
ചാക്കോ ഹോസ്റ്റലിലെ ആ പഴയ വായനക്കാരൻ…|ജെ ബിന്ദുരാജ്
ടോണി ജോസിനെ ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളെജ് കാമ്പസിൽ എങ്ങനെ, എപ്പോഴാണ് ആദ്യമായി കണ്ടുമുട്ടിയതെന്നതിനെപ്പറ്റി എനിക്ക് ഓർത്തെടുക്കാനാകുന്നില്ല.

ഞാൻ ഇംഗ്ലീഷ് സാഹിത്യബിരുദത്തിന് മൂന്നാം വർഷം പഠിച്ചുകൊണ്ടിരിക്കേയാണ് നല്ല കറുപ്പൻ താടിയും രോമാവൃതമായ കൈകളുമുള്ള ടോണി പാലക്കാട് വിക്ടോറിയ കോളെജിൽ നിന്നും യൂണിയൻ ക്രിസ്റ്റ്യൻ കോളെജിലേക്ക് ഇംഗ്ലീഷ് എം എയ്ക്ക് എത്തുന്നതെന്നും എങ്ങനെയോ ഞങ്ങൾ സുഹൃത്തുക്കളായി മാറിയെന്നും മാത്രം എനിക്കറിയാം.
കോളെജിലെ വലിയ മൈതാനത്തിനപ്പുറത്തുള്ള ചാക്കോ ഹോസ്റ്റൽ എന്ന ടോണിയുടെ ആവാസവ്യവസ്ഥയിലേക്ക് ഇടയ്ക്കിടെ അതിക്രമിച്ചു കടന്നുചെല്ലാറുണ്ടായിരുന്ന എനിക്ക് അക്കാലത്ത് കൗതുകകരമായി തോന്നിയത് ടോണിയുടെ മുറി തന്നെയായിരുന്നു.
മറ്റ് ഹോസ്റ്റൽ മുറികളിൽ നിന്നും വ്യത്യസ്തമായി ആ മുറിയിൽ പല ഇംഗ്ലീഷ് വാർത്താവാരികകളും ഇന്ന് ടോണിയുടെ ഭാര്യയായിത്തീർന്ന, വനിതയിലെ മാധ്യമപ്രവർത്തകയായ സീന എഴുതി നൽകിയ പ്രേമലേഖനങ്ങളും വായിക്കാൻ ലഭിക്കുമായിരുന്നുവെന്നതാണ് എന്നെ ആ മുറിയിലേക്ക് ആകർഷിച്ചിരുന്നത്. സ്വകാര്യതാ ലംഘനം എന്നത് പുതിയകാലത്തെന്നപോലെ ഒരു കുറ്റകരമായ പ്രവൃത്തിയായി അന്ന് കരുതപ്പെട്ടിട്ടില്ലാതിരുന്നതിനാൽ സീനയുടെ ഈ കത്തുകൾ വായിക്കുന്നതിൽ എനിക്ക് യാതൊരു മനക്ലേശവും അനുഭവപ്പെട്ടിരുന്നുമില്ല. ഹരി എന്നു സംബോധന ചെയ്താണെന്നു തോന്നുന്നു അക്കാലത്ത് സീന പ്രണയം കുത്തിനിറച്ച സാഹിത്യഭാഷയിൽ ഈ പ്രേമലേഖനങ്ങൾ നൽകിയിരുന്നതെന്നാണ് എന്റെ ഓർമ്മ. വിക്ടോറിയ കോളെജിൽ നിന്നും ഡിഗ്രി കഴിഞ്ഞിരുന്ന സമയത്ത്, കോട്ടയം പ്രസ് ക്ലബിൽ പോൾ മണലിലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഒരു മാസം നീണ്ട ജേണലിസം ഫൗണ്ടേഷൻ കോഴ്‌സിൽ വച്ചാണ് ടോണി ആദ്യമായി സീനയെ കണ്ടതെന്നതും സീന ആലുവ യു സി കോളെജിൽ ചേർന്നപ്പോൾ സീനയെ പ്രേമിച്ച് വശത്താക്കുന്ന അഭ്യാസത്തിന്റെ ഭാഗമായാണ് പാലക്കാട് വിക്ടോറിയയിൽ താരമായിരുന്ന ടോണി ആ കലാലയം വിട്ട്, യു സിയിലേക്ക് എത്തിച്ചേർന്നതെന്നുമാണ് ഞാൻ മനസ്സിലാക്കിവച്ചിട്ടുള്ളത്.
അച്ചടിമാധ്യമങ്ങളുടെ സുവർണകാലമായിരുന്നു തൊണ്ണൂറുകളുടെ മധ്യത്തിലെ ആ സമയം. ടെലിവിഷൻ ദൂരദർശനിൽ തന്നെ നിൽക്കുന്ന കാലം. സ്വകാര്യ ടെലിവിഷൻ ചാനലായി ആകെ ഏഷ്യാനെറ്റ് മാത്രമേയുള്ളു. പത്രവും റേഡിയോയും മാഗസീനുകളേയും മാത്രം വാർത്തകൾക്കായി ആശ്രയിച്ചിരുന്ന ആ കാലത്ത് പുതുതായി പുറത്തിറങ്ങിയ ഔട്ട്‌ലുക്ക് മാഗസീൻ ഞാൻ ആദ്യമായി കാണുന്നതും വായിക്കുന്നതും ടോണിയുടെ ഹോസ്റ്റൽ മുറിയിലിരുന്നായിരുന്നു. ഫ്രണ്ട്‌ലൈൻ, ഇന്ത്യാ ടുഡേ, സൺഡേ തുടങ്ങിയ മാഗസീനുകളും അവിടെ ഉണ്ടായിരുന്നു. ഈ മാഗസീനുകൾ വായിച്ചശേഷം ടോണി അവയിൽ നിന്നുള്ള ചില പരാമർശങ്ങളും മറ്റും തന്റെ തടിച്ചുരുണ്ട കൈയക്ഷരത്തിൽ ചെറിയ കടലാസുകഷണങ്ങളിലെഴുതി സൂക്ഷിച്ചിരുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. വാർത്തകളോട് ആ പ്രണയകാലത്തുപോലും ടോണിക്ക് അസാധാരണമായ അഭിനിവേശം ഉണ്ടായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.

സീനയുമായുള്ള പ്രണയം കൊടുമ്പിരി കൊണ്ടിരുന്ന ആ കാലത്താണ് ടോണി യു സി കോളെജിലേക്ക് ആദ്യമായി മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭ പുരസ്‌കാരമെത്തിക്കുന്നത്. കലാപ്രതിഭയായ ടോണി അതിനടുത്ത വർഷം യു സിയിലെ കോളെജ് യൂണിയൻ ചെയർമാനുമായെന്നത് വേറെ കഥ. ഇന്ത്യാ ടുഡേയിൽ കാമ്പസ് പ്രണയങ്ങളെപ്പറ്റി ഞാനൊരു ഫീച്ചറെഴുതിയപ്പോൾ അതിൽ ടോണിയും സീനയും പ്രത്യക്ഷപ്പെട്ടുവെന്നത് സ്വാഭാവികമായ കാര്യം. ഇതുവായിച്ച്, അന്ന് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായിരുന്ന ടോണിയുടെ അമ്മായിയച്ഛനായ ഡോക്ടർ സിറിയക് തോമസ് എന്നെ വിളിച്ച്, ടോണി സീനയ്ക്ക് പൂവ് നൽകുന്ന, കെ കെ നജീബ് എടുത്ത ചിത്രത്തെപ്പറ്റി വാതോരാതെ സംസാരിച്ചതും നല്ലൊരു ഓർമ്മ തന്നെ. പിൽക്കാലത്ത് ടോണി ജോസ് എഴുതിയ രണ്ടു കഥകളും ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ചിരുന്നു.
നേതൃപാടവവും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുള്ള കഴിവും താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനായി പൊരുതാനുള്ള ആവേശവുമൊക്കെ ആ പഠനകാലത്തു തന്നെ ടോണി പ്രദർശിപ്പിച്ചിട്ടുള്ളതാണ്. ആ മനസ്സു തന്നെയാണ് ടോണിക്ക് ഇന്നുമെന്നത് എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. എന്റെ പല സുഹൃത്തുക്കളും ടോണിയെപ്പറ്റി നല്ല വാക്കുകൾ പറയുമ്പോൾ യൂണിയൻ ക്രിസ്റ്റ്യൻ കോളെജിൽ ഞാൻ കണ്ടുമുട്ടിയ പഴയ ടോണി തന്നെയാണ് ഇപ്പോഴുമയാൾ എന്നോർത്ത് ഞാൻ സന്തോഷിക്കാറുമുണ്ട്.

മലയാള മനോരമയിൽ ഈ വർഷത്തെ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി ടോണി ജോസിനാണ് ലഭിച്ചതെന്ന വാർത്ത എനിക്ക് അയച്ചു തന്നത് നമ്മുടെ നാടിന്റെ സാബുവേട്ടനാണ്. ടോണിയെപ്പറ്റി എഴുതാമോ എന്ന ചോദ്യവുമുണ്ടായിരുന്നു കൂടെ. ടോണിയെ വിളിച്ച് ഉടനെ തന്നെ ആഹ്ലാദം പങ്കിട്ടെങ്കിലും വീട്ടുതിരക്കുകളിൽപ്പെട്ട് വൈകിട്ടു വരെ എഴുത്തു മുടങ്ങി.

കഴിഞ്ഞ വർഷം തന്നെയായിരുന്നു ടോണിയുടെ കവിതാസമാഹാരമായ നമ്മൾ ഉമ്മ വച്ചതിന്റെ ചോര പുറത്തിറങ്ങിയത്. ‘മുദ്രിത’ അടക്കം ടോണിയുടെ സഹോദരിയും കോളെജ് അധ്യാപികയുമായ ജിസാ ജോസിന്റെ ചില നോവലുകളും പുറത്തിറങ്ങിയതും ഈ വർഷം തന്നെ. സാഹിത്യലോകത്തു നിന്നും കാലങ്ങളായി മാറി നിന്ന ടോണിയുടെ രംഗപ്രവേശവും സഹോദരിയുടെ മികച്ച എഴുത്തുകാരിയെന്ന നിലയിലുള്ള തുടക്കവും 2021-ലായിരുന്നുവെന്നത് യാദൃച്ഛികം മാത്രം.

മനോരമയുടെ ചീഫ് എഡിറ്റേഴ്‌സ് ട്രോഫി മനോരമയ്ക്കുള്ളിലെ പ്രൊഫഷണൽ വൈദഗ്ധ്യത്തിനു ലഭിക്കുന്ന ഒരു പുരസ്‌കാരമായിരിക്കാം. ഇത്രയേറെ വർഷങ്ങൾക്കുശേഷവും തൊഴിലിടത്തോട് ആ പഴയ പത്രപ്രവർത്തന പ്രണയിതാവ് പുലർത്തുന്ന സ്‌നേഹത്തിന് ലഭിച്ച വലിയ അംഗീകാരം തന്നെയാണത്. ആ പ്രൊഫഷണൽ നേട്ടത്തിൽ ഞാനും ടോണിക്കൊപ്പം സന്തോഷിക്കുന്നതിനു കാരണവും അതു തന്നെ. പ്രത്യേകിച്ചും ചാക്കോ ഹോസ്റ്റലിലെ പഴയ ആ മാഗസീൻ വായനക്കാരൻ ഇപ്പോഴും മനസ്സിൽ പച്ചയായി തന്നെ നിൽക്കുന്നതിനാൽ….

ജെ ബിന്ദുരാജ്
