അധികാരത്തിലെ അയിത്തം അവസാനിപ്പിക്കാൻ പിന്നാക്ക പ്രാതിനിദ്ധ്യ നിയമം നടപ്പാക്കണം.
ചില സവർണ, ന്യൂനപക്ഷ നേതാക്കളും കിങ്കരന്മാരും ചേർന്ന് പാർട്ടിക്കുള്ളിൽ നാട്ടുരാജ്യങ്ങൾ സൃഷ്ടിക്കുന്നു. അവിടുത്തെ നാട്ടുരാജാക്കന്മാരായി അവർ സ്വയം അവരോധിക്കുന്നു. സ്വസമുദായക്കാർക്ക് മാത്രം അവർ അധികാരം പങ്കിട്ട് നൽകുന്നു.
ഈഴവരും മറ്റ് പിന്നാക്കക്കാരുമായ പാർട്ടി പ്രവർത്തകരെ വെറും വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമായി കാണുന്നു. പോസ്റ്ററൊട്ടിക്കാനും മുദ്രാവാക്യം വിളിക്കാനുമുള്ള കൂലിയില്ലാ തൊഴിലാളികളാക്കുന്നു. ഇപ്പോഴത്തെ ഈ സ്ഥിതിയും പഴയ ചാതുർവർണ്യവും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്.
അധികാരത്തിന്റെ താക്കോൽസ്ഥാനം തങ്ങളുടെ കൈപ്പിടിയിൽ തന്നെ നിറുത്താൻ സവർണ, ന്യൂനപക്ഷ ലോബികൾ ശ്രമിക്കുന്നു. ഇതിന് മാറ്റമുണ്ടാകണം. അധികാര കേന്ദ്രങ്ങളിൽ ഇനിയും അവസാനിച്ചിട്ടില്ലാത്ത അയിത്തത്തെ പിഴുതെറിയണം. മറ്റ് സമുദായക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചാണ് സ്ഥാനമാനങ്ങളും അധികാരങ്ങളും സ്വന്തമാക്കിയത്. പക്ഷെ ഈഴവ സമുദായം അതിന് തയ്യാറായില്ല. അതിന്റെ ഫലമാണ് ഇപ്പോഴത്തെ അവഗണന. ഇത് പരിഹരിക്കാൻ നമ്മളും വോട്ട് ബാങ്കായി മാറണം.
ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയപാർട്ടികളുടെ സ്ഥാനാർത്ഥി പട്ടിക ഇപ്പോൾ നിലനില്‌ക്കുന്ന രാഷ്ട്രീയ അയിത്തത്തിന്റെ ജീവനുള്ള തെളിവാണ്.
സംസ്ഥാനത്തെ ജനസംഖ്യയിൽ ഏറ്റവും വലിയ വിഭാഗമായ ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഒരു രാഷ്ട്രീയ പാർട്ടിയും നൽകിയിട്ടില്ല.
വടക്കൻ മേഖലയിൽ മുസ്ലീം ആധിപത്യമാണ്. കിഴക്കോട്ട് ക്രിസ്ത്യൻ ആധിപത്യവും. മറ്റ് ചില മേഖലകളിൽ സവർണ ആധിപത്യമാണ്.
പാല മുൻസിപ്പാലിറ്റിയിൽ യു.ഡി.എഫിന് ഒരു ഈഴവ സ്ഥാനാർത്ഥിയുമില്ല. എൽ.ഡി.എഫിന് ഒരാളെയുള്ളൂ. ഇങ്ങനെ പാല മോഡലാണ് കേരളമെമ്പാടും നടക്കുന്നത്. ഈഴവരെ എല്ലാ പാർട്ടികളും ഒഴിവാക്കുന്നു.
പാർട്ടികളുടെ നേതൃസ്ഥാനങ്ങളിൽ ഈഴവരുടെ എണ്ണം ചുരുങ്ങുന്നു. അതുകൊണ്ട് തന്നെ അധികാര സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നില്ല. സവർണരും ന്യൂനപക്ഷവും അധികാര സ്ഥാനങ്ങൾ കൈയടക്കുന്നു. അവർ അർഹതപ്പെട്ടതും അല്ലാത്തതും സ്വന്തമാക്കുന്നു. ഈഴവർക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി ശബ്ദമുയർത്താൻ അധികാര സ്ഥാനങ്ങളിൽ ആരുമില്ലാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ അർഹതപ്പെട്ടത് പോലും നൽകാതെ അവഗണിക്കുന്നു.
പിന്നാക്ക പ്രാതിനിധ്യ ഭരണഘടനാ ഭേദഗതി നടപ്പാക്കണം അധികാര കേന്ദ്രങ്ങളാണ് നീതി ലഭ്യമാക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ എല്ലാവർക്കും ആനുപാതിക പ്രാതിനിധ്യം ഉണ്ടാകണം. അല്ലെങ്കിൽ നീതി നിഷേധിക്കപ്പെടും. ഇപ്പോൾ സംഭവിക്കുന്നത് അതാണ്.
പട്ടികജാതി, പട്ടിക വർഗങ്ങൾക്ക് സംവരണം ഉള്ളത് കൊണ്ടാണ് അധികാര സ്ഥാനങ്ങളിൽ അവർക്ക് പ്രാതിനിധ്യം ലഭിക്കുന്നത്. അത്ര പോലും പ്രാതിനിധ്യം പല മേഖലകളിലും ഈഴവർക്ക് ലഭിക്കുന്നില്ല.
മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്ര, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ ഭരണഘടനാ ഭേദഗതി നടപ്പാക്കി കഴിഞ്ഞു. പക്ഷെ ഈ സംസ്ഥാനങ്ങളെക്കാൾ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന കേരളത്തിൽ അത് നടപ്പാക്കാൻ തയ്യാറാകുന്നില്ല.ഭരണഘടനാ വിരുദ്ധമായ മുന്നാക്കത്തിലെ പിന്നാക്കത്തിനുള്ള സാമ്പത്തിക സംവരണം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരസ്‌പരം മത്സരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തെ പിന്തുണയ്ക്കാനും മത്സരിക്കുന്നു. പക്ഷെ കാൽനൂറ്റാണ്ട് മുൻപ് നിലവിൽ വന്ന തദ്ദേശ സ്ഥാപനങ്ങളിൽ പിന്നാക്ക സംവരണം ഏർപ്പെടുത്തുന്ന ഭേദഗതിയെക്കുറിച്ച് ഒരു ചർച്ചയ്ക്ക് പോലും രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ല.
95 ശതമാനം ഉദ്യോഗവും മുന്നാക്കക്കാർ കൈവശപ്പെടുത്തിയിരിക്കുന്ന ദേവസ്വം ബോർഡിൽ വീണ്ടും പത്ത് ശതമാനം കൂടി എർപ്പെടുത്താനുള്ള തീരുമാനം സംസ്ഥാന സർക്കാർ നിമിഷങ്ങൾക്കുള്ളിലാണ് നടപ്പാക്കിയത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണം. തദ്ദേശ സ്ഥാപനങ്ങളിലെ പിന്നാക്ക സംവരണം ഏത്രയും വേഗം കേരളത്തിൽ നടപ്പാക്കണം.
അധികാരത്തിന്റെ അർഹവും ന്യായവുമായ വിഹിതം ജനപ്രാതിനിധ്യ സഭകളിലും (പാർലമെന്റ് നിയമസഭ, തദ്ദേശ സ്ഥാപനങ്ങൾ) ഉദ്യോഗ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായി ലഭിക്കണം. സർക്കാർ ഉദ്യോഗങ്ങളിലെ നിയമനം സുതാര്യവും പിന്നാക്ക പ്രാതിനിദ്ധ്യം ഉറപ്പാക്കാനുമായി രൂപീകരിച്ച പി.എസ്.സി ഇപ്പോൾ മുന്നാക്ക സംവരണം നടപ്പാക്കുന്ന സംവിധാനമായി മാറുകയാണ്. അധികാരം ഉപയോഗിച്ചാണ് സവർണ ലോബി വ്യവസ്ഥകളെ മാറ്റിമറിക്കുന്നത്.
സാമുദായിക ശക്തി സമാഹരിച്ചവർ ഇന്ന് കേരള രാഷ്ട്രീയം ഭരിക്കുന്നു. പക്ഷെ ഈഴവർ ആദർശം പറഞ്ഞ് വഴിയാധാരമാകുന്നു. അതിന്റെ അപകടം ഈഴവർ ഇന്ന് അനുഭവിക്കുകയാണ്. ഈ അവസ്ഥ ഈഴവർ കണ്ണുതുറന്ന് കാണണം.
വെള്ളാപ്പള്ളി നടേശൻ
എസ് എൻ ഡി പി യോഗം
ജനറൽ സെക്രട്ടറി.