
തറവാട് നൽകി മകൻ 14,000 രൂപ വാടക വാങ്ങുന്നു, അമ്മ വയോജന ഭവനത്തിൽ; ഏറ്റെടുത്ത് മക്കൾ സംരക്ഷിക്കാൻ ഉത്തരവ്
അമ്മയെ വയോജനഭവനത്തിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷണം ഉറപ്പാക്കാൻ ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷനൽ ഓഫിസർ എം.കെ.ഷാജി ഉത്തരവിട്ടു. 3 ആൺമക്കളുണ്ടായിട്ടും വയോജന സദനത്തിൽ കഴിയേണ്ടിവന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ട്രൈബ്യുണൽ ഉത്തരവ്.
മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമത്തിനും സംരക്ഷണത്തിനുമായുള്ള 2007ലെ നിയമ പ്രകാരമാണ് ഉത്തരവ്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശി കഴിഞ്ഞ 3 മാസമായി വയോജന ഭവനത്തിലാണ് കഴിയുന്നത്.
ഭർത്താവിന്റെ മരണപത്ര പ്രകാരം ലഭിച്ച 32.5 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കമാണ് അമ്മയെ വയോജന ഭവനത്തിൽ എത്തിച്ചത്. സ്വത്ത് തങ്ങളുടെ പേരിൽ എഴുതി നൽകിയാൽ മാത്രമേ അമ്മയെ സംരക്ഷിക്കാൻ കഴിയൂവെന്നതായിരുന്നു മൂത്ത 2 മക്കളുടെയും നിലപാട്. ഭർത്താവിന്റെ പേരിലുണ്ടായിരുന്ന സ്വത്ത് 3 മക്കൾക്കും വീതംവച്ച് നൽകിയിരുന്നു. ഹർജിക്കാരിയായ വൃദ്ധമാതാവിന്റെ പേരിലുള്ള വീട് വാടകയ്ക്ക് നൽകി ലഭിക്കുന്ന വാടകത്തുകയായ 14,000 രൂപ ഇളയ മകൻ 5 വർഷത്തോളമായി കൈപ്പറ്റുന്നുണ്ട്. 10 വർഷത്തോളമായി മക്കൾ സംരക്ഷിക്കുന്നില്ല.
താമസിക്കാൻ വീടില്ലെന്നും മാസംതോറും മക്കളിൽ നിന്ന് ചെലവിന് തുക ലഭിക്കണമെന്ന ആവശ്യങ്ങളുമായാണ് മാതാവ് ട്രൈബ്യൂണലിനെ സമീപിച്ചത്. മറ്റ് മക്കൾ നാട്ടിലില്ലാത്ത സാഹചര്യത്തിൽ ഇളയമകൻ മാതാവിനെ വയോജന ഭവനത്തിൽനിന്ന് 2 ദിവസത്തിനകം കൊണ്ടുവന്ന് സംരക്ഷിക്കണമെന്നും ഹർജിക്കാരിക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടിൽ നിന്ന് 2 മാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് അമ്മയ്ക്ക് താമസസൗകര്യം ഒരുക്കണമന്നും മെയിന്റനൻസ് ട്രൈബ്യൂണൽ ആൻഡ് റവന്യു ഡിവിഷണൽ ഓഫിസർ ഉത്തരവിടുകയായിരുന്നു. 3 മക്കളിൽ ഓരോരുത്തരും 1500 രൂപ വീതം സംരക്ഷണച്ചെലവിനായി നൽകണമെന്നും വിധിച്ചു.
മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കുന്നത് 3 മാസം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Tomy Muringathery