
യേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.
കാർട്ടൂണിസ്റ്റ് യേശുദാസന് കണ്ണീർ പൂക്കൾ
മലയാളി കാർട്ടൂണിസ്റ്റകളിൽ ശങ്കർ, അബു എബ്രഹാം, ഒ.വി വിജയൻ. അരവിന്ദൻ, ടോംസ് എന്നീ നിരയിലെ അതുല്യ വ്യക്തിത്വമായിരുന്നു യേശുദാസൻ. വരകളിലും ആശയങ്ങളിലും തികഞ്ഞ മൗലികത പുലർത്തി. ഒരു മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായിരുന്നു. പഞ്ചവടിപ്പാലം എന്ന രാഷ്ടീയ ഹാസ്യ സിനിമയുടെ കഥാതന്തുവും തിരക്കഥയും യേശുദാസൻ്റെ പ്രതിഭയിലും ഭാവനയിലും വിരിഞ്ഞതാണ്.

എഴുപതുകളിൽ യേശുദാസൻ അസാധു എന്ന ഹാസ്യ മാസിക നടത്തിയിരുന്ന കാലം മുതലാണ് വ്യക്തിപരമായ അടുപ്പം. എ.കെ.ആൻ്റണി താമസിച്ചിരുന്ന പഴയ മാസ് ഹോട്ടലിലെ കുടുസായ മുറിയുടെ സമീപത്തായിരുന്നു അസാധുവിൻ്റെ ഓഫീസ്. അക്കാലത്ത് എറണാകുളത്ത് എത്തിയാൽ ആൻറണിയെ സന്ദർശിക്കുന്നതോടൊപ്പം യേശുദാസനെയും കാണുമായിരുന്നു.
1977-ലെ തെരഞ്ഞെടുപ്പിൽ ആൻ്റണിയുടെ നിർദ്ദേശപ്രകാരം ഏതാനും പോസ്റ്റർ കാർട്ടൂണുകൾ യേശുദാസൻ വരച്ചിരുന്നു. യേശുദാസനും ഞാനും ഒരുമിച്ചു ശിവകാശിയിൽ പോയാണ് ഈ പോസ്റ്ററുകൾ അച്ചടിപ്പിച്ചത്. ഇത് ആ തെരഞ്ഞെടുപ്പിലെ മുഖ്യ ആകർഷണീയതയായിരുന്നു.

അസാധു സാമ്പത്തിക പ്രതിസന്ധി മൂലം നിന്നപ്പോൾ മനോരമയിൽ ചേരാൻ യേശുദാസനെ നിർബന്ധിച്ചത് ഉമ്മൻ ചാണ്ടിയും ഞാനുമാണ്. ഇക്കാര്യം പത്രാധിപർ മാത്തുക്കുട്ടിച്ചായനോട് ഞാൻ സംസാരിക്കുകയും ചെയ്തിരുന്നു. ന്യൂസ് എഡിറ്റർ വി കെ ഭാർഗ്ഗവൻ നായർ, അടൂർ പത്മൻ, ടി വി ആർ ഷേണായ്, കെ.ആർ ചുമ്മാർ, തോമസ് ജേക്കബ്, കുര്യൻ പാമ്പാടി, ജോയ് തിരുമൂലപുരം, മാത്യൂസ് വർഗീസ്, ജോസ് പനച്ചിപ്പുറം എന്നിവരുമായി അച്ചായൻ കൂടിയാലോചന നടത്തിയിരുന്നു.
കെ എസ് യു കാലഘട്ടം മുതൽ തന്നെ അസാധുവിലും മനോരമ യിലും എന്നെ യേശുദാസൻ ഒരു കാർട്ടൂൺ കഥാപാത്രമാക്കിയിരുന്നു. അക്കാലത്തെ ഏറ്റവും പ്രമുഖ രാഷ്ടീയ താരമായിരുന്ന എ കെ ആൻറണിയുടെ കാർട്ടൂൺ വരക്കുമ്പോൾ പുറകിൽ ഉമ്മൻ ചാണ്ടിയുടെയും എൻ്റെയും മുഖം ഇടവും വലവുമായി ചേർക്കുമായിരുന്നു.
കാർട്ടൂൺ അക്കാദമിയുടെ പ്രഥമ ചെയർമാൻ, ലളിതകലാ അക്കാദമി ചെയർമാൻ എന്നീ നിലകളിൽ യേശുദാസൻ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. എഴുതാൻ ധാരാളം സ്മരണകൾ മനസ്സിൽ ഇരമ്പുന്നു.

യേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.

ചെറിയാൻ ഫിലിപ്പ്