
സുപ്രീംകോടതി ജഡ്ജി: കൊളീജിയം ശിപാർശ ചെയ്ത ഒൻപതു പേരെയും അംഗീകരിച്ച് കേന്ദ്രം
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് സി.ടി. രവികുമാറും മൂന്നു വനിതാ ജഡ്ജിമാരും ഉൾപ്പെടെ ഒൻപതു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശിപാർശ കേന്ദ്രം അംഗീകരിച്ചു. ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയത്തിന്റേതായിരുന്നു ശിപാര്‍ശ.
ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റീസാകാന് സാധ്യതയുള്ള ജസ്റ്റീസ് ബി.വി. നാഗരത്നയും പട്ടികയിലുണ്ട്. നിലവില്‍ കര്‍ണാടക ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുകയാണ് ജസ്റ്റീസ് ബി.വി.നാഗരത്ന. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു വനിത ചീഫ് ജസ്റ്റീസാകാനുള്ള വഴിയൊരുങ്ങുന്നത്.
ജസ്റ്റീസ് ബി.വി. നാഗരത്നയ്ക്കു പുറമേ തെലുങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല ത്രിവേദി എന്നിവരാണു കൊളീജിയം ശിപാർശ ചെയ്ത മൂന്നു വനിതാ ജഡ്ജിമാർ.
ജസ്റ്റീസ് സി.ടി. രവികുമാർ (കേരളം), ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ (കർണാടക ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് വിക്രം നാഥ് (ഗുജറാത്ത് ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് ജതേന്ദ്ര കുമാർ മഹേശ്വരി(സിക്കിം ചീഫ് ജസ്റ്റീസ്), ജസ്റ്റീസ് എം.എം. സുന്ദരേഷ് (മദ്രാസ്), പി.എസ്. നരസിംഹ (മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ) എന്നിവരെയാണ് സുപ്രീംകോടതി ജഡ്ജിമാരായി കൊളീജിയം ശിപാർശ ചെയ്തിരിന്നത്.
22 മാസത്തിനു ശേഷമാണ് കൊളീജിയം പുതിയ ജഡ്ജിമാരെ സുപ്രീംകോടതിയിലേക്കു ശിപാർശ ചെയ്തത്.