
‘അതിഥി’കളുടെയിടയില്‍ ഭീകരവാദ കണ്ണികളോ?|ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ
അതിഥികളായി കേരളത്തിലെ സാക്ഷരസമൂഹം നെഞ്ചോടു ചേര്‍ത്തുപിടിച്ച കുടിയേറ്റ തൊഴിലാളികള്‍ ഈ നാടിന്റെ അന്തകരാകുമോയെന്ന ആശങ്ക പല കോണുകളില്‍ നിന്നുയരുന്നു.
കേരളത്തിലെ കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നാടുവിട്ടോടുന്ന കേരള യുവത്വത്തിന് ബദലൊരുക്കുവാന്‍ അതിഥികള്‍ക്കാവുമെന്ന് വീമ്പുപറഞ്ഞവരൊക്കെ ഇപ്പോള്‍ മാളങ്ങളിലൊളിച്ചോ?
മധ്യകേരളത്തിലെ നിലവിലുള്ള സാമൂഹ്യ സാമുദായ രാഷ്ട്രീയ സമവാക്യങ്ങളുടെ അടിവേരറുത്ത് സംഘടിതരായി കുടിയേറ്റ തൊഴിലാളികളില്‍ രൂപമാറ്റം വരുന്നത് കണ്ടില്ലെന്ന് എത്രനാള്‍ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവും? ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന ക്രിമിനല്‍ ചെയ്തികളും ഭീകരവാദ അജണ്ടകളും സാമൂഹ്യവിരുദ്ധതയും നിയമലംഘനങ്ങളും ഇവരിലൂടെയുള്ള മദ്യ, മയക്കുമരുന്ന് വ്യാപനവും ഇവ സൃഷ്ടിക്കുന്ന ആഘാതങ്ങളും കേരളസമൂഹത്തെയൊന്നാകെ ആശങ്കയുടെയും ഭീതിയുടെയും മുള്‍മുനയിലാക്കുന്നു.
ഭരണസംവിധാനങ്ങളെപ്പോലും നോക്കുകുത്തിയാക്കുന്ന രാഷ്ട്രീയ അധികാര പിന്‍ബലമുള്ളവരായി അതിഥികള്‍ മാറുന്നെങ്കില്‍ ഇവരുടെ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന കറുത്ത ശക്തികളാര്? ഇപ്പോള്‍ റേഷന്‍ കാര്‍ഡ് ഉടമകളായിരിക്കുന്ന അതിഥികള്‍ നാളെ വോട്ടര്‍മാരും, സ്ഥിരതാമസക്കാരുമാകും. സംസ്ഥാനം പ്രത്യേകിച്ച് മധ്യകേരളം ഭാവിയില്‍ നേരിടാനിരിക്കുന്ന വലിയ അരക്ഷിതാവസ്ഥയുടേയും സാമൂഹ്യ വിപത്തിന്റെയും വിത്തുകള്‍ ഈ മണ്ണില്‍ ഇതിനോടകം അതിഥികള്‍ പാകിക്കഴിഞ്ഞു. അതിലുപരി അതിഥികളായി എത്തിയിരിക്കുന്നവരില്‍ നല്ലൊരുപങ്കും നിയമവിരുദ്ധമായി രാജ്യത്തിലേയ്ക്ക് നുഴഞ്ഞുകയറിയിരിക്കുന്ന ഇതര രാജ്യക്കാരാണെന്നും അയല്‍ രാജ്യങ്ങളിലെ കൊടും ക്രിമിനലുകളാണെന്നതുമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് ഭാവിയില്‍ കേരളം ഭീകരവാദികളുടെ ഇടത്താവളമാകുമോയെന്ന ചോദ്യത്തിലേയ്ക്കാണ്.

അതിഥി ക്രിമിനലുകള്‍ എവിടെനിന്ന്?
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സൂചനകള്‍. ഇവരുടെ പൗരത്വ രേഖയുടെ നിജസ്ഥിതിയും സംശയത്തോടെ കാണേണ്ടിയിരിക്കുന്നു. മ്യാന്‍മറില്‍ നിന്ന് അഭയാര്‍ത്ഥികളായി ബംഗ്ലാദേശില്‍ എത്തിയ രോഹിന്ത്യന്‍ വിഭാഗങ്ങളും ഇക്കൂട്ടത്തിലുണ്ടെന്ന് പറയപ്പെടുന്നു. മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക, ബംഗ്ലാദേശില്‍ നിന്ന് പുഴ കടന്നു ബംഗാളിലേക്ക്. നിങ്ങള്‍ എവിടെ നിന്ന് എന്ന് ചോദിച്ചാല്‍ കല്‍ക്കത്തയില്‍ നിന്ന് എന്നുള്ള മറുപടി. രേഖകള്‍ വല്ലതുമുണ്ടോ എന്ന ചോദ്യത്തിന് കാണിക്കുന്നത് ഹസ്തരേഖ മാത്രം. ചിലരാകട്ടെ ബാംഗ്ലൂരില്‍ നിന്നുള്ള വോട്ടര്‍ ഐഡിയും കാണിക്കും.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
2024 മെയ് ആദ്യവാരം കേന്ദ്ര മിലിട്ടറി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ കുടിയേറിയിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളോടൊപ്പം 50,000-ലധികം പേര്‍ വിദേശരാജ്യങ്ങളിലെ അഭയാര്‍ത്ഥികളാണെന്നും കൃത്രിമരേഖകളുണ്ടാക്കി വിരാജിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബംഗ്ലാദേശ്, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ അയല്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇവര്‍ ഇന്ത്യന്‍ പൗരനെന്ന മേല്‍വിലാസത്തില്‍ വ്യാജ ആധാര്‍ കാര്‍ഡുമായാണ് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നത്. ആസാമിലെ മധുപൂര്‍, നൗഗാവ്, ബംഗാളിലെ കലിംപോങ്, നദിയ, ഉത്തരദിനാജ്പൂര്‍, കേരളത്തിലെ പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ ആധാര്‍ കേന്ദ്രങ്ങളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍. കുറ്റവാളികളായ ഇന്ത്യന്‍ പൗരന്മാര്‍ വ്യാജ ആധാര്‍ കാര്‍ഡുകള്‍ രാജ്യം വിടുന്നതിനായി ഉപയോഗിക്കുന്നുവെന്നും മിലിട്ടറി ഇന്റലിജന്‍സ് ചൂണ്ടിക്കാട്ടുന്നു.
അയല്‍രാജ്യങ്ങളില്‍ നിന്നും നിയമം ലംഘിച്ചള്ള ഇത്തരം നുഴഞ്ഞുകയറ്റത്തെക്കുറിച്ച് കഴിഞ്ഞ വര്‍ഷവും മിലിട്ടറി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെരുമ്പാവൂരിലെ ഭായ് മാര്‍ക്കറ്റുകളുടെ ഉള്ളില്‍ വ്യാജ ആധാര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ ഒരേ ചിത്രം ഉപയോഗിച്ച് വിവിധ പേരുകളിലും വിലാസങ്ങളിലും ആധാര്‍കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നുവെന്ന കണ്ടെത്തലുകളും കേരളസമൂഹത്തില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നതും അന്വേഷണ വിധേയമാക്കേണ്ടതുമാണ്.
2024 ഫെബ്രുവരിയില്‍ മലപ്പുറത്തെ ഒരു അക്ഷയകേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വിലാസങ്ങളില്‍ നിന്ന് നുഴഞ്ഞുകയറി 50 ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മ്മിച്ചതായി കേന്ദ്ര ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേരള പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ നാളുകളില്‍ അഥിതികളുടെയിടയില്‍ നിന്ന് പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് വന്‍ മാഫിയ സംഘങ്ങളും അധോലോകങ്ങളും അതിഥികളുടെ പിന്നിലിരുന്ന് ചരടുവലിക്കുന്നുവെന്നതാണ്. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്ത് നിറയുമ്പോഴും ഓരോ ദിവസവും കൂടുതല്‍ പേര്‍ എത്തിച്ചേരുമ്പോഴും ഇവരുടെ കണക്കെടുപ്പ് കൃത്യമാക്കാനാവാതെ സംസ്ഥാന സര്‍ക്കാരും ഇരുട്ടില്‍ത്തപ്പുന്നു. ഇതിന് മറ്റൊരു പ്രധാന കാരണം അതിഥികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന വന്‍ സംഘങ്ങള്‍ കേരളത്തിലുണ്ടെന്നാണ്. ആ ഏജന്റുമാരിലേയ്ക്ക് ചെന്നെത്തുവാനുള്ള വഴികള്‍ ദുര്‍ഘടമാകുന്നതിന്റെ പിന്നില്‍ രാഷ്ട്രീയം മാത്രമല്ല മതവും രാജ്യാന്തര ഭീകരവാദ ബന്ധങ്ങളും ഒളിഞ്ഞിരിപ്പുണ്ടാകാം.
മുങ്ങി നടക്കുന്നവരാര്?

2021 ല്‍ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഇവാലുവേഷന്‍ വിഭാഗം നടത്തിയ സര്‍വ്വേകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ എത്തിച്ചേരുന്ന കുടിയേറ്റ തൊഴിലാളികളുടെ ജനസംഖ്യ കണക്കുകള്‍ 2021ല്‍ പുറത്തുവിട്ടു. നിലവിലുള്ള ജനസംഖ്യ വര്‍ദ്ധന നിരക്കനുസരിച്ച് 2030 ല്‍ കേരള ജനസംഖ്യ 3.60 കോടിയിലെത്താം. 31.4 ലക്ഷം അതിഥി തൊഴിലാളികള്‍ കേരളത്തില്‍ 2030 നോടെ 59.7 ലക്ഷമായി കുതിക്കുമെന്നാണ് ആസൂത്രണ ബോര്‍ഡ് നല്‍കുന്ന മുന്നറിയിപ്പ്. കേരള ജനസംഖ്യയുടെ ആറിലൊന്ന് അന്യസംസ്ഥാന തൊഴിലാളികള്‍. അതായത് ആകെ ജനസംഖ്യയുടെ 16.6 ശതമാനമാണിത്. സംസ്ഥാനത്തിന്റെ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഈ മാറ്റം ഏറെ സ്വാധീനം ചെലുത്തുന്ന നിര്‍ണായക ഘടകമാകും. കേരളത്തില്‍ കുടുംബമായി തുടരുന്ന അതിഥി തൊഴിലാളികള്‍ 10.3 ലക്ഷം ആണ്. വരുന്ന മൂന്ന് വര്‍ഷം കൊണ്ട് ഇത് 13.2 ലക്ഷമായും എട്ടു വര്‍ഷം കൊണ്ട് 15.2 ലക്ഷമായും ഉയരും. സംസ്ഥാനത്തെ ജില്ലാതല കണക്കുകള്‍ പരിശോധിച്ചാല്‍ അതിഥിത്തൊഴിലാളികളില്‍ 28 ശതമാനവും എറണാകുളം ജില്ലയിലാണ്. 13.6 ശതമാനം തൃശൂര്‍, 9.7 ശതമാനം ആലപ്പുഴ, 9 ശതമാനം കോട്ടയം എന്നിങ്ങനെ പോകുന്നു ലഭ്യമായ കണക്കുകള്‍. ചുരുക്കിപ്പറഞ്ഞാല്‍ അതിഥിത്തൊഴിലാളികളില്‍ 68 ശതമാനവും മധ്യകേരളത്തില്‍. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മധ്യകേരളത്തിലെ രാഷ്ട്രീയ മത സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ വരുംനാളുകളില്‍ വരാനിടയുള്ള മാറ്റങ്ങളിലേയ്ക്കാണ്.
വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാന തൊഴില്‍വകുപ്പിന്റെ അതിഥി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും പോലീസ് എടുത്ത കണക്കില്‍പ്പെടാത്തവരുമായി ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നുള്ളത് ഉറപ്പാണ്. ഇവരുടെ കേരളത്തിലേയ്ക്കുള്ള കുടിയേറ്റത്തിന് മറ്റ് പല ലക്ഷ്യങ്ങളുമുണ്ടാകാം. പോലീസ് സംഘങ്ങള്‍ വേഷംമാറി അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന നടത്തിയിട്ടും അനധികൃതരെ കണ്ടെത്തുന്നതില്‍ ഫലം കാണുന്നില്ല. ഇക്കൂട്ടര്‍ കേരളത്തില്‍ വന്നെത്തിയിരിക്കുന്നത് ജോലിക്കുവേണ്ടി മാത്രമാണെങ്കില്‍ ജോലി നല്‍കുന്ന ഒരു ഉടമസ്ഥന്‍ കേരളത്തിലുണ്ടെന്ന് വ്യക്തം. തൊഴില്‍ വകുപ്പിന്റെ അതിഥി പോര്‍ട്ടലില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തിലെ തൊഴില്‍ ദാതാവിന് അഥവാ സ്‌പോണ്‍സര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അവരിലേയ്ക്ക് വിരല്‍ ചൂണ്ടുവാന്‍ ഭരണസംവിധാനം മടിക്കുമ്പോഴാണ് മുങ്ങിനടക്കുന്ന അതിഥികള്‍ ആര് എന്ന ചോദ്യം വീണ്ടുമുയരുന്നത്.

ബോഡോ തീവ്രവാദി നേതാവ് തൊഴിലാളിയുടെ വേഷത്തില്‍ കേരളത്തില്‍ താമസിച്ചതും നിരോധിത മാവോയിസ്റ്റ് അനുകൂല സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവ് നിര്‍മ്മാണ തൊഴിലാളിയായി താമസിച്ചതും പോലീസ് കണ്ടുപിടിച്ചിരുന്നു.
അതിഥികള്‍ നിര്‍ണായകം
കേരളത്തിന്റെ സമസ്ത മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമിന്ന് നിര്‍ണായകമാണ്. ചെറുകിട വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, നിര്‍മ്മാണം, കാര്‍ഷികം ഉള്‍പ്പെടെ സമൂഹത്തിലെ വിവിധങ്ങളായ സേവനമേഖലകളില്‍ ഇവരിന്ന് തൊഴിലിലേര്‍പ്പെടുന്നു. വൈകുന്നേരങ്ങളില്‍ സംസ്ഥാനത്തെ ഭക്ഷണശാലകള്‍ പലതും നിറയുന്നതില്‍ അതിഥികളുടെ പങ്ക് ഏറെയാണ്. ഇവരുടെ അഭാവത്തില്‍ കേരളത്തിലെ പല ഉല്പാദനമേഖലകളും നിശ്ചലമാകുന്ന സാഹചര്യവുമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് അതിഥികളുടെ സ്വന്തം നാടുകൂടിയായി മാറിയിരിക്കുന്നു. പക്ഷേ ഇവരിലൂടെ നുഴഞ്ഞു കയറിയിരിക്കുന്ന ഭീകരവാദികളെയും നിയമസംവിധാനത്തെ വെല്ലുവിളിച്ച് ഇവരുയര്‍ത്തുന്ന ക്രമസമാധാന പ്രശ്‌നങ്ങളെയും മുളയിലെ നുള്ളാന്‍ സംസ്ഥാന ഭരണസംവിധാനങ്ങള്‍ മടിച്ചുനില്‍ക്കുന്നത് ആരെ ഭയന്നിട്ടാണ്?

ഷെവലിയര്‍ അഡ്വ. വി. സി. സെബാസ്റ്റ്യൻ
തുടരും
https://nammudenaadu.com/wp-admin/post.php?post=63466&action=edit