ആധാറിന്റെ ഭരണഘടനാ സാധുത: പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസുമാരായ എ എം ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, അശോക്‌ഭൂഷൺ, എസ് അബ്‌ദുൾനസീർ, ഭൂഷൺ ഗവായ് എന്നിവർ അംഗങ്ങളായ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഭരണഘടനാ ബെഞ്ച് ഉച്ചയ്ക്ക് 1.30ന് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 2018ലെ സുപ്രീംകോടതി ഉത്തരവിന് എതിരെ കോൺഗ്രസ് നേതാവ് ജയറാംരമേശ് ഉൾപ്പെടെയുള്ളവരാണ് പുനഃപരിശോധനാഹർജി നൽകിയത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2018 സെപ്‌തംബറിൽ ചീഫ് ജസ്‌റ്റിസായിരുന്ന ദീപക്‌മിശ്ര നേതൃത്വം നൽകിയിരുന്ന അഞ്ചംഗബെഞ്ചാണ് 4:1 ഭൂരിപക്ഷത്തിൽ ആധാറിന്റെ നിയമസാധുത ഉയർത്തിപ്പിടിച്ചത്. ഈ ബെഞ്ചിൽ അംഗമായിരുന്ന ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആധാർ ഭരണഘടനാവിരുദ്ധമാണെന്ന ഭിന്നവിധി പുറപ്പെടുവിച്ചു. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍, സ്‌കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു.