
ഫാർമസിസ്റ്റ് ദിനത്തിൽ മരുന്നു(ജീവൻ്റെ) വിതരണക്കാർക്കു നന്ദി|ഫാർമസിസ്സിനു വേണ്ട ത്രിവിധ ഗുണങ്ങൾ
ഇന്നു സെപ്റ്റംബർ 25, ലോക ഫാർമസിസ്റ്റ് ദിനം.
ആരോഗ്യ മേഖലയിൽ അധികം വാഴ്ത്തപ്പെടാതെ പോകുന്ന കരുതലിൻ്റെയും ജാഗ്രതയുടെയും നല്ല മാലാഖമാരെ ഓർക്കുവാനും അവരുടെ സ്നേഹ ശുശ്രൂഷകളെ അംഗീകരിക്കാനും ഒരു ദിനം. ആരോഗ്യ മേഖലയിൽ ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വങ്ങളും ഓർമിപ്പിക്കുന്നതിനും അതിനുള്ള പ്രവർത്തനങ്ങളെ പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് എല്ലാവർഷവും സെപ്റ്റംബർ 25-ന് ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്.
മരുന്നു വിതരണം ചെയ്യുന്നവർ ജീവൻ്റെ സംരക്ഷണത്തിനും നിലനിൽപ്പിനും വേണ്ടിയാണ് അത് ചെയ്യുന്നത്. ഈ അർത്ഥത്തിൽ ജീവൻ്റെ വിതരണക്കാരായി അവർ മാറുന്നു.
എല്ലാ ഫാർമസിസ്റ്റുകൾക്കും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ
മരുന്ന് എന്ന് അർത്ഥമുള്ള ‘ഫാർമക്കോൺ’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ഫാർമസി, ഫാർമസിസ്റ്റ് എന്നീ വാക്കുകളുടെ ഉത്ഭവം.
ഡോക്ടർമാർ മരുന്നുവഴി രോഗികൾക്കു ജീവൻ നൽകുമ്പോൾ ഒരു ഫാർമസിസ്റ്റ് തൻ്റെ കഴിവും അറിവും വഴി മരുന്നുകൾക്കു ജീവൻ നൽകുന്നു എന്നു സാധാരണപറയാറുണ്ട്.
ഫാർമസിയിലെ ജോലി രോഗികൾക്കു മരുന്നു വിതരണം ചെയ്യുക എന്നതു മാത്രമല്ല മാനവരാശിയോടുള്ള കരുതലിൻ്റെയും സ്നേഹത്തിൻ്റെയും ഉത്തരവാദിത്വമാണ്.
ഓരോ വർഷവും ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുമ്പോൾ ആപ്തവാക്യമായി ഒരു പുതിയ ആശയം സ്വീകരിക്കാറുണ്ട് . 2024 ൽ ഫാർമസിസ്റ്റ് മീറ്റിങ് ഗ്ലോബൽ ഹെൽത്ത് നീഡ്സ് (Pharmacist Meeting Global Health Needs). എന്നതാണ് മുഖ്യ പ്രമേയം . ആഗോള ആരോഗ്യ പരിപാലനത്തിന് ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ് എന്നുള്ളതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.
2009 സെപ്റ്റംബർ 25നാണ് ലോക ഫാർമസിസ്റ്റ് ദിനം ആദ്യമായി ആചരിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ കൗൺസിൽ ആണ് സെപ്റ്റംബർ 25 വേൾഡ് ഫാർമസിസ്റ്റ് ദിനമായി ആയി ആഘോഷിക്കുവാൻ തീരുമാനിച്ചത്. ഇന്റർനാഷണൽ ഫാർമസിസ്റ്റ് ഫെഡറേഷൻ സ്ഥാപിക്കപ്പെട്ടത് 1912 സെപ്റ്റംബർ 25ന് ആയിരുന്നു. അതുകൊണ്ടാണ് സെപ്റ്റംബർ 25 ലോക ഫാർമസിസ്റ്റ് ദിനമായിത്തീർന്നു.
ആഗോള ആരോഗ്യ പരിപാലനത്തിന് ഫാർമസിസ്റ്റിൻ്റെ സേവനം അത്യാവശ്യമാണ് എന്ന മുഖ്യപ്രമേയത്തിൽ മൂന്നു കാര്യങ്ങൾ കുറിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു ഫാർമസിസ്സിനു വേണ്ട ത്രിവിധ ഗുണങ്ങൾ
1) അറിവ്: മരുന്നുകളെപ്പറ്റിയുള്ള ശരിയായ അറിവ് ഒരു ഫാർമസിസ്റ്റിനു വളരെ അത്യാവശ്യമാണ്. അവ ആർജ്ജിക്കുവാനായി നിരന്തരം ശ്രദ്ധിക്കുക. ഒരു ഡോക്ടറിനു പിഴവു സംഭവിച്ചാൽ ഒരു രോഗി സഹിച്ചാൽ മതി, എന്നാൽ ഒരു ഫാർമസിസ്റ്റിനു പിഴവുപറ്റിയാൽ ഒരു ജനസമൂഹം തന്നെ സഹിക്കേണ്ടിവരും.
2) അനുഭവം: ഏതുകാര്യത്തിലെന്നതുപോലെ രോഗികൾക്കു മരുന്നു വിതരണം ചെയ്യുമ്പോഴും ജീവിതാനുഭവങ്ങൾ ഒരു വലിയ ഘടകമാണ്.അനുഭവങ്ങളിൽനിന്നു പഠിക്കുക. മരുന്നു വാങ്ങാനായി ഫാർമസിയിൽ കാത്തുനിൽക്കുന്നവരെ മുഷിപ്പിക്കാതെ പെരുമാറാൻ
കഴിയണമെങ്കിൽ ജീവിതാനുഭവങ്ങൾ പാകപ്പെടുത്തിയ ഹൃദയവിശാലതയുടെ കാര്യസ്ഥരായിരിക്കണം
3) ആർദ്രത: ആർദ്രതയും അനുകമ്പയും ഒരു ഫാർമസിസ്റ്റിൻ്റെ ജീവിതത്തിലെ സുപ്രധാന ഘടകങ്ങൾ ആണ്. രോഗങ്ങളും അവ സൃഷ്ടിക്കുന്ന ജീവിത സംഘർഷങ്ങളും അക്ഷമയുമായി രോഗികളും ബന്ധുക്കളും ഫാർമസിയെ സമീപിക്കുമ്പോൾ അലിവും ആർദ്രതയും അനുകമ്പയും നിറഞ്ഞ നോട്ടവും വാക്കുകളും സമീപനങ്ങളും മറ്റുള്ളവർക്ക് സൗഖ്യലേപനങ്ങളായി മാറിയക്കാം.
സൂക്ഷ്മതയോടെ ക്ഷമയോടെ ആർദ്രതയോടെ ആതുരാലയങ്ങളിൽ സ്നേഹത്തിൻ്റെ സൗഖ്യത്തിൻ്റെ നിശബ്ദ വിപ്ലവം സൃഷ്ടിക്കുന്ന എല്ലാ ഫാർമസിസ്റ്റുകൾക്കും ആദരം നേർന്നു കൊണ്ട്
ഫാ. ജയ്സൺ കുന്നേൽ mcbs