”പറയാനുള്ളതെല്ലാം താരീഖ് അന്‍വറിനോട് പറഞ്ഞു”: രാജി തീരുമാനത്തില്‍ ഉറച്ചു വി.എം. സുധീരന്‍
തിരുവനന്തപുരം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറുമായുള്ള ചര്‍ച്ചയില്‍ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഇനി ഫലം കാക്കുന്നുവെന്നും മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. രാജി വെച്ച തീരുമാനത്തില്‍ ഉറച്ചുനിന്ന, സുധീരന്‍ ഹൈക്കമാന്‍റ് നടപടികള്‍ക്കായി കാത്തിരിക്കുവെന്ന് ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വി.എം. സുധീരനുമായുള്ള ചര്‍ച്ച ഫലപ്രദമായെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. സുധീരന്‍റെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം സജീവ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും താരീഖ് അന്‍വര്‍ പറഞ്ഞു.
പുതിയ നേതൃത്വം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് വിമര്‍ശിച്ച സുധീരന്‍ കോണ്‍ഗ്രസിന് ഉചിതമല്ലാത്ത അനഭിലഷണീയ ശൈലിയും നടപടികളും ഉണ്ടായെന്നും പറഞ്ഞു. ഇത് സംബന്ധിച്ച് കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. ഇതോടെയാണ് രാജിവെച്ചതെന്നും താരീഖ് അന്‍വറും കൂട്ടരും ചര്‍ച്ചക്ക് വന്നതിന് താന്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ബാക്കി കാര്യം നടപടികളിലാണ് കാണേണ്ടത്. തെറ്റുകള്‍ തിരുത്താതെ മുന്നോട്ടുപോയാല്‍ പാര്‍ട്ടിക്ക് തിരിച്ചടി മാത്രമേ ഉണ്ടാകൂ. ഇതിന് മാറ്റം വരാന്‍ എ.ഐ.സി.സി ഇടപെടണമെന്നും സുധീരന്‍ പറഞ്ഞു. പുനഃസംഘടനയില്‍ ഒരാളുടെ പേരും പറയില്ലെന്ന് താന്‍ പറഞ്ഞതാണെന്നും പക്ഷേ, ചര്‍ച്ച നടക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സുധീരന്‍ എ.ഐ.സി.സി അംഗത്വവും രാജിവെച്ചിരുന്നു. രാജിക്ക് പിന്നാലെ സുധീരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. സുധീരന്‍ രാജി പിന്‍വലിക്കണമെന്ന ആവശ്യവുമായി കെ.പി.സി.സി നേതൃത്വവും രംഗെത്തത്തിയിരുന്നു.