പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ.
പഠനത്തിൽ മിടുക്കി, സഹാനുഭൂതിയിൽ മിടുമിടുക്കി, ദൈവസ്നേഹാനുഭവത്തിൽ അതിമിടുക്കി എന്ന് ഞാൻ ധൈര്യത്തോടെ വിളിക്കും എന്റെ ഈ പ്രിയപ്പെട്ട സഹപാഠിയെ… ജീവിതത്തിൽ കുറെയേറെ സ്വപ്നങ്ങളുമായി ഒരു മിഷനറി ആകാനുള്ള തീവ്രാഭിനിവേശത്തോടെ CMC സന്യാസിനീസമൂഹത്തിന്റെ മഞ്ചേരിയൽ പ്രോവിൻസിലെ അംഗമായി തീർന്ന കൊച്ചു മഞ്ജു, ഇന്ന് Dr Sr Manju CMC ആയി ആന്ധ്രായിൽ ഉണ്ട്രാജാവരം എന്ന ഗ്രാമത്തിൽ ഒരായിരം ആളുകളുടെ ജീവിതത്തിൽ വെളിച്ചമായി പടരുന്നു. പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ. ആന്ധ്രായിലെ ചില ഗ്രാമങ്ങളിലെ ഒരു പ്രത്യേകതയാണ് പ്രായമായവരെ, പ്രത്യേകിച്ച് മരണാസന്നരെ വീട്ടിനുള്ളിൽ കയറ്റാതെ, മുറ്റത്തോ മറ്റോ വളരെ കുറച്ചു ഭക്ഷണം മാത്രം കൊടുത്തു താമസപ്പിക്കുക എന്നത്. ഈ കാഴ്ച സിസ്റ്ററിനെ പലപ്പോഴും വളരെ അധികം വേദനിപ്പിക്കുകയും അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാനും ഇടവരുത്തി. ഒൻപത് വർഷത്തെ നീണ്ട കാത്തിരുപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായി തങ്ങളുടെ ഹോസ്പിറ്റൽ സൗകര്യവും ഒരു പാലിയേറ്റീവ് കെയർ യൂണിറ്റും, ഹോം കെയറും ഇവർക്കായി ഒരുക്കാൻ കഴിഞ്ഞു. CHAI എന്ന സന്നദ്ധ സംഘടനയുടെ തണലിൽ ഇപ്രകാരം പുറത്താക്കപ്പെടുന്ന മാതാപിതാക്കളെ ഏറ്റെടുത്ത് കരുതലാകാനും, മരണത്തോളം മക്കളുടെ സ്നേഹം കൊടുത്തു ശുശ്രുഷിക്കാനും സിസ്റ്റർ മഞ്ജുവിനും കൂടെയുള്ള സിസ്റ്റേഴ്സിനും സാധിക്കുന്നു. മൊബൈൽ ക്ലിനിക് വഴി വീട് വീടാന്തരം പാവപ്പെട്ട മനുഷ്യർക്ക് സ്നേഹവും സൗഖ്യവും പകരുന്ന മാലാഖയായി തന്റെ ശുശ്രുഷ എത്തിക്കാനും ഇതിനിടയിലും സിസ്റ്റർ സമയം കണ്ടെത്തുന്നു. ഇന്ന് ലോകം ഓരോ സന്യസ്തരേയും വെല്ലു വിളിക്കുമ്പോൾ സിസ്റ്ററിന്റെ ജീവിതം ലോകത്തെ വെല്ലുവിളിക്കുന്നു.
തന്റെ ജീവിതത്തിന്റെ പ്രചോദനമായി എന്നും സിസ്റ്റർ നന്ദിയോടെ ഓർക്കുന്നതും പറയുന്നതും തന്റെ മാതാപിതാക്കളുടെ നന്മയുള്ള ജീവിതവും അവർ കൊടുത്ത ദൈവവിശ്വാസം എന്ന വലിയ സമ്പത്തുമാണ്. തലശ്ശേരി അതിരൂപതയിലെ കോഴിച്ചാൽ ഇടവകയിലെ തറയിൽ കുടുംബത്തിലെ അഗസ്റ്റിൻ – റോസ് ദമ്പതികളുടെ മൂത്ത പുത്രിയും ഇളയ രണ്ടു സഹോദരന്മാരുടെ ഏക സഹോദരിയുമാണ് സിസ്റ്റർ മഞ്ജു. മാതാപിതാക്കളുടെ വിശ്വാസ ജീവിതവും, വീട്ടിൽ ഒരു നേരത്തെ ആഹാരത്തിനായി വരുന്നവരെ സ്നേഹത്തോടെ ഊട്ടുമുറിയിൽ വിളിച്ചു ഭക്ഷണം കൊടുക്കുന്നതും, അത് കഴിച്ചു കഴിയുമ്പോൾ അവരുടെ അനുഗ്രഹം സ്വീകരിക്കുക തുടങ്ങിയ നല്ല ശീലമുള്ള ബാല്യകാലവും പിന്നീട് ജീവിതത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമായി മാറുകയും ചെയ്തു. ആറാം ക്ലാസ്സു മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെ നവോദയ സ്കൂളിൽ പഠിച്ച മഞ്ചുവിന് ആ നാളുകളിൽ യാതൊരു വിശ്വാസ പരിശീലനത്തിനുള്ള അവസരങ്ങളും ഇല്ലായിരുന്നു. എങ്കിലും ബാല്യത്തിൽ മാതാപിതാക്കൾ പരിശീലിപ്പിച്ച ആഴപ്പെട്ട വിശ്വാസജീവിതം കൗമാരത്തിലും കത്തിജ്വലിച്ചു തന്നെ നിന്നു. പിന്നീട് നിർമലഗിരി കോളേജിൽ ബിരുദ പഠനം നടത്തുമ്പോൾ ജീസസ് യൂത്തിലെ സജീവപ്രവർത്തക ആവുകയും പഠനശേഷം കേരളത്തിന് പുറത്തു ഫുൾടൈമർ ആയി ഒരു വർഷം പോകുവാൻ ഒരുങ്ങുകയും ചെയ്തു. നവോദയ സ്കൂളിൽ വച്ച് കായിക മത്സരങ്ങൾക്ക് വേണ്ടി കേരളത്തിന് പുറത്തേക്കു നടത്തിയ ട്രെയിൻ യാത്രയിലെ ചില കാഴ്ചകൾ തന്റെ ഉള്ളിലെ യഥാർത്ഥ മിഷണറിയെ പുറത്തു കൊണ്ടുവന്നതിനാലാണ് ഇങ്ങിനെ ഒരു ഫുൾടൈമർ ആകുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചത് എന്നും, എന്നാൽ ദൈവം എന്നെ ലൈഫ് ടൈം കമ്മിറ്റ്മെന്റിലേക്കു ക്ഷണിക്കുകയായിരുന്നു എന്നുമാണ് സിസ്റ്റർ തന്റെ ദൈവവിളിയെ കുറിച്ച് പറയുന്നത്.
ജീവിതത്തിലെ സുഖദുഃഖ സമ്മിശ്രമായ ഓരോ അനുഭവങ്ങളും തന്നെ കൂടുതൽ കൂടുതൽ ദൈവാനുഭവം ഉള്ളവളാക്കി മാറ്റുന്നു എന്ന് സിസ്റ്റർ മഞ്ജു പറയുന്നു. സിസ്റ്റർ ആവർത്തിച്ചു പറയുന്നു, “ജീവിതത്തിൽ എത്രയൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും നെഞ്ചത്ത് കൈവച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ ഒരു കാര്യം പറയാൻ സാധിക്കും. എനിക്കായ് ജീവിതം കുരിശിൽ ബലിയായർപ്പിച്ച കർത്താവാണ് എന്നെ കാക്കുന്നതും വഴിനടത്തുന്നതും.” തന്റെ വിശുദ്ധ വിളിയെയും അതിന്റെ പവിത്രതയേയും സിസ്റ്റർ തന്റെ ജീവിതത്തിലൂടെ പ്രഘോഷിച്ചു കൊണ്ട് സന്യാസം എങ്ങിനെ ജീവിക്കണമെന്നും വിളിച്ചവനോട് എങ്ങനെ നീതി പുലർത്തണമെന്നും നമുക്ക് കാണിച്ചു തരുന്നു.
സന്യാസം അത് അടിമത്തമല്ല നന്മചെയ്യാനും നന്മയിൽ തഴമ്പിക്കാനുമുള്ള സ്വാതന്ത്രമാണെന്ന് തന്റെ ജീവിതത്തിലൂടെ വിളിച്ചു പറയുന്ന സിസ്റ്റർ തന്റെ മുമ്പിൽ വരുന്ന രോഗികൾക്കു നേരെ ഒരിക്കലും മുഖം തിരിക്കാറില്ല. അവർ എപ്പോൾ വന്നാലും അവർക്കു വേണ്ടി തനിക്കു ചെയ്യാൻ പറ്റുന്നതല്ലാം ചെയ്യാൻ എപ്പോഴും സന്നദ്ധയാണ്. തന്റെ സന്യാസ ജീവിതത്തിൽ അഭിമാനിച്ചുകൊണ്ട് കർമ്മല സഭയിൽ ഒരു അംഗമായി എന്നും ഒരു വിടർന്ന പുഞ്ചിരിയിലൂടെ അനേകരുടെ ജീവിതത്തിലേക്കു വെളിച്ചമായി, ദൈവ സ്നേഹം സൗഖ്യമായി നൽകികൊണ്ട്, ഒരു ഭാവി പദ്ധതിയും ഇല്ലാതെ എല്ലാം കർത്താവിന്റെ ഹിതത്തിന് വിട്ടുകൊടുത്തുകൊണ്ട്, അവിടുത്തെ ശക്തിയിൽ ആശ്രയിച്ചു മുന്നേറുന്നു സിസ്റ്റർ മഞ്ജു സി. എം. സി. .
….
സഹോദരീ, പാവപ്പെട്ടവർ നിനക്കെന്നും ഒരു ആവേശമാണെന്ന് എനിക്കറിയാം. എന്നാൽ ഒത്തിരി പാവങ്ങൾക്ക് നീയൊരു ആശ്വാസമാണെന്നതാണ് ദൈവത്തിന്റെ ആനന്ദം. നിന്നിലൂടെ ഇനിയും ആയിരങ്ങൾ ആശ്വസിപ്പിക്കപ്പെടട്ടെ,സ്നേഹിക്കപ്പെടട്ടെ, സൗഖ്യപ്പെടട്ടെ, അനുഗ്രഹിക്കപ്പെടട്ടെ…
സിസ്റ്റർ നവ്യ ജോസ് സി. എം. സി.