ്ടാണു വന്നത്! അച്ചനു ബുദ്ധിമുട്ടായോ?”
“ഏയ്! ഒരിക്കലുമില്ല. അശോകൻ പറയൂ” ഞാൻ ആകാംക്ഷയോടെ ചിരിച്ചു.
“അച്ചോ, ഞങ്ങളുടെ രണ്ടാമത്തെ മകളുടെ വിവാഹമാണ്. അച്ചൻ തീർച്ചയായും വരണം. ഞങ്ങളുടെ കുടുംബത്തിലെ സന്തോഷത്തിന്റെ ഈ അവസരത്തിൽ അച്ചൻ ഒപ്പമുണ്ടാകണം എന്നു ഞങ്ങൾക്ക് ആഗ്രഹമുണ്ട്!”
എനിക്ക് അദ്ഭുതം തോന്നി. ഒരു വിവാഹത്തിന് ക്ഷണിക്കാൻ പള്ളിമേടയിൽ വന്നൊരു ക്ഷണക്കത്തു തന്നാൽ പോരേ? എന്തിനാണവർ ഇത്രയും ബുദ്ധിമുട്ടി ഈ വീടു തേടിപ്പിടിച്ചു വന്നത്?
കാവടിത്തല ഇടവകയുമായി എനിക്കാകെയുള്ള ഒരു ബന്ധം കുറച്ചുനാൾ ഇടദിവസങ്ങളിൽ അവിടെ വിശുദ്ധ കുർബാനയർപ്പിക്കാൻ പോയിട്ടുണ്ട് എന്നതു മാത്രമാണ്. അക്കാലത്ത് അശാകന്റെ രണ്ടു പെൺമക്കളിൽ മൂത്ത മകൾ കാൻസർ രോഗബാധിതയായി കിടപ്പിലാണ്. രമ്യയെന്നായിരുന്നു പേര്. കൗമാരത്തിലേക്കു കാലൂന്നിയ, മിടുമിടുക്കിയായൊരു പെൺകുട്ടി പെട്ടന്ന് രോഗക്കിടക്കയിലേക്കു വീഴുന്നത് എത്ര ദു:ഖകരമാണ്! തീരാരോഗവുമായി ആ കുടുംബത്തിന്റെ തോരാക്കണ്ണീരായി അവൾ ഒഴുകാൻ തുടങ്ങി!
മരണത്തോടു മല്ലടിച്ചു കഴിയുന്ന ആ കൊച്ചുപെൺകുട്ടിക്കു വേണ്ടി പല തവണ വിശുദ്ധ കുർബാന അർപ്പിക്കുകയും ഞാനവിടെ ചെല്ലുന്ന ദിവസങ്ങളിലെല്ലാം വിശുദ്ധ കുർബാന വീട്ടിൽ കൊണ്ടു പോയി നൽകുകയും ചെയ്യുമായിരുന്നു. മരുന്നുകളുടെ ഭാരം താങ്ങാനാവാതെ തളർന്നു പോയ ആ പിഞ്ചു ശരീരത്തിന്റെ ഓരോ കോശത്തിലും വേദനയുടെ രേണുക്കൾ പായുന്നത് അവളുടെ പ്രതികരണങ്ങളിൽ നിന്നു നമുക്കു തിരിച്ചറിയാമായിരുന്നു. ഒരു മുൾക്കിടക്കയിൽ കിടക്കുന്ന പോലെ അവൾ നൊന്തു പിടഞ്ഞിട്ടുണ്ടാവണം!
പക്ഷെ, ഒരു മാലാഖയെക്കണക്ക് വിശുദ്ധയായിരുന്നു അവൾ. വലിയ സഹനങ്ങൾക്കിടയിലും ഈശോയെ സ്വീകരിക്കാൻ അവൾക്കു വലിയ ഇഷ്ടമായിരുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ കുറേനാൾ ഈശോയുടെ കയ്യും പിടിച്ചു അവൾ നടന്നു. പിന്നെയൊരുനാൾ ആരോടും ഒന്നും പറയാതെ മാലാഖമാർക്കൊപ്പം സ്വർഗ്ഗത്തിലേക്കു പറന്നു. അതിവേദനയുടെ എല്ലാ നീരാളിപ്പിടുത്തങ്ങളിൽ നിന്നും മോചിതയായി നിത്യാനന്ദത്തിന്റെ പറുദീസയിലേക്ക് അവൾ ഉയിർത്തെഴുനേറ്റു.
അശോകന്റെ കുടുംബവുമായി അത്രയേ എനിക്കു ബന്ധമുണ്ടായിരുന്നുള്ളൂ. ഞാനെന്നല്ല, ഏതൊരു പുരോഹിതനും ചെയ്യുന്ന ഒരു സാധാരണ ശുശ്രൂഷ മാത്രമേ ഞാനവർക്കുവേണ്ടി ചെയ്തിട്ടുമുള്ളൂ. എന്നിട്ടും എന്തിനായിരിക്കും അവർ എന്നെത്തേടി വന്നത്? എന്റെ മനസ്സു വായിച്ചിട്ടെന്നപോലെ അശോകൻ തുടർന്നു:
“അച്ചോ, ഞങ്ങളെന്നും പ്രാർത്ഥനയിൽ നന്ദിയോടെ ഓർമ്മിക്കുന്ന പേരാണ് അച്ചന്റേത്. ഞങ്ങൾക്ക് അച്ചനോടൊരു കടപ്പാടുണ്ട്. അതു പറഞ്ഞു തീർക്കാൻ പറ്റില്ല. ഞങ്ങളുടെ മോള് രോഗക്കിടക്കയിൽ കിടന്ന, ഞങ്ങളുടെ കുടുംബത്തിന്റെ വേദനയുടെ കാലത്ത് ഞങ്ങളുടെ വീട്ടിൽ ഏറ്റവും കൂടുതൽ തവണ വന്നു പ്രാർത്ഥിച്ചത് അച്ചനാണ്. എന്റെ മോൾക്ക് ഏറ്റവും കൂടുതൽ തവണ ഈശോയെ കൊണ്ടുവന്നു കൊടുത്തതും അച്ചനാണ്. സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”
കണ്ടു കൊതി തീരും മുമ്പ് മകളെ നഷ്ടപ്പെട്ട ഒരപ്പന്റെ ഹൃദയം കവിഞ്ഞൊഴുകിയ സങ്കടം ഇടറിയ ആ വാക്കുകൾക്കിടയിലൂടെ എന്റെ ഉള്ളിലേക്കു കിനിഞ്ഞിറങ്ങി.ആ വാക്കുകൾ ഞാൻ ശാന്തമായിരുന്നു കേട്ടു. വീണ്ടും വീണ്ടും ഓർത്തു. ക്ഷണക്കത്തു കൈമാറി അവർ മടങ്ങിയിട്ടും ഒരു ദൈവദൂതു പോലെ ആ വാക്കുകൾ അവിടെത്തന്നെ നിന്നു. ഓർക്കുന്തോറും ആ വാക്കുകൾക്കു പൊരുൾ കൂടിക്കൂടി വന്നു.
ശരിയാണ്, ദൈവനാമത്തിൽ നാം ചെയ്യുന്ന ചില സാധാരണ പ്രവൃത്തികൾ അസാധാരണമായ അനുഗ്രഹത്തിലേക്ക് വഴി തുറക്കാൻ കെൽപ്പുള്ളവയാണ്! എനിക്കുറപ്പുണ്ട്, ആയുസ്സെത്തി ഒരുനാൾ ദൈവസന്നിധിയിലേക്കു മടങ്ങിച്ചെല്ലുമ്പോൾ വാതിൽക്കൽ എന്നെക്കാത്ത് ഒരു കുഞ്ഞു മാലാഖയുണ്ടാവും; നരകമാണെങ്കിൽ നാവു തണുപ്പിക്കാനും സ്വർഗ്ഗമാണെങ്കിൽ സ്വീകരിച്ചാനയിക്കാനും!
ഒരു പുരോഹിതനെ സംബന്ധിച്ച് മറ്റെന്തു ചെയ്തതിന്റെ പേരിൽ ഓർമ്മിക്കപ്പെടുന്നതിനേക്കാളും നല്ലത് ഇങ്ങനെ ചിലതിന്റെയൊക്കെ പേരിൽ ഓർമ്മിക്കപ്പെടുന്നതാണ്!
മാർബിൾ ഫലകങ്ങളിൽ എഴുതപ്പെട്ട പേരിനേക്കാൾ നിലനിൽക്കുന്നത് പാവപ്പെട്ട മനുഷ്യരുടെ ഹൃദയഫലകങ്ങളിൽ എഴുതപ്പെട്ട പേരാണ്!
Sheen Palakkuzhy