
അപ്പൻ മരിക്കണമെന്ന് ആഗ്രഹിച്ച കുടുംബം
പുതിയ ഇടവകയിലേക്ക് സ്ഥലം മാറി ചെന്ന വൈദികൻ എല്ലാവരെയും പരിചയപ്പെടുന്ന തിരക്കിലായിരുന്നു.
സെമിത്തേരിയിലെ ഒപ്പീസിനു ശേഷം ആ കുടുംബത്തോടും കുശലാന്വേഷണം നടത്തി.അമ്മയും മകനും മകളുമടങ്ങുന്നതായിരുന്നു ആ കുടുംബം.
”എങ്ങനെയാണ് നിങ്ങളുടെ അപ്പൻ മരിച്ചത്?”
മറുപടി പറഞ്ഞത് മകനായിരുന്നു.”അച്ചാ, തികഞ്ഞ മദ്യപാനിയായിരുന്നു അപ്പൻ. അവസാന നാളുകളിൽ ചോര ഛർദിച്ചാണ് മരിച്ചത്.”
കല്ലറയിലേക്ക് നോക്കിക്കൊണ്ട് വികാരിയച്ചൻ പറഞ്ഞു:”മദ്യം പലരുടെയും ജീവൻ വളരെ നേരത്തെ തന്നെ അപഹരിച്ചതായി എനിക്കറിയാം….. ” അമ്മയേയും സഹോദരിയേയും വീട്ടിലേക്ക് പറഞ്ഞയച്ചതിനുശേഷം മകൻ അവിടെത്തന്നെ നിന്നു.
അവൻ പറഞ്ഞു:”അച്ചാ, നാല്പത്തെട്ടാം വയസിലാണ് അപ്പൻ മരിക്കുന്നത്. സത്യം പറയാലോ,എനിക്കതിൽ ഒട്ടും വിഷമമില്ല. മദ്യപിച്ച് വന്ന് എന്നും ബഹളമായിരുന്നു.ഒടിയാത്ത ഒരു മേശയോ, കസേരയോ വീട്ടിലില്ല. അതുപോലെ തന്നെ ചളുങ്ങാത്ത പാത്രങ്ങളുമില്ല.അമ്മ സഹിച്ചു കൂട്ടിയതിന് കൈകണക്കില്ല. അത്രയ്ക്ക് ക്രൂരനായിരുന്നു. അപ്പൻ മരിച്ചതിന് ശേഷമാണ് അമ്മ മനസു തുറന്നൊന്ന് സംസാരിക്കുന്നതു തന്നെ.ഒരു പുരുഷനും എങ്ങനെയാകരുത് എന്ന പാഠം ഞാൻ പഠിക്കുന്നത് അപ്പനിൽ നിന്നാണ്. ഇങ്ങനെയൊരപ്പൻ ഒരിടത്തും ഉണ്ടാകരുതെന്നാണ് എൻ്റെ പ്രാർത്ഥന.”
എല്ലാ അപ്പന്മാരും അങ്ങനെയല്ലെങ്കിലും ഏതാനും ചിലർ ഇങ്ങനെയുണ്ടെന്നത് വാസ്തവമല്ലെ?
പല അപ്പന്മാരും പറഞ്ഞു കേട്ടിട്ടുണ്ട്:”എൻ്റെ പണം കൊണ്ട് ഞാനിഷ്ടമുള്ളത് ചെയ്യും. എൻ്റെ കുടുംബത്തിലുള്ളവരെ എന്തു ചെയ്യണമെന്ന് എനിക്കറിയാം. ആരും എന്നെ പഠിപ്പിക്കണ്ട….”
ഒരു പുരുഷൻ, എത്രമാത്രം അധപതിച്ചു എന്നതിൻ്റെ തെളിവാണ് മേൽപ്പറഞ്ഞ വാക്കുകൾ.
ജീവിത പ്രതിസന്ധികളിൽ ഒരു വ്യക്തി എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വി.യൗസേപ്പിതാവ്.
തൻ്റെ ഭാര്യയെ അപമാനിക്കാൻ ഇഷ്ടപ്പെടാത്തവൻ. മറിയത്തിൻ്റെയും കുഞ്ഞിൻ്റെയും ജീവന് കാവലാൾ.
എല്ലാത്തിനുമുപരിയായി ദൈവത്തോട് കൂടിയാലോചന നടത്തി തിരുമാനങ്ങളെടുത്തവൻ (Ref മത്താ1:18-25).അപ്പന്മാർ ഔസേപ്പിതാവിനെപ്പോലെ ആകണമെന്നാണ് കുടുംബാംഗങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്.
സമൂഹത്തിന് ഉതപ്പായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അപ്പന്മാരും ചുരുക്കമാകും.എന്നാൽ, സാഹചര്യങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായിട്ടാകാം പലരും മദ്യപാനികളാകുന്നതും വീട്ടിൽ കലഹമുണ്ടാക്കുന്നതും.
ഇങ്ങനെയുള്ളവരിൽ പലരുംതങ്ങളുടെ തെറ്റുകൾ തിരിച്ചറിയുമ്പോൾ അതിൽ നിന്ന് പിന്തിരിയാനാഗ്രഹിക്കുന്നുണ്ടെങ്കിലും പിന്നെയും അതേ തെറ്റിൽ നിപതിക്കുന്നു.അവരുടെ നേരെ ശാപകോപങ്ങൾ അഴിച്ചു വിട്ടാലും അവർ നേരെയാകണമെന്നില്ല.
ചിലരെങ്കിലും പഴയതിനേക്കാൾ മോശം അവസ്ഥയിൽ എത്തിച്ചേരാനാണ് സാധ്യത. അതിനാൽ, കുടുംബങ്ങളുടെ മധ്യസ്ഥനായ വി.യൗസേപ്പിൻ്റെ ജീവിതപാഠങ്ങൾ ഉൾക്കൊണ്ട് നേർവഴിയിലേക്ക് അവരെ നയിക്കാൻ കുടുംബങ്ങളോടൊപ്പം സമൂഹത്തിനും ബാധ്യതയുണ്ട്.
മദ്യംമൂലം വഴിതെറ്റിയലയുന്ന ഒരു അപ്പനെയെങ്കിലും വീണ്ടെടുക്കാൻ സാധിക്കുമോ എന്ന് ഈ ക്രിസ്തുമസ്ക്കാലത്ത് ചിന്തിക്കാം.
ഇല്ലെങ്കിൽ അവർക്കായ് ഒന്നു പ്രാർത്ഥിക്കാനെങ്കിലും പരിശ്രമിക്കാം.

ഫാദർ ജെൻസൺ ലാസലെറ്റ്ഡിസംബർ 20- 2020