ഉക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ ഭാവി

Share News

യുക്രൈനിൽ പഠിക്കാനായി പോയ ഏറെ വിദ്യാർഥികൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ച് എത്തിയല്ലോ. മുഖ്യമന്ത്രി ഇന്ന് സഭയിൽ വെച്ച കണക്കനുസരിച്ചു 3379 വിദ്യാർത്ഥികളാണ് ഉക്രൈനിൽ നിന്നും കേരളത്തിൽ എത്തിയത്. ഈ സാഹചര്യത്തിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ ഉക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ കുട്ടികളെ പറ്റി നിർഭാഗ്യകരമായ കമന്റുകളും ഇടക്ക് കണ്ടു. ഇത് ശരിയല്ല, നമ്മുടെ നാട്ടിലെ സാമൂഹ്യ, സാന്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണ് ഇന്ത്യക്ക് പുറത്തേക്ക് വൻ തോതിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് കുട്ടികളെ ആകർഷിക്കുന്നത്.അത് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. എന്തായാലും തിരിച്ചുവന്ന വിദ്യാർത്ഥികളോട് അനുഭാവപൂർണമായ സമീപനമാണ് ഇപ്പോൾ സമൂഹത്തിന് ഉണ്ടാകേണ്ടത്. ഇവരെ സഹായിക്കുന്ന തരത്തിലാണ് സർക്കാർ നിലപാടുകൾ എടുത്തിട്ടുള്ളത് എന്നതും അതിനായി ബഡ്ജറ്റിൽ പത്തുകോടി രൂപ മാറ്റി വച്ചിട്ടുണ്ടെന്നതും നല്ല കാര്യമാണ്.

ഈ സാഹചര്യത്തിൽ മടങ്ങി വരുന്ന വിദ്യാർഥികളും അവരുടെ കുടുംബങ്ങളും ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ പറയാം.*

സമാനതകൾ ഇല്ലാത്ത അനുഭവം: മലയാളികൾക്ക് ഒട്ടും പരിചയമില്ലാത്തതും ഹോളിവുഡ് സിനിമയിൽ മാത്രം നമ്മുടെ പുതിയ തലമുറ കണ്ടിട്ടുള്ളതുമായ സംഘർഷത്തിലൂടെയാണ് നമ്മുടെ കുട്ടികൾ കടന്ന് പോന്നത്. ഭാഗ്യവശാൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആരുടേയും ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും സംഘർഷത്തിന്റെ, എന്ത് സംഭവിക്കുമെന്നുള്ള അനിശ്ചിതത്വത്തിന്റെ സാഹചര്യം വലിയ മാനസിക സംഘർഷം കുട്ടികളിൽ ഉണ്ടാക്കിയിട്ടുണ്ടാകും എന്നത് ഉറപ്പാണ്.ശരിയായ തരത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ “Post Traumatic Stress Syndrome” എന്ന അവസ്ഥയിലൂടെ പലരും കടന്നുപോയേക്കാം. ഉറക്കം നഷ്ടപ്പെടുന്നത് മുതൽ ആത്മഹത്യക്ക് വരെ ഇത് കാരണമാവുകയും ചെയ്യാം. അതുകൊണ്ട് ആദ്യം തന്നെ ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ടതുമായ ഒന്നാണ് മടങ്ങിവരുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട സൈക്കോളജിക്കൽ സപ്പോർട്ട്. വളരെയധികം ട്രോമയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് ക്രൈസിസ് കൗൺസിലിംഗ് ലഭ്യമാക്കേണ്ടത് അവരുടെയും കുടുംബത്തിന്റെയും മാത്രമല്ല, സ്‌റ്റേറ്റിന്റെ കൂടി ഉത്തരവാദിത്വമാണ്. അതിനായി ജില്ലകൾ കേന്ദ്രീകരിച്ചുള്ള സംവിധാനങ്ങൾ ഒരുക്കുകയും വിദ്യാർത്ഥികൾക്ക് കൂട്ടായും വേണമെങ്കിൽ ഒറ്റക്കൊറ്റയ്ക്കും കൗൺസലിംഗ് സെഷൻസ് നൽകണം. മാനസികാരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന NGO കൾക്കും ഇതിനായി മുൻകൈ എടുക്കാവുന്നതാണ്.

* തുടർവിദ്യാഭ്യാസം: മടങ്ങിവരുന്ന വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസമാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. രണ്ട് സാധ്യതകൾക്കാണ് കുട്ടികൾ തയ്യാറെടുക്കേണ്ടത്. ഒന്ന് നിലവിലെ പ്രശ്നം അവസാനിക്കുന്ന മുറയ്ക്ക് ആ രാജ്യത്തുതന്നെ പോയി പഠനം തുടരുക. എന്നാൽ താൽക്കാലത്തെ സാഹചര്യത്തിൽ ഇത് ഏറെ അനിശ്ചിതത്വമുള്ള കാര്യമാണ്. യുദ്ധം എന്ന് കഴിയുമെന്നോ ആ രാജ്യം പൂർവസ്ഥിതിയിലേക്ക് എത്ര നാളുകൾക്കുള്ളിൽ മടങ്ങിയെത്തുമെന്നോ അറിയില്ല. മറ്റൊന്ന് നാട്ടിൽ തന്നെ തുടർപഠനത്തിനായി തയ്യാറെടുക്കുക എന്നതാണ്. ഇതിന് കേന്ദ്ര ഗവന്മെന്റ് തീരുമാനങ്ങൾ വേണ്ടി വരും. അസാധാരണമായ സാഹചര്യമായതുകൊണ്ടും നമ്മുടെ രാജ്യത്തെ ഇത്രയധികം വിദ്യാർത്ഥികളെ ബാധിക്കുന്ന കാര്യമായതുകൊണ്ടും ഗവൺമെന്റ് തീർച്ചയായും മടങ്ങി വന്ന വിദ്യാർത്ഥികളുടെ തുടർപഠനത്തിനായി ആവശ്യമായ നീക്കങ്ങൾ അടിയന്തിരമായി നടത്തേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.ഇക്കാര്യത്തിൽ അവിടെ നിന്നും തിരിച്ചു വന്ന വിദ്യാർത്ഥികൾക്ക് ചിലത് ചെയ്യാനാകും.ഒന്നാമത്, ഉക്രൈനിൽ നിന്നും തിരിച്ചു വന്ന വിദ്യാർഥികൾ പരസ്പരം ബന്ധപ്പെട്ട് ഒരു കൂട്ടായ്മ ഉണ്ടാക്കുക. ഇൻസ്റ്റാഗ്രാം മുതൽ ലിങ്ക്ഡ് ഇൻ വരെ സമൂഹ മാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാം. ഇവിടെ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യാമല്ലോ. രണ്ടാമത് ഉക്രൈനിൽ നിന്നും തിരിച്ചു വന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം നൽകണമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ, കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി, പ്രധാനമന്ത്രി എന്നിവർക്ക് ഒരുമിച്ച് നിവേദനം നൽകുക

മൂന്നാമത് ഉക്രൈനിൽ നിന്നും തിരിച്ചെത്തിയ, പ്രത്യേകിച്ചും അവസാന വർഷ വിദ്യാർത്ഥികൾക്ക് ഹൌസ് സർജൻസിക്കും മറ്റും സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ അവസരം നൽകണമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരോട് ആവശ്യപ്പെടുക.ഏറെ വിദ്യാർഥികൾ ലോൺ എടുത്താണ് പോയിട്ടുള്ളത്, യുദ്ധ സാഹചര്യം അവരുടെ പ്ലാനുകൾ മുഴുവൻ തെറ്റിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ലോൺ ഒഴിവാക്കിത്തരാൻ ആവശ്യപ്പെടാം.നാലാമത് ഓരോ വിദ്യാർത്ഥിയും അവരുടെ മണ്ഡലത്തിലെ എം. പി. യെയും എം. എൽ. എ. യും സമീപിച്ച് തങ്ങളുടെ ആവശ്യങ്ങൾക്കായി സംസ്ഥാനത്തിലും കേന്ദ്രത്തിലും നൽകിയിട്ടുള്ള നിവേദനങ്ങളുടെ കോപ്പി നൽകുക. കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് അത് പരിഗണിക്കാൻ സമ്മർദ്ദം ചെലുത്താൻ ആവശ്യപ്പെടുക.

അവസാനമായി ഉക്രൈനിൽ നിന്നും വന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരം ഒരുക്കാൻ വേണ്ടി ചില വിദ്യാർഥികൾ കോടതിയെ സമീപിച്ചതായി വായിച്ചു. ഇത് നല്ല കാര്യമാണ്, അവിടെ നിന്നും വന്ന എല്ലാ വിദ്യാർഥികളും ഇതിൽ കക്ഷി ചേരുന്നത് കൂടുതൽ വിജയ സാധ്യത ഉണ്ടാക്കും.മെഡിക്കൽ വിദ്യാഭ്യാസത്തിനായി ആയിരക്കണക്കിന് വിദ്യാർഥികൾ ഉക്രൈനിൽ എത്തിയതും അവശ്യ സാഹചര്യങ്ങളിൽ അവരുടെ അടിസ്ഥാന വിവരങ്ങൾ പോലും സർക്കാരിന്റെ കയ്യിൽ ഇല്ലാതിരുന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഇത് ഉക്രൈനിനെ മാത്രം ബാധിക്കുന്ന വിഷയം അല്ലാത്തതിനാൽ മറ്റൊരിക്കൽ എഴുതാം.

മുരളി തുമ്മാരുകുടി

Share News