ശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .

Share News

ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല.

തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം.

നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- സഹൃദയസദസ്സുകളിലെ അനിവാര്യ സാന്നിധ്യവുമായിരുന്നു ഇടമറ്റം രത്നപ്പൻ. സാറിന്റെ ശതാഭിഷേക സുഹൃദ് സംഗമത്തിൽ പങ്കെടുത്തു കൊണ്ടു അദ്ദേഹത്തിന്റെ ദീർഘകാല സുഹൃത്തും ഗാന്ധിയൻ മിത്രവുമായിരുന്ന റവ. ജോർജ്വെള്ളാപ്പള്ളി അച്ചൻ പറഞ്ഞതു ഇതുവെറും രത്നപ്പനല്ല , പത്തര മാറ്റിന്റെതങ്കപ്പനാണെന്നായിരുന്നുവെന്നതുംഇന്നും മനസ്സിലുണ്ട്.

കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ എത്രയോ വർഷത്തെസൗഹൃദ ബന്ധവും അതിർവരമ്പുവയ്ക്കാത്ത സ്നേഹവും പരിഗണനയും കരുതലുമാണ് മനസ്സിലേക്കു വരിക. മദ്യവർജന പ്രസ്ഥാനത്തിലും ഗാന്ധി പീസ് ഫൗണ്ടേഷനിലുമൊക്കെയായിട്ടായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം. പിന്നീടതു നവഭാരതവേദിയിലൂടെയാണ് ആഴപ്പെട്ടതു്. വേദിയുടെ പ്രവർത്തക യോഗങ്ങളിലുംസെമിനാറുകളിലും പൊതുസമ്മേളനങ്ങളിലുമെല്ലാം രത്നപ്പൻ സാർ ഞങ്ങളുടെ താരപ്രഭാഷകനായി. സ്വജീവിതംകൊണ്ടു സമൂഹത്തിനു കലർപ്പു കലരാത്ത ഗാന്ധി സാക്ഷ്യം നൽകിയ ഒരുനേതാവായിരുന്നു ഇടമറ്റം രത്നപ്പൻസാറെന്നു പറഞ്ഞാലും അതിൽഅശേഷം അതിശയോക്തിയുണ്ടാവുകയുമില്ല.

എത്രയോ പുസ്തകങ്ങളെഴുതി. എണ്ണമറ്റ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.സാർ ധന്യമാക്കിയ പ്രസംഗ വേദികളുടെ കണക്കെടുപ്പുo അസാധ്യമെന്നുതന്നെ പറയേണ്ടിവരും..

സാറിന്റെ ഓരോ പ്രസംഗങ്ങളും സത്യത്തിൽഗദ്യ കവിതകളായിട്ടാണ് ശ്രോതാക്കൾആസ്വദിച്ചതു്. മനസാക്ഷിയുടെ സ്വരമായിരുന്നു രത്നപ്പൻ സാറിന്റെ പ്രസംഗങ്ങളിൽ എന്നും പ്രതിഫലിച്ചത്.

കുറച്ചുകാലമായി സാർ പൊതുവേദികളിൽപ്രത്യക്ഷപ്പെട്ടിരുന്നില്ല. ദീർഘസമയംനില്ക്കാനുള്ള പ്രയാസവും കേൾവിക്കുറവും സാറിനു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നിരിക്കണം. എങ്കിലും എപ്പോഴുംഅദ്ദേഹം പ്രസന്നനായിരുന്നു.

അന്ത്യ ശ്വാസം വരെ ഗാന്ധിയൻ മൂല്വങ്ങളെഹൃദയത്തോടു ചേർത്തുപിടിച്ചു. അഹിoസയല്ലാതെ നമുക്കു മറ്റൊരായുധവും സ്വീകാര്യമാവാൻ പാടില്ലെന്നു എന്നും വാദിച്ചു: മീനച്ചിൽ താലൂക്കിന്റെ മതസാഹോദര്യത്തിന്റെയും സമുദായ സൗഹാർദ്ദത്തിന്റെയും പാരമ്പര്യങ്ങളിലും പൈതൃകത്തിലും അഭിമാനിച്ചു.ഏതു വിയോഗവും നഷ്ടം തന്നെ :പക്ഷേ ഈ നഷ്ടം ഏതർത്ഥത്തിലുംഅപരിഹാര്യമെന്നു പറയുന്നതു ഒട്ടുംആലങ്കാരികമായിട്ടല്ല. കാരണംഅതാണ് യാഥാർത്ഥ്യം. അതാണ് സത്യവും .

പ്രണാമം.

ഡോ. സിറിയക് തോമസ് .

Share News