
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന |അതിരുകടന്നതായിപ്പോയി| സമുദായങ്ങളെ ഭിന്നിപ്പിക്കരുത് |കോൺഗ്രസ് നേതാക്കൾ
പ്രതിപക്ഷനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും അവരുടെ ഫേസ്ബുക്കിൽ പ്രതികരിച്ചത്
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ് താനും. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.
V D Satheesan
Leader of Opposition, Kerala Assembly
പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല.
സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ.ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്.ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്.എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.

PT Thomas
MLA Thrikkakkara
KPCC Working President
