ചാന്‍സലര്‍ പദവിയില്‍ നിന്നും മാറ്റിയത് സര്‍ക്കാരിന്റെ സ്വാതന്ത്ര്യം; അറിഞ്ഞത് മാധ്യമങ്ങളിലൂടെ: ഗവര്‍ണര്‍

Share News

ന്യൂഡല്‍ഹി : കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തീരുമാനം നിയമപരമാണോ എന്നതില്‍ പ്രതികരണത്തിനില്ലെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു.

സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ ഒഴിവാക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റി സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കിയത്.

ചാന്‍സലറുടെ അസാന്നിധ്യത്തില്‍, പ്രോ ചാന്‍സലറായ സാംസ്‌കാരിക മന്ത്രി വി എന്‍ വാസവനാണ് ചുമതല നിര്‍വഹിക്കുക. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും തന്നെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചേക്കുമെന്ന് ഗവര്‍ണര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

തന്നെയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെങ്കില്‍ താന്‍ തന്നെ അതിന്റെ വിധികര്‍ത്താവാകില്ല. ഓര്‍ഡിനന്‍സ് കണ്ട ശേഷം തീരുമാനമെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമപരമായി നീങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനമെങ്കില്‍ അത് സ്വാഗതം ചെയ്യുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

Share News