വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്!

Share News

*ഈ നരകത്തിന് ഈ മാലാഖമാരല്ലാതെ ആരുമില്ല*

പ്രതീക്ഷകൾ അസ്ഥാനത്തായ സായാഹ്നമായിരുന്നു ഇന്നലത്തേത്. വിചാരിക്കാത്തത് കാണേണ്ടിവന്നതിൻ്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല!

ഒരു വിശുദ്ധയുടെ ജീവചരിത്രം എന്ന ചിന്തയോടെയാണ് Face of the Faceless എന്ന സിനിമ കാണാൻ കൂട്ടുകാരായ വൈദികരോടൊപ്പം ഞാൻ പോയത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചിലയിടങ്ങളിൽ ആദിവാസിജീവിതം എത്ര നരകതുല്യമാണ് എന്നതിൻ്റെ നേർക്കാഴ്ചയാണ് മുഖമില്ലാത്തവരുടെ മുഖം… ജന്മിമാർക്കും അവരുടെ ശിങ്കിടികൾക്കും മുന്നിൽ ഓച്ഛാനിച്ചു നില്ക്കേണ്ടവർ, കുടിവെള്ളം എടുക്കാൻ അനുവാദം ഇല്ലാത്തവർ, ചെയ്ത തൊഴിലിനു കൂലി ചോദിക്കാൻ സ്വാതന്ത്ര്യം ഇല്ലാത്തവർ, വായനയറിയാതെ മുദ്രപ്പത്രത്തിൽ തള്ളവിരൽ കൊണ്ട് ഒപ്പു ചാർത്തി ജീവിതവും കുടുംബവും വസ്തുവകകളും തുലയ്ക്കാൻ വിധിക്കപ്പെട്ടവർ, സ്ത്രീകളുടെ മാനവും പുരുഷന്മാരുടെ ആത്മാഭിമാനവും കുട്ടികളുടെ സുരക്ഷിതത്വവും അന്യമായവർ – ഇങ്ങനെ സിനിമ മുന്നോട്ടുവയ്ക്കുന്ന ആദിവാസിപ്രശ്നങ്ങൾ നിരവധിയാണ്.

“ആദിവാസികൾ നരകിക്കാൻ വേണ്ടി ജനിച്ചവരാണ്” എന്ന് ആക്രോശിക്കുന്ന ഒരു പഞ്ചായത്തു പ്രസിഡണ്ടിനെയും ജന്മിയായ മാലിക്കിനു മുന്നിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഉന്നത പോലീസുദ്യോഗസ്ഥനെയും ”ഇവിടത്തെ രീതികളെ എനിക്കു ഭയമാണ്” എന്നു തുറന്നുപറയുന്ന ഒരു ഡോക്ടറെയും കണ്ടപ്പോൾ സത്യത്തിൽ എനിക്ക് ഓർമ വന്നത് സ്റ്റാൻ സാമിയച്ചൻ്റെ അനുഭവമാണ്. ആദിവാസികൾക്കുവേണ്ടി സുധീരം നിലകൊണ്ട് അവരെ ശക്തിപ്പെടുത്തിയ ആ വൃദ്ധവൈദികനെ മോദിസർക്കാർ അന്യായമായി ജയിലിലടയ്ക്കുകയും പാർക്കിൻസൺസ് ബാധിച്ച അദ്ദേഹത്തിന് വെള്ളം കുടിക്കാൻ ഒരു സ്ട്രോപോലും കൊടുക്കാതിരിക്കുകയും ചെയ്ത സംഭവം പാരമ്യത്തിലെത്തിയത് അദ്ദേഹത്തിൻ്റെ കസ്റ്റഡിമരണത്തിലാണ്.

*ഇവർ നിങ്ങളുടെ ആരാണ്?*

“നിങ്ങൾ എന്തിനാണ് അവർക്കു വേണ്ടി ഇത്ര വിഷമിക്കുന്നത്? അവർ നിങ്ങളുടെ വീട്ടുകാരൊന്നുമല്ലല്ലോ” എന്ന ഡോക്ടറുടെ ചോദ്യത്തിന് സി. റാണി മരിയ കൊടുത്ത മറുപടി “കുറച്ചു സ്നേഹത്തോടെ നോക്കിയാൽ നമ്മളെല്ലാവരും ഒന്നല്ലേ?” എന്നായിരുന്നു. സത്യത്തിൽ, ഈ ബോധ്യമാണ് ജീവൻ പണയംവച്ചും വിവിധ ദേശങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും കടന്നുചെന്ന് മനുഷ്യർക്കു വേണ്ടി വലിയ റിസ്കുകളെടുക്കാൻ ആയിരക്കണക്കിനു മിഷനറിമാരെ എന്നും പ്രേരിപ്പിച്ചിട്ടുള്ളത്. ഈ ബോധ്യം തന്നെയാണ് സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകനെ വിടാതെ പിന്തുടരുന്നതും.

*സുപരിചിതം, ജനഭരിതം*

വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ ജീവിതം അഭ്രപാളികളിൽ പുനർജനിച്ചപ്പോൾ തിയേറ്ററുകൾ നിറഞ്ഞുകവിയുകയാണ്. ഞായറാഴ്ച പല തിയേറ്ററുകളിലും ഹൗസ് ഫുൾ ആയിരുന്നു. ഇന്നലെ ആലുവ സീനത്ത് തീയേറ്ററിൽ ഞങ്ങൾ ചെന്നപ്പോൾ അവിടെ കാണികളായുണ്ടായിരുന്ന വൻ ജനാവലി അതിശയിപ്പിക്കുന്നതായിരുന്നു. ചില സന്യാസിനികളെയും അക്കൂട്ടത്തിൽ കാണാമായിരുന്നു.

ഈ ജനത്തിരക്കിൻ്റെ കാരണം വ്യക്തമാണ്: 1995ൽ മധ്യപ്രദേശിലെ ഉദയ്നഗറിൽ ഒരു ബസ്സിൽ വച്ച് സമന്ദർ സിങ് എന്ന വാടകക്കൊലയാളി സി. റാണി മരിയയെ കൊന്നപ്പോൾ 54 കത്തിക്കുത്തുകളുടെ പാടുകൾ ആ ശരീരത്തിൽ ഉണ്ടായിരുന്നു. പാവപ്പെട്ട ആദിവാസികൾക്കുവേണ്ടി ഭൂജന്മിമാരുടെ അപ്രീതി സമ്പാദിച്ച ഒരു സന്യാസിനി അത്ര ക്രൂരമായി കൊലചെയ്യപ്പെട്ടത് അന്ന് ഏവരെയും വിഷമിപ്പിച്ച സംഭവമാണ്. എന്നാൽ, അതിനു ശേഷം നടന്ന കാര്യങ്ങളും വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. രക്തസാക്ഷിയുടെ സഹോദരി ജയിലിൽ പോയി ഘാതകനെ കണ്ടു മാപ്പു നല്കിയതും ‘സഹോദരാ’ എന്നു വിളിച്ചു രാഖി കെട്ടിയതും അയാൾ സി. റാണി മരിയയുടെ വീട്ടിൽ വന്നതും സിസ്റ്ററിൻ്റെ അമ്മ അയാളോടു ക്ഷമിച്ചതും 2017-ൽ വാഴ്ത്തപ്പെട്ടവളായി നാമകരണം ചെയ്യപ്പെട്ടപ്പോൾ സിസ്റ്ററിൻ്റെ ഘാതകൻ മുൻനിരയിലെ ഇരിപ്പിടത്തിൽത്തന്നെ ഉണ്ടായിരുന്നതുമെല്ലാം പിന്നീട് വാർത്തകളിലൂടെ നമ്മൾ അറിഞ്ഞതാണ്. അതിനാൽത്തന്നെ ഈ സിനിമ ഏവരും സന്തോഷത്തോടെ ഏറ്റെടുത്തു. എന്നാൽ, സത്യത്തിൽ പ്രേക്ഷകർ ഈ സിനിമയിൽ കാണാൻപോകുന്നത് സി. റാണി മരിയയെ അല്ല, സമകാലികഭാരതത്തെ ആണ്! വിവിധ നരകങ്ങൾ ഭാരതഭൂമിയിലുണ്ടെന്നും ഇത്തരം നരകങ്ങളിൽ ഫാ. സ്റ്റാൻ സാമിയെയും സി. റാണി മരിയയെയും പോലുള്ള മാലാഖമാരുടെ ആവശ്യമുണ്ടെന്നും അവർ തീർച്ചയായും തലകുലുക്കി സമ്മതിക്കും.

*അത്യധികം അഭിനന്ദനാർഹം*

അല്പംപോലും വലിച്ചിലില്ലാതെ മുന്നോട്ടു പോകുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയാണിത്. ഉദയ്നഗറിൽ ആദിവാസികളെത്തന്നെ കഥാപാത്രങ്ങളാക്കി നിർമിച്ച ചിത്രത്തിൻ്റെ കാസ്റ്റിങ് പ്രാഗല്ഭ്യം എടുത്തുപറയാതെ വയ്യാ. മുഖമില്ലാത്തവരുടെ മുഖമാകുന്ന റാണി മരിയയെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ വിൻസി അലോഷ്യസിന് സാധിച്ചു. ഒഡീഷയിൽ നിന്നുള്ള കലാകാരിയായ സോനലി മൊഹന്തിയാണ് കെർലിയായി പ്രേക്ഷക മനസ്സ് കീഴടക്കുന്നത്.

പതിനാറ് സംസ്ഥാനങ്ങളിലെ കലാകാരികളും കലാകാരന്മാരുമാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സംവിധായകൻ ഷെയ്സൻ പി. ജോസഫ് തൻ്റെ ആദ്യചിത്രത്തിലൂടെ തന്നെ കഴിവു തെളിയിച്ചിരിക്കുന്നു. തിരക്കഥാകൃത്ത് ജയപാൽ അനന്തനും അഭിനന്ദനം അർഹിക്കുന്നു. ഛായാഗ്രാഹകൻ മഹേഷ് ആനിയുടെ കലാവൈഭവം പ്രകടംതന്നെ. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ഗാനങ്ങൾക്ക് അൽഫോൺസ് ജോസഫ് ഹൃദയസ്പശിയായ സംഗീതം നല്കിയിരിക്കുന്നു. ചിത്രത്തിലെ ശബ്ദസംയോജനം പലയിടത്തും നിലവാരമില്ലാത്തതായിപ്പോയി എന്നു നിരീക്ഷിക്കാതെ വയ്യാ.

Joshy mayyattil
Share News